അമിതഭാരം കയറ്റിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് പോകും
തൊടുപുഴ: അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
അമിതഭാരം കയറ്റി സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍, ആര്‍.ടി.ഒമാര്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒമാര്‍, ജോയിന്റ് ആര്‍.ടി.ഒമാര്‍ എന്നിവര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കത്തുനല്‍കി. അമിതഭാരം പിടിക്കപ്പെട്ടാല്‍ ആദ്യതവണ പതിനായിരം രൂപയും അധികമുള്ള ഓരോ ടണ്ണിനും 1,500 രൂപ വീതവും പിഴ ഈടാക്കും. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ പിഴ പതിനായിരത്തില്‍ നിന്ന് ഇരുപതിനായിരം ആകും.
വീണ്ടും ആവര്‍ത്തിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടിയാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്ത് സര്‍വിസ് നടത്തുന്ന ട്രക്കുകളില്‍ ഭൂരിഭാഗവും അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ ഭാരംകയറ്റി അപകടകരമായ രീതിയില്‍ സര്‍വിസ് നടത്തുന്നതായും ഇതുമൂലം റോഡപകടങ്ങള്‍ വര്‍ധിക്കുകയും റോഡുകള്‍ നശിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ഓള്‍ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2019 ഡിസംബര്‍ 3ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നിര്‍ദേശം നല്‍കി.
എന്നാല്‍, ഈ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വരുത്തിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഓള്‍ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്‍ വിശദമായ നിവേദനം 2020 സെപ്റ്റംബര്‍ 19ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നല്‍കി. ഇതേതുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അടിയന്തരമായി ഇടപെടുകയായിരുന്നു.
ഹൈക്കോടതി നിര്‍ദേശം പാലിക്കാന്‍ അമിതഭാരം കയറ്റി സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ കര്‍ശന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."