HOME
DETAILS

തൂണുകള്‍ തുരുമ്പിച്ചുവോ അതോ?

  
backup
November 18 2020 | 23:11 PM

65413145-2


ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന തൂണുകളില്‍ രണ്ടെണ്ണമാണ് ജുഡിഷ്യറിയും മീഡിയയും. ഈ രണ്ടു തൂണുകളും പൊതുവ്യവഹാര മണ്ഡലത്തില്‍ ഗൗരവപ്പെട്ട വിമര്‍ശനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ് കുറച്ചു ദിവസങ്ങളായി. മാധ്യമങ്ങള്‍ക്കു മേല്‍ പിടിമുറുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് ഒരുവശത്ത് ആക്ഷേപം. മാത്രമല്ല, അടിയന്തിരാവസ്ഥക്കാലത്ത് 'കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞ മീഡിയയെ വെല്ലുന്ന മട്ടില്‍' കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ് ദേശീയമാധ്യമങ്ങള്‍ എന്ന ആക്ഷേപവും പ്രബലമാണ്. ഈ മാധ്യമപിന്തുണ ഹിന്ദുത്വ രാഷ്ട്രീയത്തിനു വലിയ ജനസമ്മതിയുണ്ടാക്കുന്നു. അവരുടെ ഭരണപരാജയങ്ങള്‍ മൂടിവയ്ക്കപ്പെടുന്നു. വീണ്ടും അധികാരത്തില്‍ വരാന്‍ അത് അവര്‍ക്ക് സഹായകമായിത്തീരുന്നു. ഹിന്ദി മാധ്യമങ്ങള്‍ ഏറെക്കുറെ കാവിമയമായിക്കഴിഞ്ഞു. അതിനാല്‍ ഹിന്ദി ബെല്‍റ്റില്‍ മോദിയുടെ പ്രതിച്ഛായ അതീവ തിളക്കത്തോടെയാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നാലാം തൂണ്‍ തുരുമ്പിച്ചു തുടങ്ങിയോ എന്ന ചോദ്യം.
മാധ്യമങ്ങളെ എങ്ങനെയാണ് ഭരണകൂടം വരുതിയിലാക്കുന്നത്? പ്രധാനമായും പരസ്യങ്ങള്‍ വാരിക്കോരി കൊടുത്തു കൊണ്ട്, അതോടൊപ്പം പരസ്യങ്ങള്‍ നിരാകരിച്ചു കൊണ്ട്, തങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ മേല്‍ നടപടിയെടുത്തു കൊണ്ട്, വാര്‍ത്തകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട്... ഇങ്ങനെ പലനിലയ്ക്കും സര്‍ക്കാര്‍ മാധ്യമങ്ങളുടെ മേല്‍ പിടിമുറുക്കുന്നു. ഏറ്റവുമൊടുവില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെയും മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഭയാശങ്കകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ നിയന്ത്രണം വരുമ്പോള്‍ ഇതേവരെ വാര്‍ത്തകള്‍ക്കും കലാപരമായ ആവിഷ്‌കാരങ്ങള്‍ക്കും വലിയ വിലക്കില്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ്, ഹോട്ട്സ്റ്റാര്‍ തുടങ്ങിയ ഓവര്‍ ട്രോപ് വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ സര്‍ക്കാരിനു കീഴിലാകും. ഈ പ്ലാറ്റ്‌ഫോമുകളെ ചില സ്വയം നിയന്ത്രണങ്ങള്‍ക്കു വിധേയമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിയന്ത്രണത്തിലുള്ള സുദര്‍ശന്‍ ടി.വി സിവില്‍ സര്‍വിസ് ജിഹാദ് എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെച്ചൊല്ലിയുള്ള കേസ് വിചാരണയ്ക്കു വന്നപ്പോള്‍ സുപ്രിംകോടതി ഈ ആത്മനിയന്ത്രണത്തിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞിരുന്നു. ഡിജിറ്റല്‍ മീഡിയയിലാണ് നിയന്ത്രണം കൂടുതല്‍ ആവശ്യം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഒരതിരുവരെ അതില്‍ ശരിയുമുണ്ട്. നോണ്‍ ഡിജിറ്റല്‍ മീഡിയയുടെ കൂട്ടത്തില്‍ പെടുത്താവുന്ന പത്രം, ടി.വി തുടങ്ങിയവ ചില നിയമങ്ങള്‍ക്കു വിധേയമാണ്. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ഉണ്ട്. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ വിഡിയോ സ്ട്രീമിങ് സര്‍വിസുകള്‍ക്കോ-അവയും നിയന്ത്രിക്കപ്പെടണമെന്ന നിര്‍ദേശം സ്വീകാര്യമാവുന്നത് ഈ പശ്ചാത്തലത്തിലാണ്.

