സത്യം ചെരിപ്പിടും മുന്‍പേ നുണകള്‍ ലോകയാത്രക്കിറങ്ങിയെന്ന്: ബിനോയിയെ പിന്തുണച്ച ബിനീഷ് കൊടിയേരിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയെ പിന്തുണച്ച അനുജന്‍ ബിനീഷ് കൊടിയേരിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. 'സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും' എന്നാണ് ഫേസ്ബുക്കില്‍ ബിനീഷ് കുറിച്ചത്. പുതിയ സംഭവ വികാസങ്ങളോടുള്ള പ്രതികരണമെന്ന് വായിക്കാവുന്ന രീതിയിലാണ് ബിനീഷ് കോടിയേരിയുടെ പോസ്റ്റ്.
എന്നാല്‍ ഈ പോസ്റ്റിന് താഴെ കടുത്ത വിമര്‍ശനവും പരിഹാസവുമായി നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. 'കൊച്ചച്ചാ എന്നും വിളിച്ച് ഓടി വരുന്ന ആ കുഞ്ഞുണ്ടല്ലോ.. ഒരു ഷൂ തന്നെ അതിന് വാങ്ങി കൊടുക്കണം സഖാ...ലൈറ്റൊക്കെ മിന്നുന്ന ടൈപ്പ്'. എന്നാണ് ഒരാള്‍ നല്‍കിയിരിക്കുന്ന പ്രതികരണം. പണ്ട് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ വരെ ആക്ഷേപിച്ചു നടന്ന സഖാക്കള്‍ക്ക് ഇപ്പോള്‍ എന്തുപറ്റിയെന്നും ചിലര്‍ ചോദിക്കുന്നു.
ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ബിനോയ്‌ക്കെതിരായി മുംബൈ പൊലിസില്‍ നല്‍കിയ പരാതി പരിശോധിച്ച് നിജസ്ഥിതി നിയമപരമായി കെണ്ടത്തേണ്ടതാണെന്നും ആരോപണ വിധേയനായ വ്യക്തിയെ സഹായിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ ഉള്ള ഒരു നടപടിയോ താനോ പാര്‍ട്ടിയോ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയുമില്ലെന്നുമായിരുന്നു കോടിയേരി അഭിപ്രായപ്പെട്ടത്. എന്നാല്‍ സഹോദരന്‍ നിരപരാധിയാണെന്ന ധ്വനിയോടെയാണ് ബിനീഷിന്റെ പോസ്റ്റ്. സത്യം ചെരിപ്പിടുമ്പോഴേക്കും നുണകള്‍ ലോകയാത്രക്കിറങ്ങി കഴിഞ്ഞിരിക്കുന്നുവെന്ന പഴമൊഴിയിലൂടെയാണ് സഹോദരനെ ബിനീഷ് പിന്തുണച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."