ഉപകാരികളായ തീവ്രവാദി ശത്രുക്കള്‍
ശത്രുക്കളെപ്പോലും സ്‌നേഹിക്കണമെന്ന് ഉദ്‌ബോധിപ്പിച്ച ചില മതങ്ങളും മഹാത്മാക്കളുമൊക്കെയുണ്ട്. സംഗതി നല്ലൊരു കാര്യമാണെങ്കിലും ബഹുഭൂരിപക്ഷമാളുകളും അതു പാലിക്കാറില്ല. എന്നാല്‍, അതു സ്വീകരിച്ച കുറച്ചു തീവ്രവാദികളും ഭീകരവാദികളും ഈ ലോകത്തുണ്ട്. ചില നിര്‍ണായക ഘട്ടങ്ങളില്‍ അവര്‍ ശത്രുക്കള്‍ക്ക് ഉപകാരികളായി മാറും.
ഇക്കൂട്ടര്‍ ആക്രമണങ്ങള്‍ നടത്തുന്ന സന്ദര്‍ഭങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ. അവരെ കൊന്നൊടുക്കാന്‍ അരയും തലയും മുറുക്കി നില്‍ക്കുന്ന ഭരണകൂടങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന സന്ദര്‍ഭങ്ങളിലാണ് അവര്‍ എ.കെ 47 തോക്കും വലിയ പടക്കങ്ങളുമൊക്കെയായി ഇറങ്ങിത്തിരിക്കുന്നത്. മുസ്‌ലിംകളുടെ പേരില്‍ നടക്കുന്ന തീവ്രവാദത്തിന്റെ കടുത്ത ശത്രുക്കളാണ് ബി.ജെ.പിക്കാരെന്നാണല്ലോ നമ്മളൊക്കെ കേട്ടറിവ്. രാവിലെ എഴുന്നേറ്റ് പല്ലുതേക്കുന്നതിനു മുമ്പ് പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയ്‌ക്കെതിരേ എന്തെങ്കിലും തെറിപറഞ്ഞാണ് ഓരോ ബി.ജെ.പിക്കാരനും ദിവസം തുടങ്ങുന്നത്. അങ്ങനെയൊക്കെയുള്ള പാര്‍ട്ടിയുടെ നേതാവായിരുന്ന എ.ബി വാജ്‌പേയ് നയിച്ച കേന്ദ്ര സര്‍ക്കാര്‍ വലിയൊരു പ്രതിസന്ധി നേരിട്ട ഘട്ടത്തിലാണ് കാര്‍ഗില്‍ അതിര്‍ത്തി വഴി ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. നരേന്ദ്രമോദിയുടെ ഒന്നാം സര്‍ക്കാര്‍ നോട്ട് നിരോധനവും മറ്റുമായി വന്‍തോതില്‍ ജനരോഷം സമ്പാദിച്ച് പാര്‍ലമെന്റ് തെരഞ്ഞടുപ്പിന് ഒരുങ്ങുന്ന വേളയില്‍ പുല്‍വാമയില്‍ ഇതേ കൂട്ടര്‍ സൈനിക വ്യൂഹത്തിനു നേരെ ആക്രമണം നടത്തി. മറ്റെല്ലാം മറന്ന് ജനതയുടെ ശ്രദ്ധ അങ്ങോട്ടായി. മോദി ദേശഭക്തിയുടെ കിടിലന്‍ ഡയലോഗുകള്‍ പറയാന്‍ തുടങ്ങി. അതിന്റെ ചൂടില്‍ സര്‍ക്കാരിനെതിരായ ജനരോഷം വലിയൊരളവ് മാഞ്ഞുപോയി.
ഭീകരര്‍ക്ക് ബി.ജെ.പിയെന്നോ കോണ്‍ഗ്രസെന്നോ ഒന്നുമുള്ള പക്ഷഭേദമില്ല. ഭരിക്കുന്നത് ആരായാലും ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ആയുധവുമായെത്തും. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഇതുപോലെ പ്രതിസന്ധി നേരിട്ട ഘട്ടത്തിലാണല്ലോ മുംബൈ ഭീകരാക്രമണമുണ്ടായത്. അതുപോലെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രയാസത്തിലായ ഘട്ടങ്ങളിലെല്ലാം തന്നെ ഭീകരവാദികള്‍ പടക്കം പൊട്ടിച്ച് അതിന്റെ വര്‍ണപ്രഭയിലേക്ക് ജനശ്രദ്ധ തിരിച്ചുവിട്ടിട്ടുണ്ട്. ഇതുപോലെ പാകിസ്താനിലെ സര്‍ക്കാരുകള്‍ പ്രതിസന്ധിയിലായ ഘട്ടങ്ങളിലുമുണ്ടായിട്ടുണ്ട് അതിര്‍ത്തിയില്‍ കിടിലന്‍ ഭീകരാക്രമണങ്ങള്‍.