ദുരുപയോഗത്തിന്റെ സാധ്യതകള്‍


അതേസമയം ഈ നിയന്ത്രണം ദുരുപയോഗത്തിലേക്ക് വഴിവിട്ടു പോവുകയില്ലേ എന്ന ആശങ്ക വളരെ പ്രസക്തമാണ്. കൂടുതല്‍ ഭരണകൂട ഇടപെടലുകളും സെന്‍സര്‍ഷിപ്പുമായിരിക്കും വരിക എന്ന ഭീതി അസ്ഥാനത്തല്ല. ജനാധിപത്യ വ്യവസ്ഥയില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനം കൂടിയേ തീരൂ. നിയന്ത്രണങ്ങള്‍ വരുമ്പോള്‍ ഈ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുമെന്ന് തീര്‍ച്ച. ഇന്ത്യയെപ്പോലെ ജനകീയ വികാരങ്ങള്‍ക്ക് ഒട്ടും വിലകല്‍പ്പിക്കാത്ത സങ്കുചിത സമീപനം പുലര്‍ത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭരണം കൈയാളുമ്പോള്‍ വിശേഷിച്ചും. അതേസമയം, യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയില്‍ മാധ്യമങ്ങള്‍ വര്‍ഗീയത വളര്‍ത്തുകയും സ്പര്‍ധയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴോ? അതിനാല്‍ കൃത്യമായ ഒരുത്തരം പറയുക പ്രയാസമാണ്. സ്വയം നിയന്ത്രണം എന്ന അവസ്ഥയിലേക്ക് മാധ്യമങ്ങള്‍ സഞ്ചരിച്ചെത്തുക തന്നെയാവും ഉചിതം. സര്‍ക്കാര്‍ നിയന്ത്രണം ദുരുപയോഗത്തിലെത്താന്‍ സാധ്യതകള്‍ ഏറെ.


സര്‍ക്കാരിന് ഇത്തരം സന്ദര്‍ഭങ്ങളില്‍ എത്രത്തോളം ഫലപ്രദമായി പ്രവര്‍ത്തിക്കാനാകും എന്ന കാര്യവും ആലോചിക്കേണ്ടതുണ്ട്. നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനം സംബന്ധിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞ വിദ്വേഷകലുഷിതമായ വാര്‍ത്തകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തു ചെയ്തു? ടെലിവിഷന്‍ ചാനലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാനാവില്ല എന്നാണ് ഇതുസംബന്ധിച്ച് സുപ്രിംകോടതിയില്‍ വന്ന കേസില്‍ സര്‍ക്കാര്‍ നിലപാട്. മാധ്യമങ്ങളെ പിന്തുണയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അതായത്, ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായി നിന്ന മാധ്യമങ്ങള്‍ക്കൊപ്പം, എതിരാണെങ്കില്‍ നടപടിയെടുത്തേക്കാം. അമിതാധികാരം ഉപയോഗിക്കുന്നതു പോലെത്തന്നെ ദുരുപയോഗമാണ് ആവശ്യമായത് ചെയ്യാതിരിക്കലും. ബി.ജെ.പി സര്‍ക്കാര്‍ നാടുവാഴുമ്പോള്‍ അത്രയൊക്കെയേ പ്രതീക്ഷിച്ചുകൂടൂ. അതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ദോഷമാവും ചെയ്യുക. അതു മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കലായിരിക്കും. കുനിയാന്‍ മാത്രമല്ല, മുട്ടുകുത്താന്‍ തന്നെ ഭരണകൂടം പറഞ്ഞെന്നിരിക്കും.

