ഇരകള്‍ ചത്തു തുലയട്ടെ അഴിമതിക്കാര്‍ വളരട്ടെ..!
ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന മിന്നല്‍ പരിശോധനയുടെ വാര്‍ത്ത കേട്ടാണ് ഈ കുറിപ്പ് എഴുതിത്തുടങ്ങുന്നത്. ആ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയത് സത്യസന്ധനായ ഈ ഉദ്യോഗസ്ഥന് എത്ര നാള്‍ ജയില്‍ മേധാവിയുടെ കസേരയില്‍ ഇരിക്കാനാകുമെന്നതാണ്. അഴിമതിക്കാരെയും നിയമലംഘകരെയും വേട്ടയാടിയതിന്റെ പേരില്‍ ജയില്‍മേധാവിയുടേതുള്‍പ്പെടെ ഇരുന്ന കസേരകളില്‍ നിന്നെല്ലാം പല തവണ തൂത്തെറിയപ്പെട്ട ഉദ്യോഗസ്ഥനാണല്ലോ ഋഷിരാജ് സിങ്.
കേരളത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ 1985 ബാച്ചുകാരാണ് ഇന്നത്തെ പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും തുടര്‍ച്ചയായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസും ഋഷിരാജ് സിങ്ങും. പ്രായം നോക്കിയാല്‍ ഏറ്റവും സീനിയര്‍ ജേക്കബ് തോമസാണ്, രണ്ടാമത് ഋഷിരാജ് സിങ്ങും. എന്നിട്ടും എന്തുകൊണ്ട് അവര്‍ക്കിരുവര്‍ക്കും പൊലിസ് മേധാവിയുടെ കസേരയില്‍ ഒരു ദിവസം പോലും ഇരിക്കാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ട് 2017 മുതല്‍ ആറുമാസം കൂടുമ്പോള്‍ ജേക്കബ് തോമസ് തുടര്‍ച്ചയായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട് ഋഷിരാജ് സിങ്ങിനെ ഒരു കസേരയിലും ഉറച്ചിരിക്കാന്‍ അനുവദിക്കാതെ പന്തുതട്ടിക്കളിക്കുന്നു.
ഉത്തരം ലളിതം. അഴിമതിക്കാരോടും നിയമലംഘകരോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തവരാണ് ഈ രണ്ട് ഉദ്യോഗസ്ഥരും.
ജേക്കബ് തോമസിന്റെ കസേര തെറിപ്പിച്ചത് അദ്ദേഹം വിജിലന്‍സ് ഡയറക്ടറായിരിക്കെ ഒരു മന്ത്രിയുടെ ബന്ധുനിയമനക്കേസിലും രണ്ടു സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതിക്കേസിലും ശക്തമായ നിലപാടെടുത്തതു കൊണ്ടാണ്. അതിനു മുമ്പ് അദ്ദേഹത്തിന്റെ കഴുത്തില്‍ കയറുമുറുക്കിയത് ബാര്‍ കോഴക്കേസില്‍ രണ്ടുമന്ത്രിമാരുടെ ചീട്ടുകീറുംവരെ കാര്യങ്ങളെത്തിച്ചുവെന്നതിലായിരുന്നു.
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എന്നൊരു വകുപ്പുണ്ടെന്നും ആ വകുപ്പില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഇരുന്നാല്‍ എന്തൊക്കെ ചെയ്യാനാകുമെന്നും ജനത്തിനു ബോധ്യമായത് ജേക്കബ് തോമസ് ആ വകുപ്പിന്റെ മേധാവിയായപ്പോഴായിരുന്നു. വിജിലന്‍സ് മേധാവിയായി അദ്ദേഹം ചുമതലയേല്‍ക്കാന്‍ വന്ന സമയത്തു മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ ചുവപ്പും മഞ്ഞയും കാര്‍ഡുകള്‍ ഇവിടത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കുമുള്ള താക്കീതായിരുന്നു.
