ശബ്ദവും വെളിച്ചവുമില്ലാതെ ഉച്ചഭാഷിണി മേഖല
തിരുവമ്പാടി: പ്രളയത്തില്‍നിന്ന് നാടും നഗരവും ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ കരകയറാനാകാതെ ഉച്ചഭാഷിണി മേഖല. മൂന്നു മാസത്തോളമായി ഈ മേഖലയിലെ ജീവനക്കാര്‍ തൊഴിലില്ലാതെ പ്രയാസപ്പെടുന്നത്. പ്രളയവും ദുരിതവും തെല്ലൊന്നുമല്ല ഇവരുടെ ജീവിതത്തെ ബാധിച്ചത്.
ഓണവും പെരുന്നാളും ഉള്‍പ്പടെയുള്ള സാമാന്യം ഭേദപ്പെട്ട സീസണാണ് പ്രളയത്തില്‍ ഒലിച്ചുപോയത്. സ്‌കൂള്‍, കോളജുകള്‍, ക്ലബുകള്‍, സാംസ്‌കാരിക സംഘടനകള്‍, പാര്‍ട്ടികള്‍, നാട്ടുകൂട്ടായ്മകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങള്‍ മൂന്നാഴ്ചയോളം നീണ്ടുനില്‍ക്കാറുണ്ടായിരുന്നു. നിപായും പ്രളയവും പകര്‍ച്ചവ്യാധികളും ജില്ലയെ പിടിച്ചുലക്കുമ്പോള്‍ വറുതിയുടെ രാപകലുകളാണ് ഇവര്‍ക്ക് കഴിഞ്ഞുപോകുന്നത്.
ചെറിയ- ബലിപെരുന്നാളുകളോട് അനുബന്ധിച്ചുള്ള കഥാപ്രസംഗങ്ങള്‍, മതപ്രഭാഷണങ്ങള്‍ എന്നിവയും പലയിടത്തും ഒഴിവാക്കി. വിവാഹവീടുകളിലെ ഗാനമേളകളും ആളുകള്‍ വേണ്ടെന്നുവച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പരിപാടികളും ഒഴിവാക്കി. പ്രളയജലമിറങ്ങി ജനജീവിതം സാധാരണ നിലയിലേക്കു വരുമ്പോഴാണ് കലോത്സവങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
സ്‌കൂള്‍ തലം മുതലുള്ള കലോത്സവങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം മൂലം നിരവധി പേരായിരുന്നു ഈ വഴിയില്‍ ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. കലോത്സവം പകിട്ട് കുറച്ചു നടത്താന്‍ തീരുമാനിച്ചത് ഇപ്പോള്‍ ചെറിയ ആശ്വാസമായിട്ടുണ്ട്.
ജനറേറ്റര്‍ ഉള്‍പ്പടെയുള്ളവ ഇടയ്ക്കിടെ പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നത് ഇവ പെട്ടെന്ന് നശിക്കാന്‍ ഇടവരുത്തുമെന്ന് ഈ രംഗത്തള്ളവര്‍ പറയുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം ഉടമകളും വിവിധ ബാങ്കുകളില്‍നിന്ന് ലോണെടുത്താണ് ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയത്. മേഖല സ്തംഭിച്ചതിനാല്‍ പലരുടെയും തിരിച്ചടവ് മുടങ്ങിക്കിടക്കുകയാണ്. ഇതോടെ നിരന്തരം ബാങ്കുകളില്‍ നിന്ന് വിളിയും ഭീഷണിയുമാണെന്നും ഇവര്‍ പറയുന്നു. പ്രളയത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ വെള്ളം കയറിയതിനാല്‍ സൗണ്ട് ഉപകരങ്ങള്‍ നഷ്ടപ്പെട്ടതോടെ കോടികണക്കിനു രൂപയുടെ നഷ്ടങ്ങളുമുണ്ടായി.
സംസ്ഥാനത്തു പതിനായിരത്തിലേറേ സ്ഥാപനങ്ങളിലായി ലക്ഷക്കണക്കിന് ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു കണക്ക്. ഈ മേഖലയെ ഉപയോഗപ്പെടുത്തി ജീവിതമാര്‍ഗം തേടുന്ന കലാകാരന്മാരും ഇതിലേറേ ഭീഷണിയിലായി. സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ വന്‍ ഭീഷണിയാണ് ഈ മേഖലയില്‍ നേരിടേണ്ടിവരിക.
പ്രളയദുരന്ത സമയങ്ങളില്‍ ക്യാംപുകളിലും മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം ആയിരക്കണക്കിനു ജനറേറ്ററുകളും വെളിച്ച സംവിധാനവും സര്‍ക്കാര്‍ നിര്‍ദേശപ്രകാരവും അല്ലാതെയും പ്രതിഫലം വാങ്ങാതെ എത്തിച്ചുകൊടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട്, പന്തല്‍ മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കണമെന്ന് എല്‍.എസ്.ഡബ്ല്യു.എ.കെ സംസ്ഥാന മീഡിയ കോഡിനേറ്റര്‍ എ.എം.എ റഷീദ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."