പ്രളയത്തില്‍ നിന്ന് കരകയറാനാവാതെ വേലൂപ്പാടം എ.എല്‍.പി സ്‌കൂള്‍
പുതുക്കാട്: നൂറിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വേലൂപ്പാടം എയ്ഡഡ് എല്‍.പി സ്‌കൂളാണ് പ്രളയക്കെടുതിയില്‍ അപകടഭീഷണിയിലായത്. മൂന്ന് ദിവസം കെട്ടിടം പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള സ്‌കൂളിന്റെ ക്ലാസ് മുറികള്‍ തിരിച്ചിരുന്ന ഇടചുമരുകള്‍ എല്ലാം തകര്‍ന്നുവീണു.
കുറുമാലിപുഴ കരകവിഞ്ഞൊഴുകിയത് സ്‌കൂളിന് മുകളിലൂടെയായിരുന്നു. മലവെള്ള പാച്ചിലില്‍ സ്‌കൂളിലെ ഡസ്‌ക്കും ബെഞ്ചും ഒഴുകിപോയി. ഓഫിസിലെ വിലപ്പെട്ട രേഖകളും പഠനോപകരണങ്ങളും വെള്ളം കയറി നശിച്ചു.
സ്മാര്‍ട്ട് ക്ലാസ് മുറിയിലെ ഏഴ് കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തനരഹിതമായി. കെട്ടിടത്തിനുള്ളില്‍ മുട്ടോളം ചെളി നിറഞ്ഞത് ദിവസങ്ങളെടുത്താണ് നീക്കം ചെയ്തത്. ചുമരുകള്‍ വെള്ളം നിറഞ്ഞ് കുതിര്‍ന്നതോടെ ഓടിട്ട കെട്ടിടത്തിന്റെ മേല്‍ക്കൂരക്ക് ബലക്ഷയം സംഭവിച്ചു.
പ്രളയത്തില്‍ ഉണ്ടായ ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ക്കൊപ്പം സാധാരണക്കാരയവരുടെ മക്കള്‍ക്ക് ആശ്രയമായ വിദ്യാലയം ഇപ്പോള്‍ ഉപയോഗ ശൂന്യമായി മാറിയിരിക്കുകയാണ്. പ്രളയം വന്ന് ഒരു മാസം പിന്നിട്ടിട്ടും അതില്‍ നിന്ന് മുക്തി നേടാനാവാത്ത അവസ്ഥയാണ് സ്‌കൂളിന്.
ബദല്‍ സംവിധാനത്തില്‍ കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും സ്ഥലപരിമിതികള്‍ മൂലം സ്‌കൂള്‍ അധികൃതര്‍ നെട്ടോട്ടമോടുകയാണ്. സമീപത്തുള്ള മതബോധന സ്ഥാപനത്തിന്റെ ചായ്ച്ചിറക്കി കെട്ടിയ സ്ഥലത്താണ് കുട്ടികള്‍ തിങ്ങികൂടി ഇപ്പോള്‍ പഠനം നടത്തുന്നത്.
പ്രധാനധ്യാപകന് തന്നെ മാനേജരുടെ ചുമതല വഹിക്കേണ്ടി വരുന്ന എയ്ഡഡ് സ്‌കൂളാണ് ഇത്. താല്‍ക്കാലിക അധ്യാപകരടക്കം ഏഴ് പേരാണ് സ്‌കൂളിലെ ജീവനക്കാര്‍. ദൈനംദിന ചെലവുകള്‍ കഴിഞ്ഞു പോകാന്‍ പാടുപെടുന്ന സമയത്താണ് സ്‌കൂള്‍ പ്രളയത്തില്‍ മുങ്ങിയത്.
വെള്ളത്തില്‍ മുങ്ങിയ കെട്ടിടം വാസയോഗ്യമല്ലെന്ന് അധികൃതര്‍ മുദ്രവെച്ചതോടെ മറ്റ് പോംവഴികള്‍ തേടേണ്ട സ്ഥിതിയാണ് അധികൃതര്‍ക്ക്. പ്രളയത്തില്‍ സംഭവിച്ച സ്‌കൂളിന്റെ നഷ്ടക്കണക്കുകള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പുനര്‍നിര്‍മ്മാണമെന്ന് എന്ന് തുടങ്ങുമെന്ന് ഒരറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. അതുവരെ കുട്ടികളുടെ പഠനം എവിടെ നടത്തുമെന്ന മാര്‍ഗവും അധികൃതര്‍ പറയുന്നില്ലെന്ന ആക്ഷേപവുമുണ്ട്. സ്‌കൂളിന് പുനര്‍ജീവനേകാന്‍ സുമനസുകളുടെ സഹായം തേടുകയാണ് അധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."