അഴിമതി നടത്തിയാല്‍ ഏതവനാണെങ്കിലും ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോകുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കുകയായിരുന്നു. അതൊരു തമാശക്കാര്യമല്ലെന്നു പിന്നീടു തെളിയിക്കുകയും ചെയ്തു. ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കു രാജിവയ്‌ക്കേണ്ടിവന്നു, കെ. ബാബുവിനു രാജി സമര്‍പ്പിക്കേണ്ടി വന്നു. ബന്ധുനിയമനക്കേസില്‍ ഇ.പി ജയരാജനു സ്ഥാനമൊഴിയേണ്ടിവന്നു. ജേക്കബ് തോമസ് കുറേക്കൂടി ശക്തമായി മുന്നോട്ടുപോയപ്പോള്‍ രണ്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുടെ കഴുത്തില്‍ അഴിമതിക്കുരുക്കു മുറുകുമെന്ന അവസ്ഥയും വന്നു. അന്നു തുടങ്ങി ജേക്കബ് തോമസ് എന്ന അഴിമതി വിരുദ്ധനായ ഉദ്യോഗസ്ഥന്റെ കഷ്ടകാലം. അഴിമതി വിരുദ്ധപ്പോരാട്ടം നടത്തിയെന്ന പേരില്‍ ശിക്ഷിക്കാനാവില്ലല്ലോ. അതിനാല്‍, അദ്ദേഹത്തിന്റെ പേരില്‍ അഴിമതി പരാതികള്‍ കൊണ്ടുവന്നു. അതില്‍ കുരുക്കാനാകില്ലെന്നു കണ്ടപ്പോള്‍ ഓഖി ദുരന്തത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ നിര്‍ബന്ധിതാവധിയെടുപ്പിച്ചു. അവധി കഴിഞ്ഞുവന്നപ്പോള്‍ വിജിലന്‍സ് കസേര മാറ്റിക്കളഞ്ഞു.
എന്നിട്ടും അടങ്ങാതെ അഴിമതിക്കാര്‍ക്കെതിരേ പുസ്തകമെഴുതിയപ്പോള്‍ വന്നു സസ്‌പെന്‍ഷന്‍. അതിപ്പോഴും ആറുമാസം കൂടുമ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജേക്കബ് തോമസ് വിരമിക്കുംവരെ ഇനി കസേര അദ്ദേഹത്തിന് കിട്ടില്ലെന്നുറപ്പ്.
വി.എസ് അച്യുതാനന്ദനു ഖ്യാതി നേടിക്കൊടുത്ത മൂന്നാര്‍ ദൗത്യത്തില്‍ അഴിമതിക്കാരെ മാന്തിപ്പൊളിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നു പൂച്ചകളുടെ കഥ പറയാതെ കേരളത്തിലെ അഴിമതിവിരുദ്ധപ്പോരാട്ടക്കാരുടെ ദുരന്തകഥ പൂര്‍ണമാകില്ല. സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ സുരേഷ്‌കുമാറും അന്നത്തെ ഇടുക്കി കലക്ടറായിരുന്ന രാജു നാരായണസ്വാമിയും അന്ന് ഡി.ഐ.ജിയായിരുന്ന ഋഷിരാജ്‌സിങ്ങുമായിരുന്നു ഉന്നതരാഷ്ട്രീയക്കാരും പണച്ചാക്കുകളുമടങ്ങുന്ന ഭൂമാഫിയയുടെ ചിറകരിയാനെത്തിയ പൂച്ചകള്‍. ഭരണകക്ഷി നേതാക്കളുള്‍പ്പെടെ ഭീഷണി മുഴക്കിയിട്ടും അവര്‍ മൂന്നാര്‍ ദൗത്യം നിറവേറ്റുന്നതില്‍ നിന്നു പിന്നോട്ടുപോയില്ല.
എന്നാല്‍, പിന്നീടെല്ലാം മലക്കംമറിഞ്ഞു. വി.എസിനെ മൗനിയാക്കി ഭൂമാഫിയ എല്ലാം തിരിച്ചുപിടിച്ചു. മൂന്നാര്‍ കയറിയ പൂച്ചകള്‍ വഴിയാധാരമായി. രാജു നാരായണസ്വാമി കഴിഞ്ഞദിവസം പറഞ്ഞപോലെ കേസ് നടത്തേണ്ട ബാധ്യതപോലും അവരുടെ ചുമലിലായി. അവരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി പകവീട്ടി. ഒടുവില്‍ സുരേഷ്‌കുമാര്‍ മനംമടുത്തു സ്വയം വിരമിക്കല്‍ ശിക്ഷ ഏറ്റുവാങ്ങി. അന്നു മാഫിയയ്ക്കുവേണ്ടി ഘോരഘോരം വാദിച്ചവരെല്ലാം അധികാരത്തിന്റെ സോപാനമേറി.
