സിഖ് വിശുദ്ധ ഗ്രന്ഥത്തെ നിന്ദിച്ച പ്രതി ജയിലില്‍ കൊല്ലപ്പെട്ടു
ചണ്ഡീഗഡ്: പഞ്ചാബില്‍ സിഖ് വംശജരുടെ പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ നിന്ദിച്ച കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന പ്രതി മഹിന്ദപാല്‍ മിട്ടു കൊല്ലപ്പെട്ടു. സഹതടവുകാരില്‍ രണ്ടുപേരാണ് ഇയാളെ കൊലപ്പെടുത്തിയത്. ശക്തമായ സുരക്ഷയുള്ള നാഭാ ജയിലിലാണ് ഇയാള്‍ കൊലചെയ്യപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരമാണ് മിട്ടുവിനു നേരെ ആക്രമണമുണ്ടായത്. സാരമായി പരുക്കേറ്റ നിലയില്‍ ഇയാളെ പട്യാലക്കടുത്തുള്ള നാഭാ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ അക്രമം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പഞ്ചാബിലെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഫരീദ്‌കോട്ട് സ്വദേശിയായ 49കാരനായ മിട്ടുവിനെ ആക്രമിച്ചത് ഗുരുസേവക് സിങ്, മനീന്ദര്‍ സിങ് എന്നിവരാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ജയിലിലെ നിര്‍മാണ ജോലി നടക്കുന്ന സ്ഥലത്തുനിന്ന് മോഷ്ടിച്ച ഇരുമ്പുകമ്പി ഉപയോഗിച്ചാണ് മിട്ടുവിനെ ആക്രമിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ഉത്തരവിട്ടു. ഗുര്‍മീത് റാം റഹീം സിങ് നേതൃത്വം നല്‍കുന്ന ദേരസച്ചാ സൗദ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ മഹിന്ദപാല്‍ മിട്ടു, സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ നിന്ദിച്ച സംഭവം വന്‍ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മിട്ടുവിന്റെ മൃതദേഹം ദേര സച്ചയുടെ കൊട്കാപുരയിലെ ആസ്ഥാനത്ത് എത്തിച്ചതോടെ ഇവിടെ വന്‍ജനാവലിയാണ് എത്തിയത്. നിരവധി ദേരാ പ്രവര്‍ത്തകര്‍ പ്രദേശത്ത് ക്യാംപ് ചെയ്തതോടെ വ്യാപക അക്രമമുണ്ടായേക്കുമെന്ന വാര്‍ത്തയും പ്രചരിച്ചു. ഇതേതുടര്‍ന്നാണ് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."