വീഴ്ചയല്ലീ വിട്ടുവീഴ്ച
ജീവിതവഴികളിലെ പ്രതിബന്ധങ്ങളില്‍ വീണുപോകുന്നവരുടെ ദുരന്തവാര്‍ത്തകള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ക്ഷമിക്കാനും സഹിക്കാനുമുള്ള മാനസികബലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാനുള്ള വഴികള്‍ തേടാതെ ചെറിയ മോഹഭംഗങ്ങളില്‍ വരെ എല്ലാം അവസാനിപ്പിക്കുന്ന പ്രവണത സാര്‍വത്രികമാകുന്നു.
പൊറുതിമുട്ടലുകളിലെ ആത്മനിയന്ത്രണമാണ് ക്ഷമ. ചിലപ്പോഴത് പൊറുതിമുട്ടലുകളില്‍ സായൂജ്യമടയലാവും. ആപല്‍ഘട്ടങ്ങളെ തരണം ചെയ്യാനുള്ള ശേഷി പകരും. ഭവിഷ്യത്തുകളില്‍ മനോവീര്യം നല്‍കും.
യാഥാര്‍ഥ്യബോധത്തോടെ ജീവിതത്തെ സമീപിക്കുന്നവന് കയ്‌പേറിയ അനുഭവങ്ങളിലും വേദനയുടെ നിമിഷങ്ങളിലും സമചിത്തത കൈവരിക്കാനാവും. വിജയനിമിഷങ്ങളില്‍ മതിമറന്ന് ആഹ്ലാദിക്കുകയില്ല. ജീവിത നാടകത്തില്‍ വ്യത്യസ്ത വേഷങ്ങള്‍ അണിയുന്നവരാണ് ഓരോ മനുഷ്യരെന്നും തിരിച്ചറിയുന്നവന് എല്ലാവരെയും ഉള്‍ക്കൊള്ളാനും മറ്റുള്ളവരുടെ പരുഷ പെരുമാറ്റങ്ങളില്‍ സഹനം കൈവരിക്കാനുമാവും.
ഒരാളോട് മാപ്പാക്കലും അവന്റെ അറിവില്ലായ്മയ്ക്കും അരുതായ്മക്കും താഴ്ന്നുകൊടുക്കലും ഒരു തരത്തിലും കുറച്ചിലല്ല. അപമാനമല്ല. ഉദാത്തമായൊരു ഗുണമാണ്. പ്രതികാരദാഹം ശമിപ്പിക്കും. കാട്ടാള മനസുകളെ മാറിച്ചിന്തിപ്പിക്കും. വാളെടുത്തവനെ നിരായുധനാക്കും. അതിനാല്‍ ക്ഷമിക്കാനും പൊറുക്കാനുമുള്ള മാനസിക വികാസത്തിന് പ്രേരണ നല്‍കി അല്ലാഹു പറഞ്ഞു: സ്വന്തം തീരുമാനം അല്ലാഹു നടപ്പാക്കുന്നതു വരെ നിങ്ങളവരോട് ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുക. അല്ലാഹു സര്‍വ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെയാകുന്നു (അല്‍ബഖറ: 109). ''അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ അനുഗ്രഹം കൊണ്ടാണ് താങ്കള്‍ക്കു ജനങ്ങളോട് സൗമ്യ സമീപനത്തിനു കഴിയുന്നത്. അങ്ങ് പരുഷനും കഠിന ഹൃദയനുമായിരുന്നെങ്കില്‍ അവര്‍ താങ്കളുടെ ചുറ്റും നിന്ന് പിരിഞ്ഞു പോയേനേ. അതുകൊണ്ട്, അവര്‍ക്ക് മാപ്പ് നല്‍കുക. അവര്‍ക്കു വേണ്ടി പാപമോചനത്തിന് തേടുക'' (ആലു ഇംറാന്‍: 159). ''നാഥങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ഭുവന-വാനങ്ങളുടെ വിസ്തൃതിയുള്ള സ്വര്‍ഗത്തിലേക്കും അതിദ്രുതം ചെല്ലുക. സന്തോഷാവസ്ഥയിലും സന്താപ ഘട്ടത്തിലും ധനം ചെലവഴിക്കുകയും ക്രോധം ഒതുക്കുകയും ജനങ്ങള്‍ക്ക് മാപ്പരുളുകയും ചെയ്യുന്ന സൂക്ഷ്മാലുക്കള്‍ക്കായി