അഴിമതി മാഫിയയുടെ പകതീര്‍ന്നില്ലെന്നതിനു തെളിവാണ് ഇപ്പോഴും രാജുനാരായണസ്വാമി നേരിട്ടുകൊണ്ടിരിക്കുന്ന ദുരനുഭവം. അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള അദ്ദേഹത്തെ സര്‍വിസില്‍ നിന്നു പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി. പിരിച്ചുവിടാന്‍ കണ്ടെത്തിയ കാരണങ്ങള്‍ വിചിത്രമാണ്. വിവിധ പദവികളിലിരിക്കെ മിക്കപ്പോഴും ഓഫിസിലുണ്ടായിരുന്നില്ലെന്നും ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിച്ചുവെന്നും കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് കേരളത്തിലെത്തിയതു സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ലെന്നുമൊക്കെയാണു കാരണങ്ങള്‍. കോടിക്കണക്കിനു രൂപ തൊണ്ടതൊടാതെ വിഴുങ്ങിയ വമ്പന്മാര്‍ പോറല്‍പോലുമേല്‍ക്കാതെ സസുഖം വാഴുന്നിടത്താണ് ഇത്രയും നിസ്സാര കുറ്റത്തിന് ഒരാളെ പുറത്താക്കുന്നത്!
കേന്ദ്ര ഡെപ്യൂട്ടേഷന്‍ മടുത്തു സ്വാമി തിരിച്ചുപോന്നതല്ല. നാളികേര വികസന ബോര്‍ഡില്‍ നടന്ന കോടിക്കണക്കിനു രൂപയുടെ അഴിമതി കൈയോടെ പിടിച്ചതിനു മോദി സര്‍ക്കാര്‍ പുകച്ചുചാടിച്ചതാണ്. അതിനെതിരേ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂനലില്‍ കേസ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ചുമതലയെടുത്താല്‍ കേസ് ദുര്‍ബലമാകുമെന്നാണു നിയമോപദേശം. അക്കാര്യം ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നു രാജു നാരായണ സ്വാമി പറയുന്നു. അതു ശരിയാണെങ്കില്‍ പിരിച്ചുവിടലിന് അക്കാരണം മതിയാകില്ല.
ഇരുന്ന പദവികളിലെല്ലാം അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുത്ത ഉദ്യോഗസ്ഥനാണ് രാജു നാരായണസ്വാമി. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു മന്ത്രിക്കു വരെ രാജിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ചീഫ് സെക്രട്ടറിയുള്‍പ്പെടെ നടത്തിയ അഴിമതിയുടെ രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം ഇപ്പോള്‍ പറയുന്നുമുണ്ട്. അപ്പോള്‍, സ്വാമിയുടെ തലയുരുട്ടാന്‍ ശ്രമിച്ചതിനു വേറെ കാരണം കണ്ടെത്തേണ്ടതില്ല.
കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ ചുവപ്പുനാടയില്‍ കുരുങ്ങി ഒരു വ്യവസായി ആത്മഹത്യ ചെയ്ത സംഭവം നമ്മുടെ മുന്നിലുണ്ട്. വിദേശത്തുപോയി വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ പണമുപയോഗിച്ച് നാട്ടിലൊരു കണ്‍വെന്‍ഷന്‍ ഹാള്‍ പണിതയാളെ നിസ്സാര കാരണങ്ങള്‍ പറഞ്ഞു നട്ടം തിരിക്കുകയായിരുന്നുവെന്നും അതു സഹിക്കാതെ അയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണു ബന്ധുക്കള്‍ പറയുന്നത്.
കേരളത്തിലെ മഹാഭൂരിപക്ഷം കെട്ടിടങ്ങളും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണു നിര്‍മിക്കപ്പെട്ടത്. അതൊന്നും ചുവപ്പു നാടയില്‍ കുരുങ്ങിയിട്ടില്ല.
എന്നിട്ടും ആ മനുഷ്യനെ നട്ടം തിരിച്ചത് എന്തിനു വേണ്ടി.
കാരണമെന്തെന്ന് അന്വേഷിക്കേണ്ടതില്ലല്ലോ.
അഴിമതിക്കാരുടെ ആര്‍ത്തിക്കു വഴങ്ങാത്തവന്‍ പോയി ചത്തു തുലയട്ടെ, അതല്ലെങ്കില്‍ പണിയില്ലാതെ ഗതികെട്ട് അലയട്ടെ.
എന്തുവന്നാലും, അഴിമതി മാഫിയ നീണാള്‍ വാഴട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."