അതിര്‍ത്തിയില്‍ നിന്ന് ഏറെ ദൂരെയായതുകൊണ്ടാവാം, നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഇതുപോലെ മുന്തിയ ഇനം ആയുധങ്ങളുമായി നടക്കുന്ന പാകിസ്താന്‍ സ്‌പോണ്‍സേര്‍ഡ് തീവ്രവാദികളെ കാണാറില്ല. എന്നുകരുതി ഇവിടെ തീവ്രവാദികളെ മരുന്നിനു പോലും കിട്ടാനില്ലെന്നൊന്നും കരുതരുത്. പഴയ നാടന്‍ തോക്കുകളും നാടന്‍ ബോംബുകളും കൈയിലുള്ള മാവോയിസ്റ്റുകള്‍ എന്നൊരിനം കൂട്ടര്‍ ഇത്തിരിയൊക്കെ ഇവിടെയുണ്ട്. സംസ്ഥാന അതിര്‍ത്തികളിലെ കാടുകളിലാണ് ഇവരുള്ളത്. വളരെ കുറച്ചുപേരാണെങ്കിലും അക്കൂട്ടത്തില്‍ അധികവും തമിഴ്‌നാട്ടുകാരോ തെലുങ്കരോ ഒക്കെയാണ്. അതുപിന്നെ കേരളത്തില്‍ ഭൂരിഭാഗം പണികളുമെടുക്കുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണല്ലോ. അതുപോലുള്ള ഇതരസംസ്ഥാന വിപ്ലവകാരികളെന്ന് വേണമെങ്കില്‍ ഇവരെ വിളിക്കാം.
പറഞ്ഞുവരുമ്പോള്‍ ഇവര്‍ ഭരണകൂടങ്ങളുടെയൊക്കെ ശത്രുക്കളാണെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ ജീവന്‍ കൊടുത്തുപോലും കേരള സര്‍ക്കാരിന്റെ രക്ഷയ്‌ക്കെത്താറുണ്ട്. ഇപ്പോള്‍ കേരളം ഭരിക്കുന്നത് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ സര്‍ക്കാരായതുകൊണ്ട് ദരിദ്രനാരായണന്‍മാരായ മാവോയിസ്റ്റുകള്‍ക്ക് അതിനോട് മമത തോന്നുന്നത് സ്വാഭാവികമാണല്ലോ. ദാരിദ്ര്യമെന്നുള്ളതറിഞ്ഞവര്‍ക്കേ പേരില്‍ പരക്ലേശ വിവേകമുള്ളൂ എന്നൊക്കെ പണ്ട് കവി പാടിയിട്ടുണ്ടല്ലോ. വാളയാറിലെ രണ്ടു പിഞ്ചു പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനു വിധേയരാക്കി കൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിടുകയും അന്വേഷണത്തില്‍ കൃത്രിമം കാണിച്ചതുകൊണ്ടാണത് സംഭവിച്ചതെന്ന ആരോപണം പരക്കെ ഉയരുകയും ചെയ്ത കാലമായിരുന്നല്ലോ അത്. സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിഷേധം നേരിട്ടു നില്‍ക്കുന്ന ആ സമയത്താണ് മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റ് സംഘം പാവപ്പെട്ട തണ്ടര്‍ബോള്‍ട്ട് പൊലിസുകാരെ ആക്രമിച്ചത്. അളയില്‍ കുത്തിയാല്‍ തണ്ടര്‍ബോള്‍ട്ടും കടിക്കുമല്ലോ. അവര്‍ തിരിച്ചാക്രമിച്ചു. നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അതോടെ നാട്ടുകാര്‍ വാളയാറിനെ മറന്ന് മാവോയിസ്റ്റ് വേട്ടയുടെ അപസര്‍പ്പക കഥകളിലേക്ക് തിരിഞ്ഞു.
