സംരക്ഷണമില്ലാതെ പുത്തന്‍ചിറയിലെ പെരിയകുളം നാശത്തിന്റെ വക്കില്‍
പുത്തന്‍ചിറ: സംരക്ഷണമില്ലാതെ പുത്തന്‍ചിറ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലുള്ള പെരിയകുളം നാശത്തിന്റെ വക്കില്‍. പായലും മാലിന്യങ്ങളും നിറഞ്ഞ് പെരിയകുളം ഉപയോശൂന്യമായികൊണ്ടിരിക്കുകയാണ്.
രണ്ടായിരത്തിലാണ് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുളം ഒടുവില്‍ നവീകരിച്ചത്. ശേഷം കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനുള്ളില്‍ വേനലിലും വറ്റാത്ത ഈ ജലസ്രോതസ് സംരക്ഷിക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നിരവധി ആളുകള്‍ കുളിക്കാനും വസത്രങ്ങള്‍ കഴുകുന്നതിനുമെല്ലാം ഉപയോഗിക്കുന്ന പെരിയകുളത്തിലേക്ക് ഇറങ്ങുന്നതിനുള്ള പടവുകള്‍ രണ്ട് ഭാഗത്തും തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ്. ഇത് കാരണം കുളത്തിലേക്ക് ആളുകള്‍ക്ക് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
മഴക്കാലത്ത് നിറഞ്ഞ് കവിയുന്ന കുളത്തിലേക്ക് കാല്‍ വഴുതി വീണ് അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുമുണ്ട്. കുളത്തിന്റേ സംരക്ഷണ ഭിത്തി നാലുഭാഗത്തും തകര്‍ന്ന് കിടക്കുകയാണ്. പാറപെട്ട കുറുങ്ങാംപാടം പാടശേഖരങ്ങളിലെ കൃഷി നനക്കുന്നതിനായും ഈ കുളത്തിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ ബഹുമുഖ ഉപയോഗങ്ങളുള്ള പെരിയകുളം സംരക്ഷണ ഭിത്തിയും പടവുകളും നിര്‍മിച്ച് നവീകരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്ന് പാറപെട്ട കുറുങ്ങാംപാടം പാടശേഖരസമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."