സജ്ജീകൃതമാണത്. പുണ്യവാന്‍മാരെ അല്ലാഹു സ്‌നേഹിക്കുന്നു'' (ആലു ഇംറാന്‍: 133,134). ''ഒരു തിന്മയുടെ പ്രതിഫലം തത്തുല്യമായൊരു തിന്മ തന്നെ. എന്നാല്‍ ഒരാള്‍ മാപ്പരുളുകയും സന്ധിയുണ്ടാക്കുകയുമാണെങ്കില്‍ അവന്റെ കൂലി അല്ലാഹുവിങ്കലാണ്. അക്രമകാരികളെ അവന്‍ ഇഷ്ടപ്പെടുന്നതേയില്ല'' (അശ്ശൂറ: 40). മാപ്പരുളുന്നതിന്റെ മഹത്വം പരാമര്‍ശിക്കുകയും അതിലൂടെ കൈവരിക്കാനാകുന്ന പ്രതിഫലം വമ്പിച്ചതാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഖുര്‍ആനിക വചനങ്ങളാണിവ. പാരത്രിക ലോകത്ത് അല്ലാഹുവിന്റെ അടുത്ത് അവന്റെ പ്രതിഫലം പാഴായിപ്പോകുന്നതല്ല. ഇഹലോകത്ത് അന്തസും അഭിമാനവും നല്‍കി അല്ലാഹു അവനെ ആദരിക്കുകയും ചെയ്യും. തിരുദൂതര്‍ (സ) പറഞ്ഞു: വിട്ടുവീഴ്ച കൊണ്ട് അടിമക്ക് അന്തസല്ലാതെ അല്ലാഹു വര്‍ധിപ്പിക്കുകയില്ല (മുസ്‌ലിം).
വിട്ടുവീഴ്ചയുടെ സംസ്‌കാരം വരുത്തുന്ന സാമൂഹിക പരിവര്‍ത്തനം വളരെ വലുതാണ്. വിദ്വേഷത്തിന്റെയും പകയുടെയും മാമലകള്‍ മഞ്ഞു കണങ്ങളായി ഉരുകിത്തീരാനും മനസുകള്‍ വിമലീകരിക്കപ്പെടാനും ഹൃദയങ്ങള്‍ ഇണക്കമുള്ളതാവാനും വഴിയൊരുക്കുന്നു. അകല്‍ച്ചയുടെ ദൂരം ഇല്ലായ്മ ചെയ്യാനും ചിതല്‍ പിടിച്ച സ്‌നേഹബന്ധങ്ങള്‍ പൂര്‍വ ശോഭയില്‍ പുതുക്കിപ്പണിയാനും മാപ്പരുളുകള്‍ സക്രിയമാകുന്നു. വര്‍ഷങ്ങള്‍ നീണ്ട പിണക്കങ്ങളുടെ അധ്യായത്തിന് വിരാമമിടാന്‍ മനസലിവിന്റെ ഒരു നിമിഷം മതി.
ഉടപ്പിറപ്പുകള്‍ക്കിടയിലാണ് വിട്ടുവീഴ്ചാ മനോഭാവം ഏറെ സജീവമാകേണ്ടത്. തനിക്കും തന്റെ വയോധികനായ വത്സല പിതാവിനുമിടയില്‍ വേര്‍പാടിന്റെ ദുഃഖസാഗരങ്ങള്‍ തീര്‍ത്ത, തന്റെ ജീവിതത്തില്‍ പരീക്ഷണങ്ങളുടെ കനല്‍പഥങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയ ജ്യേഷ്ഠസഹോദരങ്ങളുടെ ചതിയോട് യൂസുഫ് (അ) നടത്തിയ പ്രതികരണം ചരിത്രത്താളുകളിലെ സുവര്‍ണാധ്യായമാണ്. കൊച്ചു ബാലനായിരിക്കെ കിണറ്റില്‍ തള്ളി. ചില്ലിക്കാശിന് വില്‍ക്കപ്പെട്ടു. കള്ളനെന്ന് വിളിച്ചു. ചെയ്യാത്ത കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ടു. എല്ലാറ്റിനും കാരണക്കാരായ സഹോദരങ്ങളോട് യൂസുഫി(അ)ന് പഴങ്കഥകളൊന്നും എണ്ണിപ്പറയാനുണ്ടായിരുന്നില്ല. മാപ്പു നല്‍കലിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ച യൂസുഫ് നബി (അ) പ്രഖ്യാപിച്ചു: ഇന്നു നിങ്ങളോട് പ്രതികാരമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. ഏറ്റവും വലിയ കരുണാ വാരിധിയത്രെ അവന്‍ (യൂസുഫ്: 92).