ഏതാണ്ട് ഇതൊക്കെത്തന്നെയാവണം കഴിഞ്ഞ ചൊവ്വാഴ്ച വയനാട്ടിലും സംഭവിച്ചത്. അവിടെ ബാണാസുര മലയില്‍ തമിഴ്‌നാട്ടുകാരായ ഏതാനും മാവോയിസ്റ്റുകള്‍ കുടിയേറി ഇടയ്‌ക്കൊക്കെ പരിസരത്തെ വീടുകളില്‍ ചെന്ന് അരിയും പരിപ്പും മുളകുപൊടിയും വെളിച്ചെണ്ണയുമൊക്കെ ഇരന്നുവാങ്ങി കഞ്ഞിവച്ചു കുടിച്ച് ജീവിച്ചുവരികയായിരുന്നു. ഭിക്ഷാടനം അവരുടെ ദാര്‍ശനിക പാരമ്പര്യമാണ്. ആ പാരമ്പര്യം അന്വേഷിച്ചു പോയാല്‍ സാക്ഷാല്‍ ബുദ്ധനിലെത്താനാണ് സാധ്യത. ബുദ്ധിസത്തിന്റെ ചൈനീസ് എഡിഷനിലെ ചില അദ്ധ്യായങ്ങള്‍ കമ്യൂണിസത്തോടു കൂടിച്ചര്‍ന്നാണ് മാവോ ചിന്തകള്‍ രൂപംകൊണ്ടതെന്ന് കേട്ടിട്ടുണ്ട്. അതെന്തെങ്കിലുമാവട്ടെ, നമുക്ക് ബാണാസുര മലയിലേക്കു തന്നെ പോകാം.
അവിടെ ഇതരസംസ്ഥാന വിപ്ലവകാരികളെ കണ്ടുകിട്ടിയാല്‍ ഓടിച്ചിട്ട് നോവിക്കാതെ പിടികൂടി കൊണ്ടുപോകാന്‍ വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു സാത്വികരായ തണ്ടര്‍ബോള്‍ട്ടുകാര്‍. അവര്‍ വരുന്നത് ദൂരെ നിന്ന് കണ്ടപ്പോള്‍ വേല്‍മുരുകനെന്ന ഒരു മാവോയിസ്റ്റ് ഓടിവന്ന് കൈയിലുണ്ടായിരുന്ന നാടന്‍തോക്കുകൊണ്ട് വെടിവയ്പ്പു തുടങ്ങി. 'തണ്ടര്‍ബോള്‍ട്ടല്ലേടാ പറയുന്നത്, തോക്ക് താഴെയിടെടാ' എന്നൊക്കെ അവര്‍ പറഞ്ഞുനോക്കിയിട്ടും വേല്‍മുരുകനുണ്ടോ കേള്‍ക്കുന്നു. സഹികെട്ട് തണ്ടര്‍ബോള്‍ട്ട് തിരിച്ച് മൃദുവായി വെടിവച്ചു. വേല്‍മുരുകന്‍ കൊല്ലപ്പെട്ടു.
പഴയ നാടന്‍തോക്കുമായി മുന്തിയ ഇനം ആധുനിക ആയുധങ്ങളുള്ള തണ്ടര്‍ബോള്‍ട്ടിനെ ആക്രമിക്കാന്‍ പോകുന്നത് മണ്ടത്തരമല്ലേ എന്നൊക്കെ ചിലര്‍ ചോദിച്ചേക്കും. വിപ്ലവകാരികളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണത്. സായുധ പോരാട്ടത്തില്‍ ഇടംവലം നോട്ടമില്ല. അതുകൊണ്ടു തന്നെയാണ് വയലാര്‍ വിപ്ലവകാരികള്‍ വാരിക്കുന്തങ്ങളുമായി അക്കാലത്തെ ഏറ്റവും മുന്തിയ ഇനം തോക്ക് കൈവശമുള്ള പട്ടാളത്തിനു നേരെ പോരിനു ചെന്നത്. അതുമൊരു മണ്ടത്തരമായിരുന്നെന്ന് പറഞ്ഞവര്‍ പലരുമുണ്ടെങ്കിലും അതൊന്നും വകവച്ചു കൊടുക്കാനാവില്ലല്ലോ.
