കേരള കോണ്‍ഗ്രസ് പിളര്‍പ്പ് താഴേത്തട്ടിലേക്കും
കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പ് താഴേത്തട്ടിലേക്കും.
ജില്ലാ പ്രസിഡന്റുമാരെ പരസ്പരം പുറത്താക്കിക്കൊണ്ട് പ്രത്യേകം മണ്ഡലം കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത് പിളര്‍പ്പ് താഴേത്തട്ടിലെത്തിക്കാനുള്ള നീക്കം ഇരുവിഭാഗവും ആരംഭിച്ചു. എറണാകുളം ജില്ലയില്‍ ഒരേസമയം യോഗം വിളിച്ചുചേര്‍ത്താണ് ഇരുവിഭാഗവും പുറത്താക്കലും അച്ചടക്കനടപടിയും സ്വീകരിച്ചത്.
കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനായി നിയമിച്ചത് തള്ളിക്കൊണ്ട് ജോസ് കെ. മാണിയെ ചെയര്‍മാനായി ഒരുവിഭാഗം തെരഞ്ഞെടുത്തതോടെയാണ് കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് മറനീക്കി പുറത്തുവന്നത്. ഇതോടെ ഇരുനേതാക്കള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രത്യേകം പ്രത്യേകം യോഗം ചേര്‍ന്ന് ജില്ലാ പ്രസിഡന്റുമാരെ പരസ്പരം പുറത്താക്കിക്കൊണ്ടിരിക്കെയാണ് ഗ്രൂപ്പ് യോഗങ്ങള്‍ നിയോജക മണ്ഡലം തലങ്ങളിലേക്കും മണ്ഡലം കമ്മിറ്റികളിലേക്കും വ്യാപിക്കുന്നത്.
പി.ജെ ജോസഫിനൊപ്പം നിലകൊള്ളുന്ന എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുപുറത്തെ പുറത്താക്കിക്കൊണ്ട് ജോസ് കെ. മാണി അനുകൂലികള്‍ കഴിഞ്ഞദിവസം സംസ്ഥാന ജനറല്‍സെക്രട്ടറിയും ഉന്നതാധികാരസമിതി അംഗവുമായ ബാബു ജോസഫിനെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.
ഇന്നുമുതല്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ കണ്‍വന്‍ഷനുകള്‍ ചേര്‍ന്ന് തങ്ങള്‍ക്ക് അനുകൂലമല്ലാത്ത പ്രസിഡന്റുമാരെ നീക്കംചെയ്യാനാണ് ജോസ് കെ.മാണി പക്ഷത്തിന്റെ തീരുമാനം.
അതിനിടെ, ഷിജു തെക്കുപുറത്തിന്റെ നേതൃത്വത്തില്‍ സമാന്തര ജില്ലാകമ്മിറ്റി യോഗം ചേര്‍ന്ന് പി.ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചു. ആലുവയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ നടപടിയെടുക്കാനും തീരുമാനിച്ചു. മുന്‍മന്ത്രി ടി.യു കുരുവിളയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ജില്ലാ കമ്മിറ്റിയില്‍ ജോസഫ് പക്ഷത്തെ പ്രമുഖര്‍ പങ്കെടുത്തു.
എറണാകുളത്ത് ജോസ് കെ. മാണി പക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സജീവനാണ്. ഇരുപക്ഷവും നിയോജക മണ്ഡലം പ്രസിന്റുമാരുടെയും ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഭൂരിപക്ഷപിന്തുണ അവകാശപ്പെടുന്നുണ്ട്.
താഴേത്തട്ടില്‍ യോഗം വിളിക്കുന്ന ഇരുപക്ഷവും ജനപ്രതിനിധികളെ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ്. എറണാകുളം ജില്ലയില്‍ മൂന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ഒരു ബ്ലോക്ക് പ്രസിഡന്റുമാണുള്ളത്. കഴിഞ്ഞദിവസങ്ങളില്‍ ജോസഫ് പക്ഷത്തുനിന്ന് ജോസ് കെ.മാണിക്കൊപ്പം കൂടിയ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം.ടി തോമസിനെ മാറ്റി ജോസഫ് പക്ഷം സി.വി കുര്യാക്കോസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. ഇതിനുപകരമായിട്ടാണ് എറണാകുളം കമ്മിറ്റിയിലും ജോസ് കെ. മാണി പക്ഷം പിളര്‍പ്പുണ്ടാക്കിയത്. വയനാട്ടില്‍ കെ.ടി ദേവസ്യയെയും കോഴിക്കോട്ട് ടി.എം ജോസഫിനെയും ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായാണ് ജോസഫ് പക്ഷം അവകാശപ്പെടുന്നത്. വരുംദിവസങ്ങളില്‍ ഇരുപക്ഷവും തങ്ങളുടെ ജില്ലാപ്രസിഡന്റുമാരെ പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."