ന്യൂനമര്‍ദം: ഒഡിഷയില്‍ കനത്ത മഴ; ദായെ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് നീങ്ങുന്നു
ഭുവനേശ്വര്‍: തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തുമായി രൂപം കൊണ്ട 'ദായെ' ചുഴലിക്കൊടുങ്കാറ്റിനെതുടര്‍ന്ന് ഒഡിഷയിലെ തീരപ്രദേശമായ ഗോപാല്‍പൂരിലും മല്‍ക്കാന്‍ഗിരിയിലും കനത്ത മഴ. ചുഴലിക്കൊടുങ്കാറ്റും വെള്ളപ്പൊക്കവും കാരണം ഈ ഭാഗങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ മറ്റിടങ്ങളുമായുള്ള ബന്ധം തടസപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ ആര്‍ക്കും ജീവഹാനി നേരിട്ടതായി റിപ്പോര്‍ട്ടില്ലെന്ന് സ്‌പെഷ്യല്‍ റിലീഫ് കമ്മിഷനര്‍ ബി.പി സേഥി പറഞ്ഞു.
നിരവധിപേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളും പ്രധാന റോഡുകളുമെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 1163.8 മി.മീറ്റര്‍ മഴ ലഭിച്ചതായി മല്‍ക്കാന്‍ഗിരി ജില്ലാ കലക്ടര്‍ മനിഷ് അഗര്‍വാള്‍ അറിയിച്ചു. ചുഴലിക്കൊടുങ്കാറ്റിനെതുടര്‍ന്ന് മല്‍ക്കാന്‍ഗിരി, ഗജപതി, ഗഞ്ജാം, പുരി, രായ്ഗഡ, കളഹന്ദി, കോരാപുട്ട്, നബരംഗ്പൂര്‍ ജില്ലകളില്‍ കനത്ത മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ച അര്‍ധരാത്രിയോടെ 'ദായെ' ചുഴലിക്കാറ്റ് തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തുമായി രൂപം കൊണ്ടത്. നേരത്തെ ചുഴലിക്കാറ്റാകാനുള്ള സാധ്യത കുറവായതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി വൈകിയാണ് ചുഴലിക്കാറ്റിനു 'ദായെ' എന്ന പേരു നല്‍കിയത്. തുടര്‍ന്ന് ഒഡിഷയിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ് ചത്തീസ്ഗഡിനു സമീപത്തു വച്ച് ശക്തികുറഞ്ഞ് ഡീപ് ഡിപ്രഷന്‍ (അതി ന്യൂനമര്‍ദം) ആയി മാറി.
നിലവില്‍ അതിന്യൂനമര്‍ദം 90 കി.മി വടക്ക്-വടക്കുകിഴക്ക് ബ്രഹ്മപുരിക്കും 140 കി.മി നാഗ്പൂരിന് കിഴക്കുമായി നിലകൊള്ളുകയാണ്. അടുത്ത മണിക്കൂറുകളില്‍ അതി ന്യൂനമര്‍ദം വീണ്ടും ശക്തികുറഞ്ഞ് ന്യൂനമര്‍ദമാകും. ന്യൂനമര്‍ദത്തെ തുടര്‍ന്ന് വിഭര്‍വ മേഖലയില്‍ തീവ്രമഴക്ക് സാധ്യതയുണ്ട്. ഗുജറാത്തിനെ ലക്ഷ്യം വച്ച് നീങ്ങുന്ന ന്യൂനമര്‍ദം മൂന്നു ഘട്ടം കൂടി ദുര്‍ബലപ്പെട്ട് ഇല്ലാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."