ദമ്പതികള്‍ക്കിടയിലും വിട്ടുവീഴ്ചകളുടെ വിളക്കിച്ചേര്‍ക്കലുകള്‍ നിലനില്‍ക്കണം. പാകപ്പിഴവുകള്‍ പര്‍വതീകരിക്കപ്പെടാതെയും അളന്നു തൂക്കി കനപ്പെടുത്താതെയും വഴിമുടക്കം സൃഷ്ടിക്കാത്ത വിധം തള്ളിക്കളയാനാവണം. ഇണകളോട് പൊറുക്കാനും ക്ഷമിക്കാനും അല്ലാഹു ആവശ്യപ്പെടുന്നു. നിങ്ങള്‍ മാപ്പരുളുകയും വിട്ടുവീഴ്ച ചെയ്യുകയും പൊറുത്തു കൊടുക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമാകുന്നു (അത്തഗാബുന്‍: 14). ഇത്തരം വേളകളില്‍ നിങ്ങള്‍ക്ക് കഴിഞ്ഞുപോയ പ്രണയാധ്യായങ്ങള്‍ ഓര്‍മിക്കാനും അല്ലാഹു പഠിപ്പിക്കുന്നു: ഭര്‍ത്താക്കന്‍മാരായ നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് ദൈവഭക്തിയുമായി ഏറെ സമീപസ്ഥലം. നിങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഔദാര്യം നിങ്ങള്‍ മറക്കരുത്. നിങ്ങള്‍ ചെയ്യുന്നത് അല്ലാഹു നന്നായി കാണുന്നവനാണ് (അല്‍ ബഖറ: 237).
സമൂഹത്തിലെ അംഗങ്ങളാകുന്ന വിവിധയിനം ആളുകള്‍ക്കിടയിലും കുട്ടുകാര്‍ക്കിടയിലും അയല്‍ക്കാര്‍ക്കിടയിലും പാര്‍ട്ണര്‍മാര്‍ക്കിടയിലും മറ്റുമൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കാം. എരിയുന്ന തീയായി അത് മനസില്‍ സൂക്ഷിക്കുകയും പിശാചിന്റെ കുതന്ത്രങ്ങള്‍ക്കു വഴങ്ങി ബന്ധങ്ങള്‍ വഷളായ അവസ്ഥയില്‍ പൊട്ടിച്ചിതറുമാറ് കലുഷിത സാഹചര്യങ്ങള്‍ ഉടലെടുക്കുകയും ചെയ്യാം. ഇത്തരം സാഹചര്യങ്ങളില്‍ സംയമനത്തിന്റെയും സഹിഷ്ണുതയുടെയും മാര്‍ഗമവലംബിച്ച് ത്യാഗമനസ്‌കത പ്രകടിപ്പിക്കുന്നവര്‍ക്കാണ് വിജയം. അതായിരുന്നു പ്രവാചക തിരുമേനി(സ)യുടെ ശൈലി.
