തിരു. വിമാനത്താവള വികസനം; പഠന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് സമൂഹ്യാഘാത പഠന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി പട്ടികജാതിവര്‍ഗ വകുപ്പു മന്ത്രി എ.കെ. ബാലന്‍ നിയമസഭയെ അറിയിച്ചു. ഒ. രാജഗോപാലിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വികസനത്തിനായി പേട്ട-മുട്ടത്തറ വില്ലേജുകളില്‍ നിന്നും 18.53 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്കായി സ്‌പെഷ്യല്‍ തഹസീല്‍ദാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നടപടികള്‍ നടന്നു വരികയാണ്.
എന്നാല്‍, സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്ന് കാട്ടി ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടലുണ്ടായി. ഇതോടെ സ്ഥലം ഏറ്റെടുക്കല്‍ നടപടി തടസപ്പെട്ടു. സ്ഥലമേറ്റെടുക്കുന്ന ഭാഗത്തുണ്ടാകാന്‍ സാധ്യതയുള്ള സാമൂഹ്യാഘാതത്തെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷ്യല്‍ തഹസീല്‍ദാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി നടത്തേണ്ടിയിരുന്ന സര്‍വേ എതിര്‍പ്പുകളെ തുടര്‍ന്ന് തടസ്സപ്പെടുകയും ചെയ്തു.
ഭൂ ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടം കണക്കാക്കി, ഭൂമിക്ക് പൊന്നുംവില നല്‍കുന്നതിനുള്ള നടപടികള്‍ക്കായാണ് സാമൂഹ്യാഘാത പഠനം നടത്താന്‍ തീരുമാനിച്ചത്. പഠന റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് നടപടി എടുക്കുമെന്നു മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."