കശ്മിര്‍: യു.എന്നിന് പരിഹരിക്കാനാകില്ലെന്ന് നവാസ് ശരീഫ്
ഇസ്‌ലാമാബാദ്: ഐക്യരാഷ്ട്രസഭയ്ക്ക് ഒരിക്കലും പരിഹരിക്കന്‍ കഴിയാത്ത വിഷയമാണ് കശ്മിര്‍ എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. പാക് അധീന കശ്മിരില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുമായി സംസാരിക്കുമ്പോഴാണ് നവാസ് ശരീഫ് ഇക്കാര്യം പറഞ്ഞത്. ഐക്യരാഷ്ട്ര സഭയുടെ മുന്നില്‍ പരിഹാരമില്ലാതെ കിടക്കുന്ന പ്രശ്‌നമാണ് കശ്മിര്‍. എന്നാല്‍ കശ്മിരിലെ ജനങ്ങള്‍ക്ക് പാകിസ്താന്റെ സഹായം തുടരും. ധാര്‍മികമായും നയതന്ത്രപരമായും അതു തുടരുകതന്നെ ചെയ്യും. യുഎന്നിന്റെ നേതൃത്വത്തില്‍ ഹിതപരിശോധന കശ്മീരിലെ ജനങ്ങളുടെ അവകാശമാണ്. എല്ലാ അന്താരാഷ്ട്ര സമ്മേളനങ്ങളിലും തങ്ങള്‍ അത് ഉയര്‍ത്തിക്കൊണ്ടുവരികതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പാക് അധീന കശ്മിരിലെ ജനങ്ങള്‍ ഭാഗ്യമുള്ളവരാണ്. കാരണം നിങ്ങള്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. കശ്മിരിലെ ജനങ്ങള്‍ക്കും സ്വാതന്ത്ര്യത്തിന് പാകിസ്താന്റെ സഹായം എന്നുമുണ്ടാകും. നമ്മുടെ ഹൃദയം മിടിക്കുന്നത് കശ്മീരികള്‍ക്കു വേണ്ടിയാണ്. അതുകൊണ്ടു തന്നെ തോളോടുതോള്‍ ചേര്‍ന്ന് അവര്‍ക്കു വേണ്ടി നിലകൊള്ളണം. നിയന്ത്രണരേഖയ്ക്കപ്പുറത്തുള്ള കശ്മിരിലെ ജനങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കണമെന്നും അദ്ദേഹം നിയമസഭാംഗങ്ങളോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."