ക്ഷമ അല്ലാഹുവിനുള്ള ഉത്തമ ദാനമാണ്. നബി (സ) പറഞ്ഞു: ക്ഷമയെക്കാള്‍ പ്രവിശാലവും പ്രയോജനപ്രദവുമായ ഒരു ദാനവും ഒരാള്‍ക്കും ലഭ്യമായിട്ടില്ല (ബുഖാരി, മുസ്‌ലിം). ക്ഷമാശീലര്‍ക്കുള്ള പ്രതിഫലത്തിന് അല്ലാഹു പരിധി വച്ചില്ല. ''ക്ഷമാലുക്കള്‍ക്ക് തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ പൂര്‍ത്തീകരിക്കപ്പെട്ടതാണ്'' (അസ്സുമര്‍: 10). അത്യന്തം ക്ഷമിക്കുന്നവന് 'സ്വബൂര്‍' എന്നാണ് അറബിയില്‍ പറയുന്നത്. അത് അല്ലാഹുവിന്റെ തിരുനാമങ്ങളില്‍ ഒന്നാണ്. അല്ലെങ്കിലും അല്ലാഹുവോളം ക്ഷമിക്കുന്നവര്‍ മറ്റാരുണ്ട്? തിരുദൂതര്‍ (സ) പറയുകയുണ്ടായി: കേള്‍ക്കുന്നതെന്തും ക്ഷമിക്കുന്നവനായി അല്ലാഹുവെക്കാള്‍ മറ്റാരുമില്ല. അവര്‍ അല്ലാഹുവിന് പങ്കുകാരനെ ആരോപിക്കുന്നു. പുത്രനുണ്ടെന്ന് വാദിക്കുന്നു. എന്നിട്ടും അല്ലാഹു അവരെ തീറ്റിപ്പോറ്റുന്നു. അവര്‍ക്കു സൗഖ്യം നല്‍കുന്നു. വിഭവങ്ങള്‍ നല്‍കുന്നു (ബുഖാരി, മുസ്‌ലിം).
പരിശീലിച്ചെടുക്കേണ്ട സ്വഭാവമാണ് സഹനശീലം. നമ്മുടെ താല്‍പര്യത്തിനനുസരിച്ച് നമുക്ക് ആ ഗുണം പരിപോഷിപ്പിക്കാനും ശക്തിപ്പെടുത്താനുമാകും. വിട്ടുവീഴ്ച ചെയ്യാനും പൊറുക്കാനുമുള്ള താല്‍പര്യത്തിലേക്ക് സ്വയം സമര്‍പ്പണം ചെയ്തവന് അല്ലാഹുവിന്റെ സഹായം ഉറപ്പാണ്. നബി(സ) തങ്ങളുടെ വാക്കാണത്. തങ്ങള്‍ പറഞ്ഞു: ഒരാള്‍ ക്ഷമ കൈക്കൊള്ളാന്‍ പരിശ്രമിച്ചാല്‍ അല്ലാഹു അവനെ ക്ഷമാശീലനാക്കും (ബുഖാരി, മുസ്‌ലിം).
വീണ്ടുവിചാരമില്ലായ്മയും എടുത്തുചാട്ടവുമാണ് ക്ഷമയുടെ അവസരം പാഴാക്കിക്കളയുന്നത്. അവധാനതയില്‍ സുരക്ഷിതത്വവും എടുത്തുചാട്ടത്തില്‍ പരുക്കുകളുമുണ്ട്. ക്ഷമിക്കാനറിയാത്തവര്‍ക്ക് നഷ്ടങ്ങളുടെ കഥകള്‍ ഏറെയുണ്ടാകും. ആമയും പന്തയങ്ങള്‍ ജയിക്കാറുണ്ട്. മുയല്‍ ഒരു പക്ഷെ വേഗം ഇരയാവാനിടയാക്കും. തിരുദൂതര്‍ (സ) പറഞ്ഞു: വിഷമസന്ധികളില്‍ ക്ഷമ കൈക്കൊള്ളുന്നതില്‍ ഏറെ നന്മകളുണ്ട് (അഹ്മദ്). ഒരിക്കല്‍ ഒരു സ്വൂഫിവര്യന്‍ പറഞ്ഞു. എനിക്ക് ഒറ്റ ആപത്തു വന്നാല്‍ നാലു തവണ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കും. ഒന്ന് ഇതിലും വലിയ ദുരന്തം വന്നില്ലല്ലോ എന്ന കാരണത്തിന്. രണ്ട് ക്ഷമിക്കാനുള്ള അവസരം തന്നതിനാണ്. മൂന്ന് ഇതുമൂലം നേടാനാകുന്ന പ്രതിഫലമോര്‍ത്ത്. നാല് ഈ ദുരന്തം എന്റെ ആത്മീയകാര്യത്തിലായില്ലല്ലോ എന്നതിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."