സംവരണ അട്ടിമറിക്കെതിരേ പ്രതിഷേധ കൈയൊപ്പ് ചാര്‍ത്തി ജനലക്ഷങ്ങള്‍
കോഴിക്കോട്: പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് സംവരണം അട്ടിമറിച്ചതിനെതിരേ പ്രതിഷേധ കൈയൊപ്പ് ചാര്‍ത്തി ജനലക്ഷങ്ങള്‍. സമസ്ത സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പള്ളികളില്‍ ജുമുഅ നിസ്‌കാരത്തിന് ശേഷമാണ് ഒപ്പ് ശേഖരണം നടന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുള്ള പള്ളികളില്‍ ഇതിനായി പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഈ ഒപ്പുകള്‍ ക്രോഡീകരിച്ച് സമസ്ത സംവരണ സംരക്ഷണ സമിതി നേതാക്കള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. 10 ലക്ഷം ഒപ്പുകള്‍ ശേഖരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും അതിലേറെ പേര്‍ ഒപ്പുവച്ചെന്നാണ് പ്രാഥമിക കണക്ക്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ ഒപ്പുശേഖരണത്തില്‍ പങ്കെടുത്തു.
സാമ്പത്തിക സംവരണത്തിന്റെ മറവില്‍ പിന്നോക്ക വിഭാഗങ്ങളെ പൂര്‍ണമായും അവഗണിച്ച് മുന്നോക്ക സംവരണം നടപ്പിലാക്കി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേയാണ് ഒപ്പുശേഖരണം നടന്നത്. വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ സംവരണ വിഭാഗങ്ങളുടെ അവസരങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാരിനെതിരേ പ്രതിഷേധം അലയടിക്കുന്നതായി ഒപ്പുശേഖരണം.
മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക ജനവിഭാഗത്തിന് ഇന്ത്യന്‍ ഭരണഘടനാപ്രകാരം അനുവദിച്ച സംവരണാനുകൂല്യങ്ങളില്‍ അട്ടിമറി നടത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കുന്നതോടൊപ്പം എല്ലാ മേഖലകളിലും കാറ്റഗറികളിലും മുസ്‌ലിംകള്‍ക്ക് 12 ശതമാനം സംവരണം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക, റിസര്‍വേഷന്‍ ബാക്ക് ലോഗ് ഒഴിവുകള്‍ നികത്തുക, പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണമേര്‍പ്പെടുത്തുക, റിസര്‍വേഷന്‍ റോസ്റ്റര്‍റൊട്ടേഷന്‍ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുക, സംവരണാനുപാതം പുനര്‍നിര്‍ണയിക്കുന്നതിന് 1993 മുതല്‍ നടത്തേണ്ടിയിരുന്ന സര്‍വെ യഥാവിധി നടത്തുകയും സംവരണ ക്വാട്ട പുനര്‍നിര്‍ണയം നടത്തുകയും ചെയ്യുക തുടങ്ങിയ അഞ്ച് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഭീമഹരജിയിലാണ് ലക്ഷക്കണക്കിന് ജനങ്ങള്‍ ഒപ്പുവച്ചത്.
എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റികളാണ് പള്ളികളില്‍ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കി ഒപ്പുശേഖരണം നടത്തിയത്. മഹല്ല് - മദ്‌റസ കമ്മിറ്റികള്‍, സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ജംഇയ്യത്തുല്‍ മുദരിസീന്‍, ജംഇയ്യത്തുല്‍ ഖുത്വബാ, സമസ്ത പ്രവാസി സെല്‍, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ തുടങ്ങിയ സമസ്തയുടെ കീഴ്ഘടകങ്ങള്‍ ഒപ്പുശേഖരണത്തിന് നേതൃത്വം നല്‍കി.
ഒപ്പുകള്‍ എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍, മേഖലാ, ജില്ല കമ്മിറ്റികള്‍ മുഖേന 18നകം കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ എത്തിക്കേണ്ടതാണെന്ന് സമസ്ത സംവരണ സംരക്ഷണ സമിതി കണ്‍വിനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."