ചെല്‍സി വിജയം തുടരുന്നു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടമുറപ്പിച്ച ചെല്‍സി വിജയം തുടരുന്നു. ഒരു മത്സരം മാത്രം അവശേഷിക്കേ 37ാം പോരാട്ടത്തിലാണ് ചെല്‍സി വിജയം സ്വന്തമാക്കിയത്.
വാട്‌ഫോര്‍ഡിനെ കടുത്ത പോരാട്ടത്തില്‍ 4-3 എന്ന സ്‌കോറിനാണ് നീലപ്പട വീഴ്ത്തിയത്. ചാംപ്യന്‍ ടീമിനെ അവരുടെ തട്ടകത്തില്‍ കയറി വിരട്ടാന്‍ വാട്‌ഫോര്‍ഡിന് സാധിച്ചു. കളിയുടെ അവസാന നിമിഷം വരെ 3-3ന് സമനില പിടിച്ച വാട്‌ഫോര്‍ഡിന്റെ പ്രതീക്ഷകള്‍ സെസ്‌ക്ക് ഫാബ്രിഗസ് അവസാനിപ്പിക്കുകയായിരുന്നു.
കിരീടമുറപ്പിച്ചതിനാല്‍ ഒന്‍പതോളം മാറ്റങ്ങള്‍ വരുത്തിയാണ് അന്റോണിയോ കോണ്ടെ ടീമിനെ ഇറക്കിയത്. വെറ്ററന്‍ താരം ജോണ്‍ ടെറിയാണ് ചെല്‍സിയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ചെല്‍സിയുടെ കുപ്പായത്തില്‍ കരിയറിലെ അവസാന മത്സരങ്ങള്‍ക്കിറങ്ങിയ ടെറി കളിയുടെ 22ാം മിനുട്ടിലാണ് വല ചലിപ്പിച്ചത്. എന്നാല്‍ രണ്ട് മിനുട്ടിനുള്ളില്‍ വാട്‌ഫോര്‍ഡ് മറുപടി ഗോളിലൂടെ ചെല്‍സിയെ ഞെട്ടിച്ചു. 36ാം മിനുട്ടില്‍ അസ്പില്യുക്വേറ്റ ചെല്‍സിയെ വീണ്ടും മുന്നില്‍ കടത്തി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ 2-1 എന്ന നിലയില്‍ ചെല്‍സി മുന്നില്‍. രണ്ടാം പകുതി തുടങ്ങി നാല് മിനുട്ട് പിന്നിട്ടപ്പോള്‍ ബാറ്റ്ഷുവായിലൂടെ ചെല്‍സി വീണ്ടും മുന്നിലെത്തി.
സ്‌കോര്‍ 3-1. എന്നാല്‍ 51ാം മിനുട്ടില്‍ യാന്‍മാറ്റ്, 74ാം മിനുട്ടില്‍ ഒകാക എന്നിവരിലൂടെ വാട്‌ഫോര്‍ഡ് തിരിച്ചടിച്ച് സമനില പിടിച്ചു. 79ാം മിനുട്ടില്‍ ചലോബയെ പിന്‍വലിച്ച് കോണ്ടെ ഫാബ്രിഗസിനെ ഇറക്കിയത് നിര്‍ണായകമായി. കളിയുടെ 88ാം മിനുട്ടില്‍ വല ചലിപ്പിച്ച് സ്പാനിഷ് താരം പരിശീലകന്റെ വിശ്വാസം കാത്തതോടെ ചെല്‍സി മറ്റൊരു വിജയം കൂടി സ്വന്തം അക്കൗണ്ടിലേക്ക് ചേര്‍ത്തുവച്ചു.
അവിസ്മരണീയം ടെറി
ചെല്‍സിയുടെ കുപ്പായത്തില്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ തന്റെ അവസാന മത്സരത്തിനിറങ്ങിയ ക്ലബിന്റെ ഇതിഹാസ താരം ജോണ്‍ ടെറി വിട വാങ്ങല്‍ മത്സരം അവിസ്മരണീയമാക്കി. സീസണില്‍ പലപ്പോഴും ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന മുന്‍ നായകന്‍ വാട്‌ഫോര്‍ഡിനെതിരായ പോരാട്ടത്തില്‍ ആദ്യ പതിനൊന്നില്‍ ഇടം കണ്ടു. 22ാം മിനുട്ടില്‍ ഗോള്‍ നേടി സ്വന്തം തട്ടകത്തിലെ അവസാന പോരാട്ടം ഓര്‍മയില്‍ നില്‍ക്കുന്നതാക്കി മാറ്റാന്‍ വെറ്ററന്‍ താരത്തിന് സാധിച്ചു. 1998ല്‍ ചെല്‍സിയുടെ കുപ്പായത്തില്‍ അരങ്ങേറിയ ടെറി 716 മത്സരങ്ങളിലായി ടീമിന് വേണ്ടി ഇറങ്ങി 67 ഗോളുകളും നേടി. അതേസമയം ചെല്‍സിയിലെ കരിയര്‍ മാത്രമേ അവസാനിച്ചിട്ടുള്ളൂവെന്നും ഫുട്‌ബോളില്‍ തുടരുമെന്നും 36കാരനായ താരം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."