മഞ്ഞ് പെയ്യുന്ന പാലക്കയംതട്ട്
കാലാവസ്ഥ രൗദ്രഭാവം പൂണ്ടതു കാരണം തണുപ്പിനു വല്ലാത്ത കനമുണ്ടായിരുന്നു. രാത്രി പെയ്ത തോരാമഴയുടെ ബാക്കിയെന്നോണം ചാറ്റല്‍ മഴ മുനിഞ്ഞിറങ്ങുന്നുണ്ട്. അവധി ദിനത്തില്‍ മഴയുടെ തണുപ്പില്‍ പുതച്ചുകിടക്കാന്‍, മഴയുടെ സംഗീതത്തില്‍ അലിഞ്ഞുചേരാന്‍ ആരാണാഗ്രഹിക്കാത്തത്! എങ്കിലും എന്നോ മനസില്‍ ഒതുക്കിവച്ച യാത്രയോടുള്ള തീവ്ര പ്രണയം ഉറക്കം കെടുത്തി. അങ്ങനെയാണ് കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തിലെ പാലക്കയംതട്ടിലേക്കു തിരിക്കുന്നത്.
അതിരാവിലെ തന്നെ ബുള്ളറ്റില്‍ ഉറക്കത്തെയും തണുപ്പിനെയും വകഞ്ഞുമാറ്റി ജി.പി.എസിന്റെ സഹായത്തോടെ ഒരു സുഹൃത്തിനെയും കൂടെക്കൂട്ടി യാത്ര തിരിച്ചു. മലബാറിന്റെ ഊട്ടിയും മൂന്നാറുമൊക്കെയാണെന്നു സുഹൃത്തുക്കള്‍ പറഞ്ഞുകേട്ട അറിവു മാത്രമേ പാലക്കയംതട്ടിനെ കുറിച്ച് ആകെ ഞങ്ങള്‍ രണ്ടുപേര്‍ക്കുമുണ്ടായിരുന്നുള്ളൂ. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍നിന്നു കുറച്ചധികം സഞ്ചരിച്ചാല്‍ ഗ്രാമീണത ചാലിച്ചുനില്‍ക്കുന്ന നടുവില്‍ പഞ്ചായത്തിലെത്തിപ്പെടാം. നിലക്കാത്ത സഞ്ചാരത്തിനിടയിലും ഹൈറേഞ്ചിന്റെ സകലതലങ്ങളും ആ ഗ്രാമീണക്കാഴ്ചകളില്‍ നിഴലിച്ചു നിന്നിരുന്നു.
മലബാറിന്റെ മൂന്നാര്‍
മൂന്നാറും ഊട്ടിയുമൊക്കെ പ്രതീക്ഷിച്ചു കുന്നുകയറുന്നവര്‍ക്ക് ട്രക്കിങ്ങിന്റെയും സാഹസിക യാത്രയുടെയും വിഭിന്നമായ ലോകം തന്നെയാണ് പാലക്കയംതട്ട് കാത്തുവച്ചിരിക്കുന്നത്. ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന മലയുടെ ഗരിമയില്‍ നൂല്‍കണക്കേ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തില്‍ തുടങ്ങുന്ന മനോഹരദൃശ്യങ്ങളുടെ വലിയൊരു മായാലോകം തന്നെ പാലക്കയംതട്ട് സഞ്ചാരികള്‍ക്കായി തുറന്നുവച്ചിട്ടുണ്ട്.
