ചെറുതോണി, മൂന്നാര്‍, പെരുമറ്റം പാലങ്ങള്‍ക്ക് 9 കോടി കേന്ദ്രഫണ്ട് അനുവദിച്ചു
ചെറുതോണി: ജില്ലയിലെ മൂന്ന് പ്രധാന പാലങ്ങളുടെ നിര്‍മാണത്തിന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തില്‍ നിന്നും 9 കോടി രൂപ അനുവദിച്ചതായി അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി അറിയിച്ചു.
ജില്ലാ ആസ്ഥാനമായ ചെറുതോണി ടൗണിലെ പഴകിയ പാലം നവീകരിച്ച് ബലപ്പെടുത്തുന്നതിന് രണ്ട് കോടി രൂപയും മൂന്നാര്‍ പൈപ്പ്‌ലൈന്‍ പാലത്തിന് രണ്ട് കോടി രൂപയും നേര്യമംഗലം - മൂന്നാര്‍ ദേശീയ പാതയിലെ പെരുമറ്റം പാലം പുതുക്കി പണിയുന്നതിന് അഞ്ച് കോടി രൂപയും പ്രത്യേകമായി അനുവദിച്ചു.
ചെറുതോണി പാലം ഇടുക്കി ആര്‍ച്ച് ഡാമിന്റെ നിര്‍മ്മാണകാലത്ത് താല്‍ക്കാലികമായി നിര്‍മ്മിച്ചതാണ്.
പിന്നീട് നിരന്തരമായ അപകടങ്ങള്‍ ഉണ്ടാവുകയും നിരവധിപേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. കാലപ്പഴക്കം മൂലം ബലക്ഷയമുണ്ടായിട്ടുള്ള പാലത്തിന്റെ സുരക്ഷ ഉറപ്പാക്കി ബലപ്പെടുത്തി നവീകരിക്കുന്നത് ജില്ലാ ആസ്ഥാന വികസനത്തിന് ആക്കം കൂട്ടുമെന്ന് എംപി പറഞ്ഞു. നേരത്തെ നൂറ്റാണ്ടിലധികം പഴക്കമുള്ള വണ്ടിപ്പെരിയാര്‍ പാലവും, അടിമാലി കല്ലാര്‍ പാലവും കേന്ദ്രഫണ്ടില്‍ നിന്നും 13 കോടിയോളം രൂപ ചിലവില്‍ നിര്‍മിച്ച് കഴിഞ്ഞമാസം ജനങ്ങള്‍ക്കായി തുറന്നു നല്‍കിയിരുന്നു.
കേന്ദ്ര ഏജന്‍സിയായ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയുള്ള നെടുങ്കണ്ടം കല്ലാര്‍ പാലത്തിന്റെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്.
ജില്ലയില്‍ ദേശീയപാതാ വികസനവും പാലങ്ങളുടെ പുനരുദ്ധാരണവും സംസ്ഥാനപാതകളുടെ നിര്‍മ്മാണവും അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും എംപി പറഞ്ഞു. ചെറുതോണി, മൂന്നാര്‍, പെരുമറ്റം പാലങ്ങള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി രണ്ട് മാസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നും ആറുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് സഞ്ചാരത്തിനായി തുറന്നു നല്‍കാന്‍ കഴിയുമെന്നും ജോയ്‌സ് ജോര്‍ജ് എംപി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."