കുടിവെള്ളം മുടങ്ങി; നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെ തടഞ്ഞുവച്ചു
വെഞ്ഞാറമൂട്: കുടിവെള്ളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെ തടഞ്ഞുവച്ചു. പുല്ലമ്പാറ പഞ്ചായത്തിലെ ചെമ്മണ്ണംകുന്ന് കോളനി പ്രദേശത്തുകാരാണ് പുല്ലമ്പാറ പഞ്ചായത്ത് പേരുമല വാര്‍ഡ് അംഗം മിനിയെ രണ്ടു മണിക്കൂറോളം തടഞ്ഞുവച്ചത്.
കോളനിപ്രദേശത്ത് പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി ജലവിതരണം നടന്നിരുന്നില്ല.
നാട്ടുകാര്‍ ഇതുസംബന്ധിച്ച് പഞ്ചായത്ത് ഓഫിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ മറ്റൊരാവശ്യത്തിന് ചെമ്മണ്ണംകുന്നിലെത്തിയ പഞ്ചായത്ത് അംഗത്തെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അംഗം തന്നെ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലിസ് പ്രതിഷേധക്കാരുമായി സംസാരിച്ചുവെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാതെ പഞ്ചായത്ത് അംഗത്തെ വിടില്ലെന്ന് ശഠിച്ചു.
ഒടുവില്‍ പൊലിസ് അറിയിച്ച് ജലസേചനവകുപ്പ് ആറ്റിങ്ങല്‍ ഡിവിഷന് അസി. എന്‍ജിനിയര്‍ സ്ഥലത്തെത്തുകയും സമീപത്തുകൂടി പോകുന്ന ജപ്പാന് കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ജലം കോളനിയില്‍ക്കൂടി വിതരണം ചെയ്യാമെന്നും അറിയിച്ചതോടെയാണ് സമരക്കാര്‍ പിന്മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."