മഞ്ചേരിയില്‍ നശിച്ചത് നൂറുകണക്കിന് വൃക്ഷത്തൈകള്‍
മഞ്ചേരി: കോടിക്കണക്കിന് രൂപ വിനിയോഗിച്ച് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ നടപ്പിലാക്കാതെ മഞ്ചേരി നഗരസഭ. സര്‍ക്കാര്‍ പ്രഖ്യാപിച്ച വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്കായി എത്തിച്ച നൂറുകണക്കിന് വിവിധയിനം തൈകളാണ് നഗരസഭയുടെ കൗണ്‍സില്‍ ഹാളിന് പുറക് വശത്ത് കൂട്ടിയിട്ടിരിക്കുന്നത്.
മഹാഗണി, കൊന്ന, പുളി, നെല്ലി, ലക്ഷമിതരു, മാവ്, പല്‍വ്, തുടങ്ങിയ വിവിധയിനം തൈകളാണ് നഗരസഭാ പരിസരത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. തൈകള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയുണ്ടായിട്ടും അധികൃതര്‍ കാണിച്ച നിരുത്തരവാദപരമായ സമീപനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നഗരസഭയുടെ മുറ്റത്ത് കൂട്ടിയിട്ട തൈകളില്‍ ഏറെയും നശിച്ച നിലയിലുമാണ്. പകുതിയിലധികവും കരിഞ്ഞുണങ്ങിയിട്ടുണ്ട്.
നഗരസഭയിലെ ഓരോ വാര്‍ഡിലും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാതയോരങ്ങളിലും മറ്റും നടുന്നതിനും ആവശ്യക്കാര്‍ക്ക് നല്‍കുന്നതിമായാണ് തൈകള്‍ എത്തിച്ചത്. എന്നാല്‍ ഭാവിയില്‍ പ്രകൃതിക്ക് തണല്‍ വിരിക്കേണ്ട വൃക്ഷത്തൈകള്‍ അധികൃതരുടെ അവഗണനയേറ്റ് കരിഞ്ഞുണങ്ങിയിരിക്കുകയാണ്. തൈകള്‍ സമയ ബന്ധിതമായി വിതരണം ചെയ്തിട്ടുണ്ടെന്ന് നഗരസഭാ അധികൃതര്‍ പറയുന്നുണ്ടെങ്കിലും കുറച്ചു തൈകള്‍ മാത്രമാണ് ക്ലബ് പ്രവര്‍ത്തകര്‍ക്കും ആവശ്യക്കാര്‍ക്കും നല്‍കിയിട്ടുള്ളത്.
തൈകള്‍ നശിച്ചുതീരും മുന്‍പ് അടിയന്തരമായി നടുകയോ ആവശ്യക്കാര്‍ക്കു നല്‍കുകയോ ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരിന്നുവെങ്കിലും അധികൃതര്‍ ചെവികൊണ്ടില്ല. ഓരോ വര്‍ഷവും ആയിരണക്കിന് തൈകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും തദ്ധേശ സ്ഥാപനങ്ങളുടെ നിസംഗത മനോഭാവം മൂലം ഒന്നും പച്ചപിടിക്കാതെ പോവുകയാണ്. തൈകള്‍ ശരിയായ രീതിയില്‍ വിതരണം ചെയ്യാനോ പരിപാലനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനോ നഗരസഭ മടിച്ചതോടെ നൂറുകണക്കിന് പ്ലാസ്റ്റിക് കവറുകള്‍ കൂടി നഗരസഭാ പരിധിയില്‍ എത്തിയത് മാത്രമാണ് മിച്ചം.
അതേ സമയം പരമാവധി തൈകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ഉപകാരമില്ലാത്ത മരത്തൈകളാണ് നഗരസഭയുടെ മുറ്റത്തുള്ളത് എന്നാണ് നഗരസഭാ അധ്യക്ഷ വി.എം സുബൈദയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."