'അഴിമതിക്കെതിരേ ഒരു വോട്ട് '; യു.ഡി.എഫിന്റെ പ്രചാരണ മുദ്രാവാക്യം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: 'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
സര്‍ക്കാരും സി.പി.എമ്മും മൂക്കറ്റം അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്നും ജനങ്ങളെ നേരിട്ടു കണ്ട് വോട്ട് ചോദിക്കാന്‍പോലും പറ്റാത്ത അവസ്ഥയിലാണെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുല്ലപ്പള്ളി പറഞ്ഞു. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളി. പി.ആര്‍ ഏജന്‍സി ഉപയോഗിച്ച് പ്രതിച്ഛായ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പി.ആര്‍.ഡിയെ മറികടന്ന് കിഫ്ബിയാണ് പരസ്യം നല്‍കുന്നതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
ജനങ്ങള്‍ക്ക് ഏറെ പ്രയോജനം കിട്ടേണ്ട പദ്ധതികളില്‍ വന്‍ തട്ടിപ്പും വെട്ടിപ്പും നടത്തിയതിനെതിരേ അതിശക്തമായ ജനരോഷം ഉയരുന്ന സാഹചര്യത്തിലാണ് അഴിമതിക്കെതിരേ ഒരു വോട്ട് എന്ന സന്ദേശവുമായി ജനങ്ങളിലേക്ക് എത്തുന്നത്. കൊവിഡ് പ്രതിരോധത്തിലെ ഗുരുതരമായ സര്‍ക്കാര്‍ വീഴ്ചകളും ജനങ്ങളിലെത്തിക്കും. ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളും ജനങ്ങളിലേക്കെത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മികച്ച സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കും. യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കും. ഘടകകക്ഷികള്‍ക്ക് മികച്ച പരിഗണന നല്‍കും. പ്രകടന പത്രിക ഉടനേ പുറത്തിറക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.മേയര്‍മാര്‍, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ എന്നിവരെ പാര്‍ട്ടി തീരുമാനിക്കും. അതിന് മുന്‍പ് സ്വയം ആരെങ്കിലും ഈ സ്ഥാനം പ്രഖ്യാപിച്ചാല്‍ അവരെ അയോഗ്യരാക്കും. അവരെ പാര്‍ട്ടി തിരിച്ചെടുക്കില്ല. വിമതരെ പ്രോത്സാഹിപ്പിക്കില്ല. ധീവരസഭയുമായി നടത്തിയ ചര്‍ച്ചയില്‍ അവരുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കാന്‍ തീരുമാനമായെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."