തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ. നാളെ മുതല്‍ 19 വരെ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയ്ക്ക് പത്രികകള്‍ സമര്‍പ്പിക്കാം. ഇതിനു മുന്‍പോ ശേഷമോ ലഭിക്കുന്ന പത്രികകള്‍ സ്വീകരിക്കില്ല. പത്രിക സ്വീകരിക്കുന്നതിനായി ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും വരണാധികാരികളെ നിശ്ചയിച്ചിട്ടുണ്ട്.
മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് മാത്രമേ പത്രിക സമര്‍പ്പിക്കാനാകൂ. 21 വയസാണ് കുറഞ്ഞ പ്രായപരിധി. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഗ്രാമപഞ്ചായത്തില്‍ മത്സരിക്കുന്നതിന് 1,000 രൂപയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ യഥാക്രമം 2,000, 3,000 രൂപയും കെട്ടിവയ്ക്കണം. മുനിസിപ്പാലിറ്റികളില്‍ 2,000 രൂപയും കോര്‍പറേഷനില്‍ 3,000 രൂപയുമാണ് കെട്ടിവയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ 50 ശതമാനം തുക കെട്ടിവച്ചാല്‍ മതി. 20നാണ് സൂക്ഷ്മപരിശോധന. 23നാണ് പത്രിക പിന്‍വലിക്കാനുളള അവസാന തിയതി. കര്‍ശന കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാമനിര്‍ദേശപത്രിക സ്വീകരിക്കാനായി വരണാധികാരികള്‍ക്ക് വലിപ്പവും വായു സഞ്ചാരവുമുള്ള മുറികള്‍ ഏര്‍പ്പെടുത്തും. നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂ. കൈകഴുകി, സാനിറ്റെസര്‍ ഉപയോഗിച്ച ശേഷമേ ഹാളില്‍ പ്രവേശിക്കാവൂ. മാസ്‌ക് നിര്‍ബന്ധമാണ്. സാമൂഹികഅകലം പാലിച്ചുവേണം പത്രിക ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കേണ്ടത്. ആവശ്യമെങ്കില്‍ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് സമയം ബുക്ക് ചെയ്യാം. തിരക്ക് ഒഴിവാക്കാനാണിത്. ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നിലധികംപേര്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയാല്‍ അവര്‍ക്ക് കാത്തിരിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കും.
മാസ്‌ക്, കൈയുറ, മുഖത്ത് ഷീല്‍ഡ് എന്നിവ ഉപയോഗിച്ച് മാത്രമേ ഉദ്യോഗസ്ഥര്‍ പത്രിക സ്വീകരിക്കാവൂ. പത്രിക കൈമാറിയ ശേഷവും സാനിറ്റെസര്‍ ഉപയോഗിക്കണം. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ ജാഥ, ആള്‍ക്കൂട്ടം, വാഹനവ്യൂഹം എന്നിവ പാടില്ല. സ്ഥാനാര്‍ഥി വരുന്ന വാഹനം മാത്രമേ പാടുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവരും ക്വാറന്റൈനില്‍ കഴിയുന്നവരും പ്രത്യേകമായി സമയം ചോദിച്ചശേഷം മാത്രമേ നാമനിര്‍ദേശപത്രിക നല്‍കാനെത്താവൂ. ഇവരുടെ പത്രിക സ്വീകരിക്കാന്‍ പ്രത്യേക ക്രമീകരണം വേണം. കൊവിഡ് പോസിറ്റീവായ സ്ഥാനാര്‍ഥിയാണെങ്കില്‍ നിര്‍ദേശകന്‍ വഴി പത്രിക നല്‍കാം.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം, ഇ.വി.എം ഫസ്റ്റ് ലെവല്‍ ചെക്കിങ് എന്നിവ പുരോഗമിച്ചുവരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിന് ഏകദേശം 2 ലക്ഷം ജീവനക്കാരെ നിയോഗിക്കും.
കൊവിഡ് പശ്ചാത്തലത്തില്‍ പ്രചാരണത്തിനും നിയന്ത്രണമുണ്ട്. വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പം അഞ്ചുപേരെ പാടുള്ളു. പൊതുയോഗമോ റാലിയോ ജില്ലാ മജിസ്‌ട്രേറ്റ് നിശ്ചയിക്കുന്ന ഗ്രൗണ്ടുകളില്‍ സാമൂഹികഅകലം പാലിച്ച് നടത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."