വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര; സ്‌കൂള്‍ ബസുകളുടെ പരിശോധന 24ന്
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ പരിധിയിലുളള എല്ലാ സ്‌കൂള്‍ ബസുകളും 24 ന് പരിശോധിക്കും.
രാവിലെ എട്ടിന് പ്രീ മണ്‍സൂണ്‍ വാഹന പരിശോധനയ്ക്കായി വാഹനത്തിന്റെ രേഖകള്‍ സഹിതം ചേവായൂര്‍ ടെസ്റ്റിങ് ഗ്രൗണ്ടിലും, ചേവരമ്പലം -മുണ്ടിക്കല്‍താഴം ബൈപാസ് റോഡിലും ഹാജരാകേണ്ടതാണെന്ന് കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
സ്‌കൂള്‍ കുട്ടികളെ കയറ്റുന്ന മറ്റു വാഹനങ്ങളും പരിശോധനയ്ക്കായി കൊണ്ടുവരേണ്ടതാണ്. സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷം പ്രവൃത്തി പരിചയവും, ഹെവി വാഹനങ്ങള്‍ ഓടിച്ച് 5 വര്‍ഷ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. സ്‌കൂള്‍ വാഹനത്തില്‍ സ്ഥാപനത്തിന്റെ പേരും, ഫോണ്‍ നമ്പറും പ്രദര്‍ശിപ്പിക്കണം. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോവുന്ന വാടകക്കെടുത്ത മറ്റുവാഹനത്തില്‍ 'ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി' എന്ന് വാഹനത്തിന്റെ മുന്‍വശത്ത് മുകളിലും പിന്‍വശത്തും നീല അക്ഷരത്തില്‍ വെളുത്ത പ്രതലത്തില്‍ എഴുതേണ്ടതാണ്. കൂടാതെ ഫസ്റ്റ് എയ്ഡ് ബോക്‌സ് കര്‍ശനമായും ഉണ്ടായിരിക്കണം. കുട്ടികളെ കയറ്റുവാനും ഇറക്കുവാനും, സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുവാനും ഡ്രൈവറെ കൂടാതെ പരിചയസമ്പന്നരായ മുതിര്‍ന്ന ഒരു വ്യക്തി വാഹനത്തില്‍ ഉണ്ടായിരിക്കണം.
വാഹനത്തില്‍ യാത്ര ചെയ്യുന്ന കുട്ടികളുടേയും മറ്റും വിശദമായ വിവരങ്ങള്‍ വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്.
വാഹനവും വാഹനത്തിലെ ജോലിക്കാരുടെ പെരുമാറ്റവും പ്രവൃത്തിയും ഇടയ്ക്കിടെ സ്‌കൂള്‍ അധികാരികള്‍, പി.ടി.എ അധികാരികള്‍ നിരീക്ഷിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."