തെരഞ്ഞെടുപ്പ് ഉണ്ടായില്ല; ഓം ബിര്‍ല സ്പീക്കറായി ചുമതലയേറ്റു
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്‍ല 17ാം ലോക്‌സഭയുടെ സ്പീക്കറായി ചുമതലയേറ്റു. പ്രതിപക്ഷത്തുനിന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നതോടെ എതിരില്ലാതെയാണ് ഓം ബിര്‍ല സ്പീക്കറായത്. ഓം ബിര്‍ലയെ ഇന്നലെ എന്‍.ഡി.എ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരുന്നു. പിന്നാലെ ഭരണകക്ഷിക്കു പുറത്തുള്ള ബി.ജെ.ഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ഓം ബിര്‍ലയെ പിന്തുണയ്ക്കുകയും ചെയ്തു. 543 അംഗ ലോക്‌സഭയില്‍ എന്‍.ഡി.എക്ക് മാത്രം 353 അംഗങ്ങളുടെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തം നിലയ്ക്ക് തന്നെ സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിക്കാന്‍ ശേഷി ഭരണപക്ഷത്തിന് ഉണ്ടായിരിക്കെ പ്രതിപക്ഷം സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതുമില്ല. ഇതോടെ സ്പീക്കര്‍ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നതുമില്ല.
ഇന്നലെ ബി.ജെ.പിയുടെ ലോക്‌സഭാ കക്ഷി നേതാവ് കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓം ബിര്‍ലയുടെ പേര് നിര്‍ദേശിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് പിന്തുണച്ചു. തുടര്‍ന്ന് ആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത്ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും പിന്തുണച്ചു. പ്രതിപക്ഷത്തുനിന്ന് ടി.ഡി.പിയുടെ ജയദേവ് ഗല്ല, കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, തൃണമൂലിന്റെ സുധിപ് ബന്ദോപാധ്യായ് എന്നിവരും ഓം ബിര്‍ലയെ പിന്തുണയ്ക്കുകയായിരുന്നു.
ഇതിന് മുന്‍പ് 16ാം ലോക്‌സഭയില്‍ മാത്രം അംഗമായി പരചയസമ്പത്ത് ഒട്ടുമില്ലാത്ത ബിര്‍ലയെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി ബി.ജെ.പി നിര്‍ദേശിച്ചത് ഭരണമുന്നണിക്കുള്ളില്‍ തന്നെ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്. രണ്ടരലക്ഷം വോട്ടുകള്‍ക്ക് രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് കോണ്‍ഗ്രസിന്റെ രാം നരെയ്‌നെ പരാജയപ്പെടുത്തിയാണ് അദ്ദേഹം 17ാംലോക്‌സഭയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."