തെലങ്കാനയില്‍ ദുരഭിമാനക്കൊല; ക്വട്ടേഷന്‍ നല്‍കിയത് ഒരു കോടിക്ക്
നല്‍ഗോണ്ട: ദുരഭിമാനത്തിന്റെ പേരില്‍ തെലങ്കാനയില്‍ യുവ എന്‍ജിനീയറെ വടിവാള്‍കൊണ്ട് വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളിയടക്കം ഏഴുപേരെ ബിഹാറില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നല്‍ഗോണ്ടയിലെ ഒരു ആശുപത്രിക്കുമുന്‍പില്‍ വച്ച് കൊലപാതകം നടന്നത്. യുവാവിനെ കൊലപ്പെടുത്താന്‍ ഒരു കോടി രൂപയാണ് സംഘത്തിന് നല്‍കിയത്. എന്നാല്‍ അക്രമികള്‍ക്ക് പാക് ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലിസ് അറിയിച്ചു.
മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ അമൃത വര്‍ഷിണി റാവുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഭര്‍ത്താവ് പ്രണയ് കുമാറിനെ ദുരഭിമാനത്തിന്റെ പേരില്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് മുന്‍പ് 18 ലക്ഷം രൂപയും പിന്നീട് ബാക്കി തുകയും അക്രമികള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും പൊലിസ് പറയുന്നു.
2003ല്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഈ കേസിലും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലിസ് പറയുന്നു. അടുത്തിടെയാണ് ഇയാള്‍ ജയില്‍ മോചിതനായത്.
ഭാര്യയുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ പിന്നിലൂടെ വന്ന കൊലയാളി യുവാവിനെ വടിവാള്‍കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ പിതാവ് മാരുതി റാവു, അമ്മാവന് ശ്രാവണ്‍ റാവു എന്നിവര്‍ക്ക് പങ്കുണ്ടെന്ന് അമൃത വര്‍ഷിണി പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മാരുതി റാവു നല്‍ഗോണ്ട മേഖലയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ്.
മകള്‍ക്ക് പ്രണയ് കുമാറുമായുള്ള ബന്ധം അംഗീകരിക്കാന്‍ ഇയാള്‍ തയാറായിരുന്നില്ല. ഇതേ തുടര്‍ന്ന് പലതവണ ഇവര്‍ക്കുനേരെ ഭീഷണിയുണ്ടായിരുന്നതായും അമൃത വര്‍ഷിണി പറയുന്നു. പിതാവിന് രാഷ്ട്രീയ തലത്തില്‍ വലിയ സ്വാധീനമുണ്ട്. അത് ഉപയോഗപ്പെടുത്തിയാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും മകള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."