ഭരണപരിഷ്കാര കമ്മിഷന്: വി.എസിനെതിരേ ഹൈക്കോടതിയില്‍ ഹരജി
കൊച്ചി: ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനായി വി.എസ്.അച്യുതാനന്ദനെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ഹൈക്കോടതിയില്‍ ഹരജി. കൊച്ചി സ്വദേശി അരുണ്‍ തോമസാണ് പൊതുതാല്പര്യ ഹരജി നല്‍കിയത്. ചെയര്‍മാനു വേണ്ട യോഗ്യത നിശ്ചയിച്ച ശേഷം നടപടിക്രമങ്ങള്‍ പാലിച്ചു നിയമനം നടത്തണമെന്നാണു ഹരജിക്കാരന്റെ ആവശ്യം.
വി.എസിന് ഏഴാംക്ലാസ് വിദ്യാഭ്യാസമേ ഉള്ളൂവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് സ്ഥാനത്ത് ഒരാളെ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഈ പദവി ഇരട്ടപ്പദവി നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന ഹരജി, സര്‍ക്കാര്‍ പദവികളില്‍ നിയമനം നടത്തുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങളും യോഗ്യതയും നിശ്ചയിക്കണമെന്നു വിവിധ കേസുകളില്‍ സുപ്രിംകോടതി വ്യക്തമാക്കിയതായും പറയുന്നു. ഭരണപരിഷ്കാര കമ്മിഷന് ചെയര്മാനുവേണ്ട യോഗ്യതയെന്തെന്നോ തെരഞ്ഞെടുപ്പ് പ്രക്രിയ എങ്ങിനെയെന്നോ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.
ഇതിനിടെ, ഭരണപരിഷ്ക്കാര കമ്മിഷന് ചെയര്മാന് സ്ഥാനം സംബന്ധിച്ച് ഇന്നു മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും വിഷയം പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ നയപരവും രാഷ്ട്രീയപരവുമായ തീരുമാനമുണ്ടാകാത്തതാണ് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."