അഴൂര്‍ പെരുമാതുറ കടവ് പാലം അപകടക്കെണിയാകുന്നു;
പെരുമാതുറ: തീരദേശവാസികളെ ചിറയിന്‍കീഴ് മേഖലകളുമായി ബന്ധിപ്പിക്കുന്ന പെരുമാതുറ അഴൂര്‍ കടവ്പാലം അപകടകെണിയാകുന്നു. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ഈ പാലം കഠിനംകുളം കായലിന് കുറുകെയുള്ള പാലമാണ്. പാലത്തിനുള്ളിലെ റോഡിലെ കോണ്‍ക്രീറ്റിങാണ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
പാലത്തിലുടനീളം ഇത്തരത്തില്‍ ചെറുതും വലുതുമായ കുഴികള്‍ വ്യാപകമായിട്ടുണ്ട്. തുടര്‍ച്ചയായ മഴക്കാലം പിന്നിട്ടതോടെ റോഡ് കൂടുതല്‍ തകര്‍ന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. പാലത്തിനുള്ളിലെ റോഡിന്റെ തകര്‍ച്ച വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നതാണ്.
കായലില്‍ നിന്നും വളരെ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഇരുചക്ര വാഹനങ്ങള്‍ പ്രതിദിനം ഈ കുഴികളില്‍പ്പെട്ട് മറിയുന്നുണ്ട്. കുഴിയില്‍പെടുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് പാലത്തിന് പുറത്തേക്ക് പോകുവാനുള്ള സാധ്യതയും ഏറെയാണ്. പെരുമാതുറ, മാടന്‍വിള, മുതലപ്പൊഴി ,കൊട്ടാരംതുരുത്ത്, ഒറ്റപ്പന പ്രദേശത്തു നിന്നുമുള്ള ജനങ്ങള്‍ എല്ലാ കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നത് ചിറയിന്‍കീഴ്, അഴൂര്‍, ആറ്റിങ്ങള്‍ മേഖലകളെയാണ്. ഈ രണ്ട് പഞ്ചായത്തുകളുടേയും ഭാഗമായി വരുന്ന വാര്‍ഡുകളാണ് അഖില പെരുമാതുറക്കരയിലുള്ളത്.
തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പുറമെ ചികിത്സക്ക് ആശ്രയിക്കുന്നതും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയെയാണ്. നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പഠനത്തിന് ഇരുകരകളിലേക്കും പോയി വരുന്നുണ്ട്. പ്രതിദിനം നൂറോളം സ്‌ക്കൂള്‍ കോളജ് വാഹനങ്ങള്‍ മാത്രം ഈ പാലം കടന്ന് പോകുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സി ബസുകളും ഈ റൂട്ടിലോടുന്നുണ്ട്. സമാന്തരമായ ഓട്ടോറിക്ഷ സര്‍വിസും സജീവമാണ്. ഭൂരിപക്ഷം ആള്‍ക്കാരും ഇവിടെ ഓട്ടോറിക്ഷ സര്‍വിസിനെയാണ് ആശ്രയിക്കുന്നത്. പാലത്തിനുള്ളിലെ കുഴികളും അപകടാവസ്ഥയും യാത്രക്കാരെയും നാട്ടുകാരെയും ആശങ്കപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."