ഉത്തരവ് മാണിക്കെതിരേ തിരിച്ചടി സര്‍ക്കാരിന്
തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കെ മാണിയുടെ ബാര്‍ കോഴയ്‌ക്കെതിരേ അതിശക്തമായ പ്രക്ഷോഭം നടത്തിയ എല്‍.ഡി.എഫിന്റെ ഭരണകാലത്ത് വിജിലന്‍സ് നല്‍കിയ കേസൊഴിവാക്കല്‍ (റഫര്‍) റിപ്പോര്‍ട്ട് കോടതി തള്ളിയത് സംസ്ഥാന സര്‍ക്കാരിന് നാണക്കേടായി. ഉത്തരവ് മാണിക്കെതിരേയാണെങ്കിലും തിരിച്ചടിയുണ്ടായിരിക്കുന്നത് സര്‍ക്കാരിനാണ്.
യു.ഡി.എഫ് ഭരണകാലത്ത് മാണി ധന, നിയമകാര്യ മന്ത്രിയായിരിക്കെയാണ് ബാര്‍ കോഴ കേസ് ഉണ്ടായത്. 418 ബാറുകളുടെ റദ്ദാക്കപ്പെട്ട ലൈസന്‍സ് പുനഃസ്ഥാപിക്കാന്‍ മാണി ബാര്‍ ഉടമകളില്‍ നിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. ഇതിനെക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ് മാണിക്കെതിരേ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തുകയും കോടതിയില്‍നിന്നുണ്ടായ പ്രതികൂല പരാമര്‍ശത്തെ തുടര്‍ന്ന് മാണിക്കു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരികയും ചെയ്തു.
ബാര്‍ കോഴ പരാതി ഉയര്‍ന്നു വന്ന ദിവസം മുതല്‍ മാണിയുടെ രാജിക്കായി പ്രക്ഷോഭത്തിലായിരുന്നു അന്നു പ്രതിപക്ഷത്തായിരുന്ന ഇടതുമുന്നണി. മാണിയുടെ രാജിയില്ലാതെ സന്ധിയില്ലെന്ന വാശിയോടെയാണ് എല്‍.ഡി.എഫ് നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തിയത്. മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ പ്രതിപക്ഷം നടത്തിയ പ്രക്ഷോഭം സ്പീക്കറുടെ കസേര പോലും വലിച്ചെറിയുന്ന രീതിയിലേക്ക് അതിരു കടന്നു.
ബാര്‍ കോഴ ആയുധമാക്കി നടത്തിയ പ്രചാരണത്തിന്റെ ബലത്തില്‍ അധികാരത്തിലേറിയ എല്‍.ഡി.എഫ് പിന്നീടു മാണിയുടെ കാര്യത്തില്‍ മലക്കം മറിയുന്നതാണു കണ്ടത്. മാണിയെ എല്‍.ഡി.എഫിലേക്ക് ആകര്‍ഷിക്കാന്‍ രഹസ്യവും പരസ്യവുമായ നീക്കം തകൃതിയായി നടന്നു. ഇതിനിടയില്‍, ബാര്‍കോഴ കേസും അട്ടിമറിയുകയായിരുന്നു. മാണിക്കെതിരേ ആവശ്യത്തിലേറെ തെളിവുണ്ടെന്ന് ആദ്യഘട്ടത്തില്‍ അവകാശപ്പെട്ട വിജിലന്‍സ് പിന്നീട് തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്ന് റിപ്പോര്‍ട്ട് കൊടുത്തു.
ഇതു സര്‍ക്കാരിന്റെ രാഷ്ട്രീയനിലപാടു മാറ്റമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ സ്വസ്ഥമായെന്നു കണ്ട മാണി യു.ഡി.എഫിലേക്കു ചുവടുമാറി. ആ രാഷ്ട്രീയതിരിച്ചടിക്കു പിന്നാലെയാണ് കോടതിയില്‍നിന്നുള്ള ഈ തിരിച്ചടി.
വിജിലന്‍സിന് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിജിലന്‍സിനെതിരേ കോടതിയുടെ രൂക്ഷവിമര്‍ശനം. അന്വേഷണോദ്യോഗസ്ഥനായ കെ.ഇ ബൈജു കേസ് ശരിയായി അന്വേഷിച്ചില്ലെന്നു ജഡ്ജി അജിത്കുമാര്‍ വിധി പ്രസ്താവത്തില്‍ പറഞ്ഞു.
ജനപ്രതിനിധികള്‍ക്കും സര്‍ക്കാരുദ്യോഗസ്ഥര്‍ക്കുമെതിരേ അന്വേഷണം നടക്കുന്നതിനു മുമ്പു സര്‍ക്കാരിന്റെ അനുമതി വേണമെന്ന ഭേദഗതി അഴിമതി നിരോധന നിയമത്തിലുള്ളതിനാല്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങി നിലപാടറിയിക്കാന്‍ വിജിലന്‍സിനോടു കോടതി ആവശ്യപ്പെട്ടു. കേസ് ഡിസംബര്‍ 10നു പരിഗണിക്കും.
കെ.എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം വേണമെന്ന ആവശ്യവുമായി വി.എസ് അച്യുതാനന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, ബാറുടമ ബിജു രമേശ്, ബി.ജെ.പി നേതാവ് വി. മുരളീധരന്‍, നോബിള്‍ മാത്യു, സണ്ണി മാത്യു എന്നിവരാണു കോടതിയില്‍ തടസ ഹരജി നല്‍കിയിരുന്നത്.
തുടരന്വേഷണത്തിന് ഉത്തരവ് നല്‍കിയാല്‍ പുതിയ നിയമഭേദഗതി തടസമാവില്ലെന്നു വിജിലന്‍സ് പ്രോസിക്യൂട്ടര്‍ വി.വി അഗസ്റ്റ്യന്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും തുടരന്വേഷണം ആവശ്യമില്ലെന്നായിരുന്നു വിജിലന്‍സ് സ്വീകരിച്ചത്. പണം നല്‍കിയെന്ന കാര്യം ഒരു സാക്ഷിപോലും മൊഴി നല്‍കിയിട്ടില്ലെന്നും ബിജു രമേശ് ഹാജരാക്കിയ സിഡിയില്‍ കൃത്രിമമുണ്ടെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായും അതുകൊണ്ട് കേസ് അവസാനിപ്പിക്കണമെന്നുമായിരുന്നു വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ അറിയിച്ചിത്. വിജിലന്‍സിന്റെ ഈ റിപ്പോര്‍ട്ടാണ് ഇന്നലെ കോടതി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."