മത, സാമുദായിക വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ നിര്‍ദേശം ലോവര്‍ പെരിയാര്‍: ടണലില്‍ വെള്ളം നിറച്ചു; ഇന്ന് ട്രയല്‍ റണ്‍
തൊടുപുഴ: ലോവര്‍ പെരിയാര്‍ പദ്ധതിയുടെ തകരാര്‍ പരിഹരിച്ച് വൈദ്യുതോല്‍പാദനത്തിന് മുന്നോടിയായി ടണലില്‍ വെള്ളം നിറച്ചു. ഇന്ന് ട്രയല്‍ റണ്‍ നടത്തി തിങ്കളാഴ്ച ഉല്‍പാദനം തുടങ്ങാനാകുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ. ഇന്നലെ രാവിലെ 8.30നാണ് 12.75 കി.മീ നീളവും ആറ് മീറ്റര്‍ വ്യാസവുമുള്ള ടണലില്‍ വെള്ളംനിറയ്ക്കല്‍ ആരംഭിച്ചത്. 18 മണിക്കൂര്‍ കൊണ്ട് ടണല്‍ നിറഞ്ഞു. ഇന്ന് രാവിലെ കരിമണലിലെ പവര്‍ ഹൗസില്‍ ട്രയല്‍ റണ്‍ നടത്തും.
ജനറേറ്ററുകള്‍ ഓരോന്നായി പരീക്ഷണാര്‍ഥം പ്രവര്‍ത്തിപ്പിച്ച് നോക്കും. തകരാറില്ലെന്ന് ഉറപ്പാക്കിയ ശേഷമാകും ഉല്‍പാദനം തുടങ്ങുക.
കഴിഞ്ഞ 10 ദിവസമായി 24 മണിക്കൂറും പ്രയത്‌നിച്ചാണ് ടണലിലെ മണ്ണും ചെളിയും നീക്കംചെയ്ത് ആറ് ട്രാഷ് റാക്കുകള്‍ അടക്കം പുനഃസ്ഥാപിച്ചത്. പരമാവധി രണ്ടുദിവസത്തിനകം പൂര്‍ണതോതില്‍ ഉല്‍പാദനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.എസ്.ഇ.ബി ജനറേഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ സിജി ജോസ് സുപ്രഭാതത്തോട് പറഞ്ഞു. കെ.എസ്.ഇ.ബി കോര്‍പറേറ്റ് പ്ലാനിങ് ജനറേഷന്‍ ഇലക്ട്രിക്കല്‍ ഡയരക്ടര്‍ എന്‍. വേണുഗോപാല്‍, ജനറേഷന്‍ ചീഫ് എന്‍ജിനീയര്‍ സിജി ജോസ് എന്നിവര്‍ കഴിഞ്ഞ രണ്ടുദിവസം പദ്ധതിപ്രദേശത്ത് ക്യാംപ് ചെയ്ത് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി.
ഓഗസ്റ്റ് 11ന് രാത്രി 11.30ഓടെയാണ് ടണലില്‍ എയര്‍ ബ്ലോക്കുണ്ടായി 70 ടണ്‍ ഭാരമുള്ള ഗെയ്റ്റടക്കം തകര്‍ന്നത്. ഇത് അവഗണിച്ച് 12നും 13നും ഉല്‍പാദനം നടത്തിയതാണ് ടണലില്‍ കല്ലും മണ്ണും ചെളിയും കയറി പദ്ധതി നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായത്.
പ്രളയത്തിലാണ് ലോവര്‍ പെരിയാര്‍ വൈദ്യുതിനിലയം തകര്‍ന്നതെന്ന ഒരുവിഭാഗം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ വാദം ഇതോടെ പൊളിയുകയായിരുന്നു.
60 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളിലായി 180 മെഗാവാട്ടാണ് ലോവര്‍ പെരിയാര്‍ പദ്ധതിയുടെ ഉല്‍പാദനശേഷി. ലോവര്‍ പെരിയാര്‍ വൈദ്യുതി ലഭിച്ചുതുടങ്ങിയാല്‍ സംസ്ഥാനം നേരിടുന്ന ഊര്‍ജക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."