പ്രകൃതി വാതക പൈപ്പിടല്‍ പുരോഗമിക്കുന്നു
മണലൂര്‍: കര്‍ഷകരുടെ ആശങ്കകളകന്നതോടെ പ്രകൃതി വാതക പൈപ്പിടല്‍ വിജയകരമായി പുരോഗമിക്കുന്നു. നെല്‍കൃഷിയെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തിലുള്ളത്ര ആഴത്തില്‍ കുഴിയെടുത്താണ് പ്രകൃതി വാതക പൈപ്പ് ഗെയില്‍ സ്ഥാപിക്കുന്നത്.
12 മീറ്റര്‍ നീളവും 30 ഇഞ്ച് വ്യാസവുമുള്ള പൈപ്പുകള്‍ ശാസ്ത്രീയ രീതിയില്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൂട്ടിയോജിപ്പിക്കുന്നത്. അതിന് ശേഷം യോജിപ്പിച്ച ഭാഗങ്ങള്‍ സ്‌കാന്‍ ചെയ്ത് സുരക്ഷ ഉറപ്പ് വരുത്തിയാണ് ഇവ 23 മീറ്റര്‍ താഴ്ചയില്‍ സ്ഥാപിക്കുന്നത്.
ഇരുകരകളിലെയും പാടശേഖരങ്ങളിലെ പൈപ്പിടല്‍ പൂര്‍ത്തീകരിച്ച സംഘം കഴിഞ്ഞ ദിവസം കാഞ്ഞാണി പെരുമ്പുഴപ്പാലം തുരന്ന് പൈപ്പുകള്‍ വിജയകരമായി കൂട്ടിയോജിപ്പിച്ചു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് മുതല്‍ ആരംഭിച്ച പൈപ്പിടല്‍ 90 കിലോമീറ്റര്‍ താണ്ടി കൊച്ചിയില്‍ അവസാനിക്കും. ഗെയിലിന് വേണ്ടി ഉപകരാറെടുത്ത മുംബൈ ആസ്ഥാനമായുള്ള ഐ.എല്‍.എ.എഫ്.എസ് എന്ന കമ്പനിയാണ് പൈപ്പിടല്‍ നടത്തുന്നത്.
പൈപ്പിടുന്നതിന് വേണ്ടി ജെ.സി.ബിയും മറ്റ് ആധുനിക യന്ത്രങ്ങളും കൊണ്ട് വരുന്നതിനായി പാടങ്ങളുടെ വരമ്പുകള്‍ തകര്‍ക്കുകയും ഒരു അടി താഴ്ചയിലും മറ്റും തോടുകള്‍ കോരുകയും ചിലയിടങ്ങളില്‍ ചാലുകള്‍ നികത്തുകയും മറ്റും ചെയ്തിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ കഴിയുന്ന മുറക്ക് മാറ്റങ്ങള്‍ വരുത്തിയ സ്ഥലങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കുമോയെന്ന ആശങ്ക ഒരു വിഭാഗം കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും കേരള കര്‍ഷക സംഘം മണലൂര്‍ ഏരിയാ സെക്രട്ടറി വി.എന്‍ സുര്‍ജിത്തും, കര്‍ഷക ആശങ്ക പരിഹരിക്കുമെന്ന് സി.പി.എം മണലൂര്‍ ഏരിയാ സെക്രട്ടറി ടി.വി ഹരിദാസനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."