പിരപ്പന്‍കോട് പോരാട്ടത്തിന്റെ തിരയിളക്കം, ആദ്യദിനത്തില്‍ എട്ട് ഫൈനലുകള്‍
തിരുവനന്തപുരം: പിരപ്പന്‍കോട് ഡോ. ബി.ആര്‍ അംബേദ്കര്‍ രാജ്യാന്തര അക്വാട്ടിക് സെന്ററില്‍ വീണ്ടും ദേശീയ പോരാട്ടത്തിന്റെ തിരയിളക്കളം. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന 72ാമത് ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പിന് ഇന്നു തുടക്കമാവും.
ഇന്നുമുതല്‍ 23 വരെയാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. നീന്തല്‍, ഡൈവിങ്, വാട്ടര്‍ പോളോ ഇനങ്ങളിലായി നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ 800 പുരുഷ-വനിതാ താരങ്ങളാണു പങ്കെടുക്കുന്നത്. ഡിസംബറില്‍ ചൈനയിലെ ഹാങ്‌ഷോയില്‍ നടക്കുന്ന ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പിലേക്കും 2019ലെ വിവിധ രാജ്യാന്തര ചാംപ്യന്‍ഷിപ്പുകളിലേക്കും യോഗ്യത നേടാനുള്ള അവസരമാണ് ദേശീയ ചാംപ്യന്‍ഷിപ്പ്. രാജ്യത്തെ പ്രമുഖ നീന്തല്‍താരങ്ങളായ ഒളിംപ്യന്മാരായ സാജന്‍ പ്രകാശ്, വീര്‍ധവല്‍ ഖാഡെ, സന്ദീപ് സജുവാള്‍, അനുഷ്ല്‍ കോത്താരി, ആരോണ്‍ ഡിസൂസ, ശ്രീഹരി നടരാജ്, സൗരബ് സംഗവേകര്‍, റിച്ച മസ്ര, മാളവിക, മാനാപടേല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പോരാട്ടത്തിനിറങ്ങും. പ്രമുഖ ദേശീയ ഡൈവിങ് താരങ്ങളായ രാമനാഥ ശര്‍മ, സിദ്ധാര്‍ഥ് പര്‍ദേശായി, സന്ദീപ് ദാസ്, ലണ്ടന്‍ സിങ്, അഷ്‌നച്ചെവില്‍, ടിറ്റിക്ഷ മാരത്തെ എന്നിവരും ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നുണ്ട്.
ചാംപ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. താരങ്ങളെല്ലാം പിരപ്പന്‍കോട്ട് എത്തിയിട്ടുണ്ട്. രാവിലെ പ്രാഥമിക മത്സരങ്ങള്‍ നടക്കും. രാത്രി ആറിനാണ് ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ ദിനമായ ഇന്ന് പുരുഷ, വനിതാ വിഭാഗങ്ങളിലായി എട്ട് ഫൈനലുകള്‍ നടക്കും. 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 200 മീറ്റര്‍ വ്യക്തിഗതം മെഡ്‌ലേ, 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്, 4-100 ഫ്രീ സ്റ്റൈല്‍ റിലേ മത്സരങ്ങളാണു നടക്കുന്നത്. ദേശീയ ഗെയിംസിന് ഒരുക്കിയിരുന്ന ഇലക്ട്രോണിക് ടൈമിങ് സിസ്റ്റം ചാംപ്യന്‍ഷിപ്പിനും ഉപയോഗിക്കും. ദേശീയ നീന്തല്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കേരള അക്വാട്ടിക് അസോസിയേഷനാണ് ചാംപ്യന്‍ഷിപ്പിന്റെ സംഘാടകര്‍.
ഇന്നു വൈകിട്ട് അഞ്ചിന് കായിക മന്ത്രി ഇ.പി ജയരാജന്‍ ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. 23ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനദാനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."