സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി
ജിദ്ദ: സഊദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന പുതിയ പദ്ധതി ആരംഭിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
മൂന്നു വര്‍ഷത്തിനകം തൊഴിലില്ലായ്മ നിരക്കു കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെന്നും മന്ത്രാലയം വ്യക്തമാക്കി. വഴക്കമുള്ള തൊഴില്‍ എന്നാണ് പുതിയ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
ഇതുപ്രകാരം മണിക്കൂര്‍ അടിസ്ഥാനത്തിലാണ് സ്വദേശികള്‍ക്ക് വേതനം നല്‍കുക. പ്രതിവാര അടിസ്ഥാനത്തിലാണ് വേതനം വിതരണം ചെയ്യേണ്ടത്. വാരാന്ത്യ അവധി ദിവസങ്ങളിലെ വേതനം ഈ വിഭാഗം തൊഴിലാളികള്‍ക്ക് നല്‍കുന്നതിന് തൊഴിലുടമകള്‍ നിര്ബന്ധിതരായിരിക്കില്ല.
മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലിക്കുവയ്ക്കുന്ന സ്വദേശികളെയും സ്ഥാപനങ്ങള്‍ ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഇവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തേണ്ടിവരും. സര്‍വിസ് ആനുകൂല്യത്തിനും ഇവര്‍ക്ക് അവകാശമുണ്ടാകും. ഓവര്‍ടൈം നിയമം ഇവര്‍ക്ക് ബാധകമായിരിക്കില്ല. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലിക്കു വെക്കുന്നവര്‍ക്കും മറ്റു തൊഴിലാളികളെ പോലെ സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പുവരുത്തുന്നതിന് തൊഴിലുടമകള്‍ ബാധ്യസ്ഥരായിരിക്കും. വ്യത്യസ്ത മേഖലകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് പുതിയ പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."