വോട്ടിങ് യന്ത്രം: ക്രമക്കേട് തെളിയിക്കാനുള്ള തിയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരാതി ഉന്നയിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യം ഇന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ ഉച്ചയ്ക്കു മൂന്നിനു വാര്‍ത്താസമ്മേളനത്തിന് ശേഷം രണ്ടുമണിക്കൂര്‍ നീളുന്ന വിശദീകരണമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്ദേശിക്കുന്നത്.
വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം നല്കുന്ന 'ഇ.വി.എം ഹാക്കത്തോണി'ന്റെ തിയതി കമ്മിഷന് ചടങ്ങില്‍ പ്രഖ്യാപിക്കും. ഏതു സ്ഥാനാര്‍ഥിക്കാണോ വോട്ട് ചെയ്തത് അതു രേഖപ്പെടുത്തുന്ന റസിപ്റ്റ് സംവിധാനമുള്ള വി.വി പാറ്റിനെക്കുറിച്ചും ഇന്നു കമ്മിഷന് വിശദീകരണം നല്‍കും.
കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികളാണ് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്തു രംഗത്തുവന്നവര്‍. ആംആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭയുടെ പ്രത്യേകയോഗം വിളിച്ച് സഭയില്‍ മാധ്യമങ്ങള്‍ക്കു മുന്‍പാകെ വോട്ടിങ് യന്ത്രം ഹാക്ക് ചെയ്തു കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഹാക്ക് ചെയ്ത യന്ത്രം കമ്മിഷന്റേതല്ലെന്നും തങ്ങളുടെ യന്ത്രം ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു കമ്മിഷന്റെ വാദം. ഇതിനു പിന്നാലെയാണ് തങ്ങളുടെ യന്ത്രം ഹാക്ക് ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ കമ്മിഷന് വെല്ലുവിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."