സുരക്ഷാവേലിയില്ലാതെ മമ്പറം പാലം നിര്‍മാണം; കണ്ണൊന്ന് തെറ്റിയാല്‍..
പെരളശ്ശരി: മമ്പറം പാലം നിര്‍മാണ സ്ഥലത്ത് സുരക്ഷാവേലി വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ഇവിടെ ഇരുമ്പുകമ്പി കുഴിച്ചിട്ട് പ്ലാസ്റ്റിക്ക് റിബണ്‍ വലിച്ചുകെട്ടിയാണ് പ്രവൃത്തി നടത്തുന്നത്. റോഡരികില്‍ ചാക്കില്‍ മണല്‍ നിറച്ച് നിരത്തിയിട്ടുണ്ട്. നിലവിലെ റോഡില്‍ നിന്നു താഴ്ന്ന സ്ഥലത്താണ് പൈലിങ് ജോലികള്‍ നടക്കുന്നത്. കണ്ണൊന്ന് തെറ്റിയാല്‍ പുതുതായി നിര്‍മിച്ച പാലത്തിന്റെ കോണ്‍ക്രീറ്റിലെ ഇരുമ്പ് തൂണിലേക്കും നിര്‍മാണ സാമഗ്രികളിലേക്കുമാണ് വാഹനങ്ങളും കാല്‍നട യാത്രക്കാരുമെല്ലാം വന്നുവീഴുക.
ഇവിടെ ഒരുവശം കാടുമൂടിയ സ്ഥലവുമാണ്. തീരേ വീതിയില്ലാത്ത ഇവിടുത്തെ റോഡിലൂടെ ഇരുവശത്തു നിന്നും വാഹനങ്ങള്‍ വന്നാല്‍ കാല്‍നട യാത്രക്കാര്‍ക്ക് നടന്നു പോകാന്‍ സ്ഥലമുണ്ടാകില്ല. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇതുവഴി മമ്പറം ടൗണിലേക്ക് യാത്ര ചെയ്യുന്നത്. തെരുവുവിളക്കുകളില്ലാത്തതിനാല്‍ ഇവിടെ രാത്രികാലത്തെ വെളിച്ചക്കുറവും വാഹനങ്ങള്‍ക്കും അപകടഭീഷണിയുണ്ടാക്കുന്നു. എതിര്‍വശത്ത് സ്ഥാപിച്ച തൂണിലെ തെരുവുവിളക്ക് ഒരു വശത്തേക്ക് ചെരിഞ്ഞ നിലയിലാണുള്ളത്. യാത്രക്കാരെയും വാഹനങ്ങളെയും അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ പാലം നിര്‍മാണസ്ഥലത്ത് സുരക്ഷാവേലി ഒരുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."