തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാരിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാതെ ഇടപെടാമെന്ന് വ്യക്തമാക്കി കമ്മിഷന്‍ ഉത്തരവ് ഇറക്കി. ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ തടസം ഉന്നയിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
ഏതൊക്കെ മേഖലയിലാണ് ഇളവുകളെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടി നല്‍കല്‍, പള്‍സ് പോളിയോ പോലുള്ള ബോധവല്‍ക്കരണ - പരസ്യ പ്രചാരണങ്ങള്‍, കോടതി നിര്‍ദേശപ്രകാരമുള്ള ആശ്രിത നിയമനം, വരള്‍ച്ച, വെള്ളപ്പൊക്കം, കൊവിഡ് മഹാമാരി തുടങ്ങിയ അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ പ്രകൃതി ദുരന്ത ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം തേടല്‍, ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥതല സംഘത്തെ നിയോഗിക്കല്‍ തുടങ്ങിയവയ്ക്ക് ഇളവുണ്ട്.
കൂടാതെ സര്‍ക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളടെയോ നിയന്ത്രണത്തിലുള്ള പൊതുസ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി, ജലവിതരണത്തിനുള്ള കേടായ പൈപ്പുകളുടെ അറ്റകുറ്റപ്പണി, ബി.ഒ.റ്റി വ്യവസ്ഥ പ്രകാരം നിര്‍മാണാനുമതി നല്‍കല്‍, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മാണം പൊളിച്ചുമാറ്റല്‍, എച്ച്.ഐ.വി, എയ്ഡ്‌സ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ പ്രസിദ്ധീകരണം, ഓടകളില്‍ നിന്നും കുളങ്ങളില്‍ നിന്നുമുള്ള മണ്ണ് നീക്കം ചെയ്യല്‍, ശുചീകരണ -കൊതുക് നിയന്ത്രണ പദ്ധതികളുടെ നടത്തിപ്പ്, ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും നിയമനവും സ്ഥലംമാറ്റവും, കോടതി ഉത്തരവ് പ്രകാരമുള്ള തടവ് പുള്ളികളുടെ ജയില്‍മാറ്റം, നേരത്തെ അനുവദിച്ച ഗ്രാന്റ് ഉപയോഗിച്ചും ക്ഷണിച്ച ടെന്‍ഡര്‍ പ്രകാരവും ആശുപത്രി ഉപകരണങ്ങള്‍, മരുന്ന് എന്നിവ വാങ്ങുക എന്നീ കാര്യങ്ങള്‍ നിര്‍വഹിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."