പൈതല്‍ മല, കാഞ്ഞിരംകൊല്ലി, പാലക്കയംതട്ട് എന്നീ ഉയര്‍ന്ന പ്രദേശങ്ങള്‍ പശ്ചിമഘട്ട മലനിരകളിലെ ജൈവവൈവിധ്യങ്ങളുടെ വലിയൊരു ലോകമാണ്. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ കാനവിസ്മയം തേടി ദിനേന നൂറുകണക്കിനു സഞ്ചാരികളാണ് നടുവിലില്‍ എത്തുന്നത്. കര്‍ണാടകയിലെ കാവേരി പൂക്കുന്ന കുടകിലേക്കുള്ള എളുപ്പവഴിയെന്നതും ഇവിടം സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമായിത്തീര്‍ക്കുന്നുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ണൂര്‍ ജില്ലാ ടൂറിസം വകുപ്പ് നടത്തിപ്പ് ചുമതല ഏറ്റെടുത്തതോടെയാണ് ഈ മലകളുടെ പേരും പെരുമയും പുറംലോകമറിയാന്‍ തുടങ്ങിയത്. എന്നാല്‍, വഴിയരികില്‍ നാട്ടുകാര്‍ തന്നെ എഴുതിവച്ച ബോര്‍ഡുകളൊഴിച്ചു നിര്‍ത്തിയാല്‍ കാര്യമായ രീതിയിലുള്ള ടൂറിസം വികസന പ്രവര്‍ത്തനങ്ങളുടെ ഒരു ചലനവുമിവിടെയുണ്ടായിട്ടില്ലെന്നതു സഞ്ചാരികളെ പലപ്പോഴും വലയ്ക്കുന്നുണ്ട്. വര്‍ഷങ്ങളിത്രയായിട്ടും സഞ്ചാരികള്‍ക്ക് ഈ ദേശത്തേക്ക് എത്തിപ്പെടാന്‍ ഗൂഗിള്‍ മാപ്പ് തന്നെ ശരണം.
നടുവില്‍ ടൗണില്‍നിന്ന് മണ്ടളം ജങ്ഷന്‍ വഴി തിരിഞ്ഞു ചെങ്കുത്തായ കുന്ന് കയറിയാല്‍ പാലക്കയംതട്ടിലെത്താം. പൊട്ടിപ്പൊളിഞ്ഞ് ടാറ് ഭാഗികമായി പാകിയ ഈ റോഡിലൂടെ ഒരേ സമയം ഒരു വാഹനത്തിനു മാത്രമേ സഞ്ചരിക്കാനാകൂ. അതുകൊണ്ടു തന്നെ ഈ പാതയിലൂടെയുള്ള യാത്ര അല്‍പം സാഹസം നിറഞ്ഞതാണ്. ഇടക്കൊന്നു ശ്രദ്ധ തെറ്റിയാല്‍ പിന്നില്‍ പതിയിരിക്കുന്നതു വന്‍ ദുരന്തമാകും.
നയനമനോഹരം
കോടമഞ്ഞിനെയും സൂചിത്തണുപ്പിനെയും വകഞ്ഞുമാറ്റിയുള്ള സഞ്ചാരം ഇതിലും മനോഹരമായ ദേശത്തേക്കാണെന്നോര്‍ത്തപ്പോള്‍ ചക്രങ്ങള്‍ക്കു വേഗം കൂടി. മൂന്നാറിനെയും ഊട്ടിയെയും പോലെ കാമറക്കണ്ണുകള്‍ക്കു വിസ്മയം തീര്‍ക്കാനോ മനോഹരമായ ഫ്രെയിമുകള്‍ നല്‍കാനോ ഇവിടെ കാപ്പിത്തോട്ടങ്ങളോ തേയിലത്തോട്ടങ്ങളോ ഇല്ല. ഇവിടെയുള്ളതു സംശുദ്ധമായ വായു വേണ്ടുവോളം നല്‍കുന്ന യൂക്കാലി മരങ്ങളും മറ്റും മാത്രമാണ്. ചുറ്റിലുമുള്ള ജൈവവൈവിധ്യം നിറഞ്ഞ കാഴ്ചകള്‍ തന്നെയാണു യാത്രയ്ക്കു മനോഹാരിത തീര്‍ക്കുന്നത്.
ഇടയ്ക്കു വച്ച് ബുള്ളറ്റ് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. മുകളിലോട്ട് റൈഡ് ചെയ്തുപോകാനുള്ള അഭിനിവേശവും സൗകര്യവുമൊക്കെയുണ്ടെങ്കിലും സ്വകാര്യ വ്യക്തികള്‍ തയാറാക്കിയ ജീപ്പിലായി പിന്നീടുള്ള യാത്ര. കുറച്ചു മുകളിലെത്തിയ ശേഷം യാത്ര കാല്‍നടയിലേക്കു മാറി. മുകളിലോട്ടുള്ള യാത്രയില്‍ ഒരു കുപ്പി വെള്ളം കരുതിവയ്ക്കുന്നത് നല്ലതായിരിക്കും. കിതച്ചുകൊണ്ടുള്ള സഞ്ചാരത്തിന് അത് അനിവാര്യമായിത്തീരും.
