ഈരയില്‍ക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം വൈകുന്നു
കോട്ടയം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച ഈരയില്‍ക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം ആരംഭിക്കാതെ അധികൃതര്‍.
കെ.കെ റോഡില്‍നിന്നുള്ള ചെറുവാഹനങ്ങള്‍ക്കു നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ എം.സി റോഡിലെത്തുന്നതിന് ആവിഷ്‌കരിച്ചതായിരുന്നു ഈ പദ്ധതി. എന്നാല്‍ നാളിതുവരെ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മിച്ചിട്ടില്ല.
അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. പാലത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മണ്ണിടുക മാത്രമാണ് ചെയ്തത്.
ഈ മണ്ണ് മഴപെയ്തതോടെ കുത്തിയൊലിച്ചു പോകുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. 6.70 കോടി എസ്റ്റിമേറ്റ് കണക്കാക്കി 2012 ജൂണിലാണ് പാലത്തിന്റെ പണികള്‍ ആരംഭിച്ചത്.
88.44 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമുള്ള പാലത്തിനു ഒന്നരമീറ്റര്‍ നീളത്തില്‍ നടപ്പാതയുമുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ കൊടൂരാറിന് കുറുകേയാണ് പാലം പണിതത്.
കോട്ടയം കോറിഡോറിന്റെ ഭാഗമായിട്ടാണ് പാലം നിര്‍മിച്ചത്. കെ.കെ.റോഡില്‍ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് പാലത്തിലൂടെ എം.സി റോഡില്‍ എത്താന്‍ കഴിയും.
ചങ്ങനാശേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് എം.സി റോഡില്‍ മണിപ്പുഴയില്‍ നിന്ന് തിരിഞ്ഞ് മുന്നോട്ട് പോയാല്‍ കോട്ടയം വികസന കോറിഡോറില്‍ എത്താം. ഈ റോഡിലൂടെ ഈരയില്‍ക്കടവിലെത്താം. അവിടെനിന്ന് മുട്ടമ്പലം വഴി കഞ്ഞിക്കുഴിയിലൂടെ കെ.കെ റോഡില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഗതാഗതം ക്രമീകരിച്ചത്.
ഗതാഗതക്കുരുക്കില്‍പ്പെടാതെ എം.സി റോഡില്‍ നിന്നും കെ.കെ റോഡില്‍ എത്താന്‍ പാലം ഏറെ സഹായകരമായിരുന്നു.
എന്നാല്‍ അപ്രോച്ച് റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ പാലത്തിലൂടെ വരുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്.
നഗരത്തില്‍ മിക്കദിവസവും മണിക്കൂറുകളോളമാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. എന്നിട്ടും ഇതിന് പരിഹാരമായി പണിത പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് പൊതുമരാമത്തിന്റെ ഭാഗത്തു നിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."