ദേശീയപാത വികസനം; തുരുത്തി സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന് സമര സമിതി
പാപ്പിനിശ്ശേരി: ദേശീയപാതയുടെ മൂന്നാമത്തെ അലൈന്‍മെന്റ് തുരുത്തി പ്രദേശത്തുനിന്ന് മാറ്റാതെ സമരത്തില്‍നിന്ന് പിന്തിരിയില്ലെന്ന് തുരുത്തി സമരസമിതി. ഒന്നുകില്‍ സര്‍ക്കാര്‍ വിജയിക്കും, അല്ലെങ്കില്‍ ഞങ്ങള്‍ മരിക്കും എന്ന് വ്യക്തമാക്കി പൂര്‍വാധികം ശക്തിയോടെയാണ് സമരസമിതി നേതാക്കളും പ്രദേശവാസികളും സമരരംഗത്തുള്ളത്.
തുരുത്തി കോളനി പാടേ തുടച്ചുമാറ്റപ്പെടുന്നതിനെതിരേ ആരംഭിച്ച കുടില്‍കെട്ടി സമരം 146 ദിവസം പിന്നിട്ടു. സര്‍ക്കാര്‍ ഇനിയും അനുകൂലമായ നിലപാടെടുക്കാത്ത പക്ഷം ജനങ്ങളെ അണിനിരത്തി നിയമ പോരാട്ടത്തിനായി പുതിയ സമരമുറ ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. സമരസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഉപരോധം, ദേശീയപാത തടയല്‍, കലക്ടറേറ്റ് മാര്‍ച്ച്, പഞ്ചായത്ത് ധര്‍ണ, നിയമസഭാ മാര്‍ച്ച് തുടങ്ങി നൂറില്‍പ്പരം വ്യത്യസ്ത സമരമുറകളും നടത്തിയിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അനുകൂല നിലപാട് ഉണ്ടാകുമെന്നും വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കിയെങ്കിലും ആ വാഗ്ദാനവും പാഴായി. തുരുത്തി, വേളാപുരം, കോട്ടകത്ത്, അത്താഴക്കുന്ന് പ്രദേശങ്ങളിലെ സമരസമിതികള്‍ ചേര്‍ന്ന് സംയുക്തമായാണ് നിരാഹാര സമരം നടത്തുന്നത്.
തുരുത്തി സമരപ്പന്തലില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ നിഷില്‍ കുമാര്‍, പ്രസിഡന്റ് കെ. സിന്ധു, നേതാക്കളായ മുട്ടം പുരുഷു, കെ. രമേശന്‍, മധു മാടന്‍, എ. ലീല, കെ. പുഷ്പന്‍, നിമ വേലായുധന്‍, കെ. സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."