മഞ്ഞുകാഴ്ചകളിലേക്ക്
മുകളിലേക്കു ചെല്ലുംതോറും പാലക്കയംതട്ട് വിസ്മയച്ചുരുളുകള്‍ അഴിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ശക്തമായി പെയ്തുകൊണ്ടിരുന്ന മഞ്ഞില്‍ നന്നായി കുളിരുന്നുണ്ടായിരുന്നു. വന്യത തളംകെട്ടിയ കാഴ്ച കാമറക്കണ്ണുകളില്‍ ഒപ്പിയെടുക്കാന്‍ നോക്കുമ്പോഴെല്ലാം ചുറ്റിലുമുള്ള മഞ്ഞ് കളിയാക്കിച്ചിരിക്കുന്നുണ്ടായിരുന്നു. ഫ്രെയിമില്‍ പരന്നാകാശം പോലെ ഭൂമി ഹിമവര്‍ഷത്തില്‍ കുളിച്ചിരിക്കുന്നു. മുന്നോട്ടുള്ള ചുവടുകളില്‍ മഞ്ഞ് ദൂരം കണക്കാക്കാന്‍ പോലും സമ്മതിക്കാതെ ശക്തമായി പെയ്യുന്നുണ്ടായിരുന്നു.
ഈ കയറ്റം അവസാനിക്കുന്നിടത്താണ് പാലക്കയംതട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രവേശന ഫീസായി മുപ്പതു രൂപ കെട്ടിവച്ചിട്ടു വേണം തുടര്‍ന്നുള്ള കാഴ്ച കാണാന്‍. ആകാശം താഴോട്ടിറങ്ങിവന്നു ഭൂമിയെ ചുംബിക്കുന്നതുപോലെയായിരുന്നു മുന്നിലെ കാഴ്ച. സമയം പതിനൊന്ന് കഴിഞ്ഞിട്ടും ഒരു ഭാവമാറ്റവുമില്ലാതെ താഴ്‌വാരം മഞ്ഞില്‍ ചേര്‍ന്നു തന്നെ കിടന്നു. മുന്നില്‍ സഹയാത്രികരുടെ ശബ്ദങ്ങള്‍ മാത്രമേ കേള്‍ക്കാനാവുമായിരുന്നുള്ളൂ. മനോഹരമായ സഞ്ചാരപാതയും ചെങ്കുത്തായ വഴികളുമെല്ലാം ഈ ഭൂമിയെ വേറിട്ടുനിര്‍ത്തുന്നുണ്ട്.
ഭൂമിശാസ്ത്രം
കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോരത്തുള്ള ഈ പ്രദേശം സമുദ്രനിരപ്പില്‍നിന്ന് 3,500-4,000 വരെ അടി ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. വിശാലമായി പരന്നുകിടക്കുന്ന ഈ ദേശത്തിന്റെ താഴ്ഭാഗത്ത് കരിംപാലര്‍ എന്ന വിഭാഗത്തില്‍പ്പെട്ട ആദിവാസി സമൂഹം ജീവിച്ചിരിപ്പുണ്ടായിരുന്നത്രെ. ഉഗ്രമൂര്‍ത്തിയായ പുലിച്ചാമുണ്ടി എന്ന ദേവതയ്ക്കു ബലിയര്‍പ്പിക്കാന്‍ പുറംലോകത്തെ മനുഷ്യരുടെ പാദസ്പര്‍ശമേല്‍ക്കാതെ അവര്‍ ആ മണ്ണിനെ സൂക്ഷിച്ചുപോന്നിരുന്നു. മുകളിലെത്തിയപ്പോള്‍ മഞ്ഞ് ഒരല്‍പ്പം വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങി. മേഘക്കൂട്ടങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന ഹിമകണങ്ങള്‍ കാറ്റിനൊപ്പം സഞ്ചരിക്കുന്നു. മെല്ലെ ദൂരക്കാഴ്ചകളും വ്യക്തമായി കാണാന്‍ തുടങ്ങി. ചെറുബിന്ദു കണക്കെ നില്‍ക്കുന്ന പാലക്കയത്തിന്റെ ഉച്ചിയില്‍നിന്ന് കണ്ണൂരിന്റെ ആകാശക്കാഴ്ചകള്‍ക്ക് ഡ്രോണ്‍ കാമറക്കണ്ണുകളെക്കാളും വ്യക്തതയും വശ്യതയുമുള്ളതായി തോന്നി. ദൂരെ വളപട്ടണം പുഴ അഭൗമമായ കാഴ്ചകള്‍ നല്‍കി പരന്നുകിടക്കുന്നതു മങ്ങലില്ലാതെ കാണാമായിരുന്നു.
