മുല്ലപ്പള്ളിയുടെ സ്ഥാനലബ്ധി ആഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റായി നിയമിതനായി മുല്ലപ്പള്ളി രാമചന്ദ്രന്റെ പുതിയ സ്ഥാനലബ്ധി ആഘോഷമാക്കി ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
മുല്ലപ്പള്ളിയുടെ പുതിയ സ്ഥാനം പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രതീക്ഷയും ആവേശവും പകരുന്നതാണെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ പറഞ്ഞു. സി.കെ ഗോവിന്ദന്‍ നായര്‍ക്കു ശേഷം മലബാറില്‍ നിന്നുള്ള കരുത്തനായ കെ.പി.സി.സി പ്രസിഡന്റായി സംഘടനയെ സുശക്തമാക്കാന്‍ മുല്ലപ്പള്ളിക്ക് സാധിക്കും. മതേതര വിശ്വാസികള്‍ ഏറെ ആശയോടെയാണ് അദ്ദേഹത്തെ കാണുന്നതെന്ന് പി. ശങ്കരന്‍ അഭിപ്രായപ്പെട്ടു.
നിയുക്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അഭിവാദ്യമര്‍പ്പിക്കാനും ആഹ്ലാദം പങ്കിടാനും ഡി.സി.സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പി. ശങ്കരന്‍.
ചെങ്കോട്ടകള്‍ പിഴുതെറിഞ്ഞ പാരമ്പര്യമുള്ള മുല്ലപ്പള്ളിയുടെ വരവ് കോണ്‍ഗ്രസിനും യു.ഡി.എഫിനും പുതിയ ആവേശം നല്‍കിയതായി അധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. നട്ടെല്ലു വളയ്ക്കാതെ രാഷ്ട്രീയ എതിരാളികളുടെ മുഖത്തുനോക്കി ഏതഭിപ്രായവും തുറന്നു പറയാനുള്ള മുല്ലപ്പള്ളിയുടെ ശൈലി മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ. പി.എം നിയാസ്, കെ.പി ബാബു, ഡി.സി.സി ഭാരവാഹികളായ പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, പി.എം അബ്ദുറഹ്മാന്‍, മനക്കല്‍ ശശി, എസ്.കെ അബൂബക്കര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."