നാടുഭരിക്കാന്‍ യോഗ്യനാണ്; നഗരത്തിലായതിനാല്‍ അവസരമില്ല!
മലപ്പുറം: സ്ഥാനാര്‍ഥിയാവാനും നാടുഭരിക്കാനും പ്രാപ്തരാണ്. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരും പൊതുസമ്മതരും. യോഗ്യതാ പട്ടിക നീണ്ടാലും ശരി, നഗരത്തിലെ താമസം തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിനയാണ്. നേതാക്കള്‍ ഒത്തിരിയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്ക് അവസരങ്ങള്‍ നന്നേ കുറവ്. ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നാട്ടുമുറ്റത്ത് നിന്നു വന്നവര്‍ക്ക് മൂന്നു പഞ്ചായത്ത് കയറിയിറങ്ങാം. ഗ്രാമ പഞ്ചായത്തില്‍ തുടങ്ങി, ബ്ലോക്ക് വഴി ജില്ലാ പഞ്ചായത്ത് വരെ മത്സരിക്കാം. ഓരോ അവസരം കിട്ടിയാലും ത്രിതിലം കടന്നു മൂന്നുതവണ ജനപ്രതിനിധിയാവാം. എന്നാല്‍ പാവം നഗരസഭയിലും കോര്‍പറേഷനിലും വീടു വെച്ചു താമസിക്കുന്നവര്‍ക്ക് നഗരസഭയില്‍ അങ്കം കുറിക്കാം. പിന്നെ മത്സരിക്കണമെങ്കില്‍ പാര്‍ട്ടി നിയമസഭയിലോ പാര്‍ലമെന്റിലോക്കോ ടിക്കറ്റ് നല്‍കണം.
മുനിസിപ്പല്‍ ആക്ട് അനുസരിച്ചു നഗരസഭയും കോര്‍പറേഷനും മുകളില്‍ ജില്ലാ ഭരണകൂടത്തിനാണ് നിയന്ത്രണം. ബ്ലോക്ക് പഞ്ചായത്തിനോടും ജില്ലാ പഞ്ചായത്തിനോടും സാമൂഹിക അകലം പാലിച്ച നഗരസഭകളിലൊതുങ്ങിയവര്‍ക്ക് പ്രദേശമുള്‍ക്കൊള്ളുന്ന മുനിസിപ്പാലിറ്റിയിലേക്കോ കോര്‍പറഷനിലോ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരമുള്ളത്. സംസ്ഥാനത്ത് ആറു കോര്‍പറേഷനുകളും 87 മുനിസിപ്പാലിറ്റികളുമുണ്ട്. കോര്‍പറേഷനില്‍ 414, മുനിസിപ്പാലിറ്റികളില്‍ 3,078 വാര്‍ഡുകളാണ് നിലവിലുള്ളത്. മുനിസിപ്പാലിറ്റികളില്‍ മട്ടന്നൂര്‍ ഒഴികെ 86 ഇടങ്ങളിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 35 മുതല്‍ 50 വരെ സീറ്റുകളാണ് നഗരസഭകളിലുള്ളത്. ഇതില്‍ സംവരണ സീറ്റുകളില്‍ നറുക്ക് വീണു അവസരം കിട്ടിയവരെയും കൂട്ടിക്കിഴിച്ചാല്‍, അവസരം ഒത്തുവന്നവര്‍ പിന്നേയും ചുരുങ്ങും. അതേസമയം സംസ്ഥാനത്ത് 941 ഗ്രാമ പഞ്ചായത്തുകള്‍ക്ക് മുകളില്‍ ഇവരുള്‍ക്കൊള്ളുന്ന 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളുമുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 15,962 വാര്‍ഡുകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളില്‍ 2,080 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തുകളിലായി 331 ഡിവിഷനുകളിലേക്കുമാണ് ജനപ്രതിനിധികളെ കണ്ടെത്തുന്നത്. മൂന്നിടങ്ങളിലും പ്രോട്ടോക്കോള്‍ പാലിച്ചു കയറിയിറങ്ങാം. ഓരോ അഞ്ചുവര്‍ഷവും മേലോട്ടും താഴോട്ടും മത്സരിക്കാം. പാര്‍ട്ടികളിലേയും മുന്നണികളിലേയും വീതം വെപ്പിലും കൂടുതല്‍ നേതാക്കള്‍ക്ക് അവസരം നല്‍കുന്നിടത്തും ത്രിതലം അവസരമാകുന്നു. സംസ്ഥാനത്ത് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ എന്നീ 1200 തദ്ദേശ സ്ഥാപനങ്ങളാണ് നിലവിലുള്ളത്. ആകെ 21,865 ജനപ്രതിനിധികളാണ് തദ്ദേശം പ്രതിനിധീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."