ഫലസ്തീന്‍ നേതാവ് സാഇബ് അരീഖാത്ത് കൊവിഡ് ബാധിച്ചു മരിച്ചു
റമല്ല: പി.എല്‍.ഒ സെക്രട്ടറി ജനറലും കൂടിയാലോചനാകാര്യ വകുപ്പ് തലവനുമായ ഡോ. സാഇബ് അരീഖാത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 65 വയസായിരുന്നു. ഇസ്‌റാഈലിലെ ഹദാസ യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ ചികില്‍സയിലിരിക്കെയാണ് മരണം.ഒക്ടോബര്‍ എട്ടിനാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് 10 ദിവസമായി വെന്റിലേറ്ററിലായിരുന്നു. 2017ല്‍ ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം നിരവധി രോഗങ്ങളുടെ പിടിയിലായിരുന്നു.
മുതിര്‍ന്ന നേതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഫലസ്തീനില്‍ മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തു. ഫലസ്തീന്‍ ജനതയുടെ അവകാശസംരക്ഷണത്തിനായി മുന്‍നിരയില്‍ നിലകൊണ്ട നേതാവിനെയാണ് നഷ്ടമായതെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.1955ല്‍ ഫലസ്തീനിലെ അബൂദിസിലാണ് അരീഖാത്ത് ജനിച്ചത്. സമാധാനവും സംഘര്‍ഷവും എന്ന വിഷയത്തില്‍ പിഎച്ച്.ഡി പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ 1991ല്‍ യാസിര്‍ അറഫാത്താണ് മാഡ്രിഡ് സമാധാന സമ്മേളനത്തിലെ ഫലസ്തീനി ചര്‍ച്ചാസംഘത്തിന്റെ ഉപമേധാവിയായി നിയമിച്ചത്. ഓസ്‌ലോ കരാറിലെത്തിച്ച സമാധാന ചര്‍ച്ചകളിലും പി.എല്‍.ഒയെ പ്രതിനിധീകരിച്ചത് അരീഖാത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."