കേരളത്തിലെ ഇടതു സര്‍ക്കാരും അതിനെ നിയന്ത്രിക്കുന്ന സി.പി.എമ്മും കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് വേല്‍മുരുകന്‍ രക്ഷയ്‌ക്കെത്തിയത്. സര്‍ണക്കടത്തിന്റെയും മയക്കുമരുന്ന് കച്ചവടത്തിന്റെയുമൊക്കെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ വീട്ടിലേക്കു കയറാനുമൊക്കെ ഒരുങ്ങിനില്‍ക്കുന്ന ദിവസം. ഇതെല്ലാം ചാനലുകളില്‍ ബ്രേക്കിങ്ങായി ബ്രേക്കില്ലാതെ പായുന്നു. സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പോരാളി ഷാജിമാര്‍ പറഞ്ഞുനില്‍ക്കാന്‍ പാടുപെട്ട് വിയര്‍ക്കുന്നു. ആ സമയത്താണ് വയനാട്ടില്‍ മാവോയിസ്റ്റുകള്‍ തോക്കുമായി ചാടിവീഴുന്നത്. പെട്ടെന്ന് ബ്രേക്കിങ്ങിന് ബ്രേക്ക് വീഴുന്നു. സമൂഹമാധ്യമങ്ങളില്‍ സൈബര്‍ താര്‍ക്കികര്‍ സ്വര്‍ണക്കടത്തും മയക്കുമരുന്നുമൊക്കെ വിട്ട് വയനാട്ടിലേക്ക് തിരിയുന്നു. കുറച്ചു നേരത്തേക്കെങ്കിലും സര്‍ക്കാരിന് ഇത്തിരി സമാധാനമാകുന്നു.
പതിവുപോലെ ചില മനുഷ്യാവകാശക്കാരും ആധുനിക ബുദ്ധിജന്തുക്കളുമൊക്കെ ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നു പറഞ്ഞ് ബഹളമുണ്ടാക്കുന്നുണ്ട്. എന്നാല്‍ പൊലിസിനെ മാവോയിസ്റ്റുകള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പാവം തണ്ടര്‍ബോള്‍ട്ടുകാര്‍ തിരിച്ചാക്രമിച്ചതാണെന്ന പച്ചപ്പരമാര്‍ഥം മുഖ്യമന്ത്രിയും പൊലിസ് അധികാരികളുമൊക്കെ വെട്ടിത്തുറന്നു പറഞ്ഞുകഴിഞ്ഞു. എന്നിട്ടും ചിലര്‍ സമ്മതിക്കുന്നില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്തതുകൊണ്ടാണ്.
പലതായി തിരിഞ്ഞ് എന്തെങ്കിലുമൊക്കെ വിളിച്ചുപറയുന്നുണ്ടെങ്കിലും ഭരിക്കുന്ന കൂട്ടരും മാവോയിസ്റ്റുകളുമൊക്കെ കമ്യൂണിസ്റ്റ് കുടംബ താവഴിയില്‍പെട്ടവരാണ്. വേല്‍മുരുകന് സി.പി.ഐയും സി.പി.എമ്മുമൊക്കെ 'സെങ്കൊടി കട്ചി'കളാണ്. വേല്‍മുരുകന്‍ പിടിക്കുന്നതും 'സെങ്കൊടി' തന്നെയാണ്. ഒരേ കുടുംബത്തിലുള്ളവര്‍ എന്തെങ്കിലുമൊക്കെ കാര്യത്തിന് പിണങ്ങിയേക്കാം. അതെല്ലാം അവരുടെ കുടംബകാര്യമാണ്. എന്നാല്‍ കൂട്ടത്തിലാര്‍ക്കെങ്കിലും ഒരു അത്യാപത്ത് നേരിട്ടാല്‍ രക്ഷയ്‌ക്കെത്തിയെന്നിരിക്കും. പ്രത്യയശാസ്ത്രത്തെ സംരക്ഷിക്കാന്‍ ജീവന്‍ ബലിനല്‍കാന്‍ മടിയില്ലാത്തവരാണ് കമ്യൂണിസ്റ്റുകാരെന്ന് ചരിത്രം വായിച്ചാല്‍ ഏതു തണ്ടര്‍ബോള്‍ട്ട് പൊലിസുകാരനും മനസിലാകും. അങ്ങനെ സ്വന്തം ബന്ധുക്കളുടെ ഭരണം വലിയൊരു പ്രതിസന്ധി നേരിട്ടപ്പോള്‍ ശത്രുക്കളുടെ കേന്ദ്രീകൃത ആക്രമണം വഴിതിരിച്ചുവിടാന്‍ വേല്‍മുരുകന്‍ ചാടിവീണ് രക്തസാക്ഷിത്വം വരിക്കുകയാണുണ്ടായത്.
അല്ല, വേണമെങ്കില്‍ കഥ ഇങ്ങനെയുമാവാമല്ലോ. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്നും മറ്റുമുള്ള ചോദ്യങ്ങളുമായി ആരും വന്നേക്കരുത്. കഥയില്‍ ചോദ്യമില്ലെന്ന് അറിയാമല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."