പ്രവാസി ക്ഷേമനിധി തട്ടിപ്പ്: സെക്രട്ടറിയെ പുറത്താക്കി
തളിപ്പറമ്പ്: ക്ഷേമനിധിയില്‍ അടക്കാന്‍ തളിപ്പറമ്പ് പ്രവാസി സംഘത്തില്‍ ഏല്‍പ്പിച്ച രൂപ തട്ടിയെടുത്തെന്ന് പരാതി. പാപ്പിനിശ്ശേരി, ചെറുകുന്ന്, പഴയങ്ങാടി മേഖലകളില്‍ നിന്ന് പ്രവാസികളുടെ ബന്ധുക്കളായ നിരവധിപേരാണ് ഇന്നലെ തളിപ്പറമ്പിലെ പ്രവാസി സംഘം ഓഫിസിലെത്തിയത്. ഇവര്‍ അക്ഷയ വഴി അടച്ച പണം മാത്രമേ ഇപ്പോള്‍ അക്കൗണ്ടിലുള്ളൂ. സംഘം ഏരിയാ സെക്രട്ടറി എന്‍. കൃഷ്ണന്റെ പേരിലാണ് സേവാ കേന്ദ്രത്തിന്റെ ലൈസന്‍സ്. ആദ്യം തളിപ്പറമ്പ് പ്രവാസി സംഘം ഏരിയ കമ്മിറ്റി ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവാസി സേവാ കേന്ദ്രം പണം അടച്ചവര്‍ക്ക് പ്രവാസി സംഘത്തിന്റെ രസീതാണ് നല്‍കിയത്.
തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ സേവാ കേന്ദ്രവുമായി പ്രവാസി സംഘത്തിന് ഒരു ബന്ധവുമില്ലെന്നും ഇവ തികച്ചും വ്യക്തികളുടെ അധീനതയിലും ഉത്തരവാദിത്വത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്നും തളിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്നതും അത്തരം പ്രവാസി സേവാ കേന്ദ്രമാണെന്നും പ്രവാസി സംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ പേരും സീലും ദുരുപയോഗം ചെയ്ത് പ്രവാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും കേരള പ്രവാസി സംഘം ജില്ലാ കമ്മറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ പേരും സീലും ദുരുപയോഗം ചെയ്തതിന് പൊലിസില്‍ പരാതി കൊടുക്കാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ആരോപണ വിധേയനായ സംഘം ഏരിയ സെക്രട്ടറി എന്‍. കൃഷ്ണനെ കേരള പ്രവാസി സംഘത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും ജില്ലാ കമ്മിറ്റി അറിയിച്ചു.
അതേസമയം പ്രവാസി സംഘത്തിന്റെ കീഴില്‍ തന്നെയാണ് സേവാ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും ഓഫിസില്‍ വരുന്ന തുക കൃത്യമായി ബന്ധപ്പെട്ടവരെ കണക്കുസഹിതം ഏല്‍പ്പിക്കാറുണ്ടെന്നും രണ്ടുമാസത്തിനകം മുഴുവനാളുകള്‍ക്കും പണം നല്‍കുമെന്നും ഇതിനുശേഷം നിയമ നടപടി സ്വീകരിക്കുമെന്നും ജീവനക്കാരി പറഞ്ഞു. സേവാസംഘം നടത്തിപ്പുകാരനും ജീവനക്കാരിയും തളിപ്പറമ്പ് പ്രവാസി സംഘവും പരസ്പരം പഴിചാരുമ്പോള്‍ തങ്ങളുടെ പണം എങ്ങിനെ ലഭിക്കുമെന്ന ആശങ്കയിലാണ് പ്രവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."