ആസ്‌ത്രേലിയയില്‍ കുട്ടികള്‍ക്ക് ഗ്വാണ്ടനാമോ മോഡല്‍ പീഡനം
സിഡ്‌നി: ആസ്‌ത്രേലിയയില്‍ ഗ്വാണ്ടനാമോ മാതൃകയിലുള്ള പീഡനത്തിന് കൗമാരക്കാര്‍ ഇരയായതായി റിപ്പോര്‍ട്ട്. 2010 നും 2012 നും ഇടയിലാണ് സംഭവം. 13 ഉം 14 ഉം വയസുള്ള ആണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ (എ.ബി.സി)യാണ് പീഡനം പുറത്തുവിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രിസണ്‍ ഗാര്‍ഡ് നടത്തിയ പീഡനത്തെ കുറിച്ച് റോയല്‍ കമ്മിഷനാണ് അന്വേഷിക്കുക.
നഗ്നരാക്കിയശേഷം കൈകാലുകള്‍ ബന്ധിപ്പിച്ച് കണ്ണീര്‍വാതകം പ്രയോഗിക്കല്‍ പോലുള്ളവയാണ് പീഡനമുറകള്‍. പ്രായപൂര്‍ത്തിയാവാത്തവരെ ഇത്തരത്തില്‍ പീഡിപ്പിച്ചത് അന്താരാഷ്ട്ര നിയമത്തിന് എതിരാണ്. വടക്കന്‍ ആസ്‌ത്രേലിയയിലാണ് പീഡനം നടന്നത്. എല്ലാ ആസ്‌ത്രേലിയക്കാരെയും പോലെ താനും സംഭവമറിഞ്ഞ് സ്തബ്ധനായി എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ റോയല്‍ കമ്മിഷനെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
ഡോണ്‍ ഡാല്‍ സെന്ററില്‍ 2014 ല്‍ പിടികൂടിയ ആറു കുട്ടികളില്‍ രണ്ടു പേരാണ് പീഡനത്തിനിരയായതെന്ന് സ്ഥിരീകരിച്ചു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാനാണ് ഇവരെ ബന്ധിച്ചതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വടക്കന്‍ ആസ്‌ത്രേലിയന്‍ പ്രവിശ്യയിലെ മുഖ്യമന്ത്രി ആദം ഗിലിസ് പറഞ്ഞു. ഉന്നതതല സ്വതന്ത്ര അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."