പിന്നെയും മുന്നോട്ടു നീങ്ങി. പല കോണിലായി സ്ഥാപിച്ചിട്ടുള്ള ചാരുകസേരകളും വ്യൂ ടവറുകളും വഴിമധ്യേ സ്ഥാപിച്ച ഈ-ടോയ്‌ലെറ്റുകളും പാലക്കയംതട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. മഞ്ഞ് മാറിത്തുടങ്ങിയപ്പോള്‍ കാഴ്ചകള്‍ക്കു വിശുദ്ധി കൂടിവരുന്നുണ്ടായിരുന്നു. ഒരല്‍പം കൂടി മുന്നോട്ടു ചലിച്ചാല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്താം. പരന്നുകിടക്കുന്ന ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത് 4,000 അടി ഉയരത്തിലാണെന്നതാണ് ഏറെ കൗതുകമുണര്‍ത്തുന്നത്. സര്‍വസൗകര്യങ്ങളുമടങ്ങിയ ഈ പാര്‍ക്കിലേക്ക് ഉപകരണങ്ങള്‍ എത്തിച്ചതു നമ്മള്‍ പിന്നിട്ട ദുര്‍ഘടവഴികളിലൂടെയാണെന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നി. നിരത്തി നട്ടുപിടിപ്പിച്ച അലങ്കാരപ്പുല്ലുകള്‍ കാഴ്ചകള്‍ക്കു മിഴിവ് വര്‍ധിപ്പിക്കുന്നുണ്ട്.
ഇനി തിരിച്ചിറങ്ങണം, മഞ്ഞുവിരിച്ച പട്ടിന്റെ പാതയിലൂടെ തന്നെ. കയറുമ്പോഴുണ്ടായിരുന്ന വഴിയോരത്തെ തിളക്കം സൂര്യവെളിച്ചത്തില്‍ അലിഞ്ഞില്ലാതായിരുന്നു. വെളിച്ചം വീണ വഴിയിലൂടെ കണ്ണുകള്‍ ചുറ്റിലുമെറിഞ്ഞു നടന്നു. മടക്കയാത്രയില്‍ കാഴ്ചകള്‍ക്കു തെളിച്ചം കുറച്ചു കൂടുതലായി തോന്നി. ഓരോ ചുവടിലും പാലക്കയംതട്ട് സുന്ദരിയായിക്കൊണ്ടേയിരുന്നു.
ഇടയ്ക്ക് മഴ പെരുമ്പറ മുഴക്കി തിമിര്‍ത്തു പെയ്യാന്‍ തുടങ്ങി. അടുത്തുള്ള ഊട്ടുപുരയില്‍ മഴയാറും വരെയൊന്നു നിന്നു. തണുപ്പിനെ തോല്‍പ്പിച്ചുകൊണ്ടാരോ പുകവിട്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. മഴയില്‍നിന്നു രക്ഷതേടി കടത്തിണ്ണയിലേക്ക് ഓടിവന്ന ആടുകളുടെയും നായകളുടെയും രോമങ്ങള്‍ കുതിര്‍ന്നിരുന്നു. മഴ പതുക്കെ തോര്‍ന്നപ്പോള്‍ തിരിച്ചുനടത്തം പുനരാരംഭിച്ചു. പിന്നിലേക്ക് ഓടിമറയുന്ന നയനസുന്ദരമായ കമനീയ കാഴ്ചകള്‍ ഒരുവട്ടം കൂടി ഓര്‍മകളുടെ ചെപ്പില്‍ കുടിയിരുത്തി ശാന്തമായി മലയിറങ്ങി. എന്തൊക്കെയോ നഷ്ടപ്പെട്ട പ്രതീതി അപ്പോള്‍ മനസിനെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു. കുറച്ചല്‍പ്പം സഞ്ചരിച്ച് മണ്ടളം ജങ്ഷനിലെത്തി. പിന്നില്‍ വന്യതയുടെ വശ്യമനോഹാരിത മാറിലൊളിപ്പിച്ചു കാഴ്ചകളില്‍നിന്ന് പാലക്കയംതട്ട് പതുക്കെ ഓടിമറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."