തട്ടുകടകളും ഹോട്ടലുകളും പൊളിക്കുന്നതിനെതിരെ നേതാക്കള്‍ രംഗത്ത്
കാക്കനാട്: വഴിയോര തട്ടുകടകളും അനധികൃത ഹോട്ടലുകളും പൊളിക്കുന്നതിനെതിരെ സി.പിഐ-സി.പി.എം നേതാക്കള്‍ രംഗത്തെത്തിയതോടെ ജില്ലാഭരണ കൂടം സമ്മര്‍ദ്ദത്തിലായി.
ഭരണകക്ഷിയിലെ ഇരു പാര്‍ട്ടികളും കലക്ടറെ സന്ദര്‍ശിച്ച് വഴിയോര കച്ചവട സ്ഥാപനങ്ങള്‍ പൊളിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ തൃക്കാക്കര,കളമശ്ശേരി, ആലുവ മുനിസിപ്പാലിറ്റികളില്‍ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ തല്‍കാലം നിര്‍ത്തിവെയ്ക്കാന്‍ ജില്ലഭരണകൂടം അനൗദ്യോഗികമായി തീരുമാനിച്ചതായാണ് സൂചന. ഇനിയുള്ള ദിവസങ്ങളില്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ അനധികൃത തട്ടുകടകളും വ്യത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഹെല്‍ത്ത് ഓഫിസര്‍ പി.എന്‍ ശ്രീനിവാസന്‍ അറിയിച്ചു.
മുനിസിപ്പല്‍ പ്രദേശത്തെ വഴിയോര കച്ചവട കേന്ദ്രങ്ങള്‍ പൊളിക്കുന്നതിന് രണ്ട് ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ടെന്നും ഹെല്‍ത്ത് ഓഫിസര്‍ അറിയിച്ചു.
നാടും നഗവും പകര്‍ച്ചവ്യാധി ഭീഷണിയുടെ നിഴലിലായതോടെയാണ് കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ദുരന്തനിവാരണ നിയമ പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് തട്ടുകടകളും അനധികൃത വഴിയോര കച്ചവട സ്ഥാപനങ്ങളും പരിശോധന നടത്തി പൊളിച്ച് നീക്കിയത്. മൂന്ന് മുനിസിപ്പല്‍ പ്രദേശങ്ങളിലെ 90 ശതമാനം തട്ടുകളും അനധികൃത ഹോട്ടലുകളും പൊളിച്ച് നീക്കിയതായി അധികൃതര്‍ പറഞ്ഞു.
മുന്‍സിപ്പല്‍ പ്രദേശത്തെ ഹോട്ടലുകള്‍, ബേക്കറികള്‍, രാത്രി കാലങ്ങളിലെ തട്ടുകടകള്‍, മറ്റു ഭക്ഷണ പാചക സ്ഥാപനങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് നടപടികള്‍ അവസാനിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. അതെസമയം മഴക്കാലപൂര്‍വ ശുചീകരത്തിന്റെ ഭാഗമായി വ്യത്തിഹീനമായ സാഹചര്യം ഒഴിവാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."