ഡെങ്കിപ്പനി ഭീതിയില്‍ കിഴക്കന്‍ മേഖല
എരുമേലി: ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയില്‍ പനി പടരുന്നു. വൈറല്‍പ്പനിക്കു പുറമെ, ഡെങ്കിപ്പനിഭീതിയിലാണ് ഇപ്പോള്‍ കിഴക്കന്‍ മേഖല. കാഞ്ഞിരപ്പള്ളി, എരുമേലി മേഖലകളില്‍ വൈറല്‍പ്പനി കൂടാതെ ഡെങ്കിപ്പനിയും വ്യാപകമായതോടെ ആരോഗ്യ വകുപ്പ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.
.തീവ്രതാപവും ഇടവിട്ട് പെയ്യുന്ന വേനല്‍ മഴയും പനി വ്യാപകമാകുന്നതിനു കാരണമാകുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.കാഞ്ഞിരപ്പള്ളിക്ക് പുറമെ,എരുമേലിയിലും മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
എരുമേലി ടൗണിനു സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിക്ക് വിദഗ്ദ്ധ പരിശോധനയില്‍ മലേറിയ പിടിപെട്ടതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതും ജനങ്ങളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. ഡെങ്കിപ്പനി പടരുന്നതിന് കാരണമാകുന്ന കൊതുകുകളുടെ ഉറവിട നശീകരണത്തിന് ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു.
കനത്ത വേനല്‍ ചൂടും കാലാവസ്ഥ വ്യതിയാനവും ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങി പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാക്കിയേക്കാമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
കൊതുകുകള്‍ പെരുകുവാനിടയുള്ള ഇടങ്ങള്‍ കണ്ടെത്തി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ വകുപ്പ് അധികൃതര്‍ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, കൊതുകിന്റെ സാന്ദ്രതാ സര്‍വ്വെ ,ഫോഗിംഗ് എന്നിവ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി കണ്ടെത്തിയ പാക്കാനം പ്രദേശത്ത് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സംഘം സന്ദര്‍ശനം നടത്തി.
രോഗ ലക്ഷണം
കടുത്ത പനി, പേശിവേദന, ശരീരവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.
ശുചീകരണം
രോഗപ്രതിരോധത്തിനായുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ടെങ്കിലും മഴക്കാലപൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ പോലും ഇതു വരെ മേഖലയില്‍ നടത്തിയിട്ടില്ലെന്ന് ആരോപണമുണ്ട് .പരിസര ശുചീകരണമില്ലാത്തതും മലിനീകരണം തടയാത്തതുമാണ് രോഗം പടരുന്നതിന് പ്രധാന കാരണം.
ചികിത്സ; വിശ്രമം
സമയ ബന്ധിതമായ ചികിത്സയും വിശ്രമവും രോഗം വേഗം ശമിപ്പിക്കുന്നതിന് സഹായിക്കും.
മുന്‍ കരുതല്‍
വീടിനകത്തും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക, ഫ്രിഡ്ജിന്റെ ഡ്രീഫ്രോസ്റ്റ് ട്രേ, കൂളര്‍, ചെടിച്ചട്ടികള്‍, വീടിന്റെ സണ്‍ഷെയ്ഡ്, ഒഴിഞ്ഞ വീപ്പകള്‍, പാത്രങ്ങള്‍, മറ്റ് ഉപയോഗശൂന്യമായ വസ്തുക്കള്‍, ഉണങ്ങിയ കൊക്കോക്കായുടെ തോടുകള്‍, റബര്‍മരങ്ങളില്‍ കറ ശേഖരിക്കാന്‍ സ്ഥാപിച്ചിരിക്കുന്ന ചിരട്ടകള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
തോട്ടങ്ങള്‍ പ്രശ്‌നം
റബര്‍, ജാതി, കൊക്കോ, കൈത, തെങ്ങ്, കമുക് തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നന്നതും കൊതുകുകള്‍ പെരുകാന്‍ കാരണമാകുന്നു. റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തി വയ്ക്കുക.
വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങള്‍ കൊതുകുകള്‍ പ്രവേശിക്കാത്ത വിധം മൂടി വയ്ക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."