അര്‍ണബ് ഗോസ്വാമിയും
സിദ്ദീഖ് കാപ്പനും


ഈ പശ്ചാത്തലത്തിലാണ് അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ അടങ്ങിയിട്ടുള്ള മാധ്യമസ്വാതന്ത്ര്യത്തിന്റെ വിഷയവും പരിശോധനാ വിധേയമാക്കേണ്ടത്. അര്‍ണബിനെ അറസ്റ്റ് ചെയ്തത് മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യത്തിന്റെ പേരിലല്ല. മഹാരാഷ്ട്ര പൊലിസാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണയാണ് കുറ്റം. 2020 നവംബര്‍ നാലിനു നടന്ന അറസ്റ്റിനു കാരണം അന്‍വെ നായിക് എന്ന ആര്‍ക്കിടെക്ടിന്റെ ആത്മഹത്യയാണ്. റിപ്പബ്ലിക് ചാനല്‍ തനിക്കു 83 ലക്ഷം രൂപ തരാനുള്ളത് തന്നില്ലെന്നു നായിക്കിന്റെ ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നു. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണ എന്ന കുറ്റമാരോപിച്ച് പൊലിസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിനു പിന്നിലുള്ളത് രാഷ്ട്രീയം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.
മഹാരാഷ്ട്ര സര്‍ക്കാര്‍ അതിരു കടന്നുവെന്ന കാര്യത്തിലും സംശയമില്ല. അതുകൊണ്ടുതന്നെ ഒരു മാധ്യമപ്രവര്‍ത്തകനെ വേട്ടയാടുകയാണ് സര്‍ക്കാര്‍ ചെയ്തത് എന്ന നിഗമനത്തില്‍ തെറ്റില്ല. അര്‍ണബിന്റെ അധമമായ മാധ്യമപ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടി അയാളെ പിടികൂടിയത് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണെന്ന് പറഞ്ഞുകൂടെ എന്നു വാദിക്കുന്നവരുണ്ട്. കൃത്യമായി പരിശോധിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകനെന്ന നിലയിലുള്ള പരിരക്ഷ അര്‍ണബിനു കിട്ടിയില്ലെന്നു പറയുന്നവര്‍ അതിന് ഉപോദ്ബലകമായി ചൂണ്ടിക്കാട്ടുന്ന കാരണം മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു എന്നതാണ്. അര്‍ണബിന്റെ മാധ്യമ അതിക്രമങ്ങള്‍ക്ക് പരിഹാരമല്ല പൊലിസ് അതിക്രമം എന്ന്. ഒരു കൊലയാളിയെ കൊന്നു കൊണ്ടല്ലല്ലോ സര്‍ക്കാര്‍ അതിന്റെ ശിക്ഷ നടപ്പിലാക്കേണ്ടത്. റിപ്പബ്ലിക് ടി.വി ചെയ്തുകൊണ്ടിരിക്കുന്ന തോന്നിവാസങ്ങള്‍ക്ക് അതിന്റെ ജീവാത്മാവും പരമാത്മാവുമായ അര്‍ണബ് ഗോസ്വാമിയെ മറ്റൊരു കേസില്‍ അകത്താക്കുന്നത് നീതീകരിച്ചുകൂടാ. അത് ഒരു മാധ്യമപ്രവര്‍ത്തകനോട് കാണിക്കുന്ന അനീതിയാണ്. ഇതാണ് വാദം. അതില്‍ ശരിയുമുണ്ട്.


ഈ വാദമാണ് ബി.ജെ.പിയും ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ദേശീയവാദി ബുദ്ധിജീവികളും ഉയര്‍ത്തിയത്. അര്‍ണബിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കൈയേറ്റമാണെന്നും രാഷ്ട്രത്തിന്റെ ശത്രുക്കളെ സഹായിക്കലാണെന്നും മറ്റും റിപ്പബ്ലിക് ടി.വിയും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അതെല്ലാം ഉയര്‍ത്തിയ വികാരതരംഗങ്ങള്‍ കൂടി കണക്കിലെടുത്തു കൊണ്ടായിരിക്കാം സുപ്രിംകോടതി അദ്ദേഹത്തിനു ജാമ്യം നല്‍കിയത്.


ജനാധിപത്യ വ്യവസ്ഥയെ താങ്ങിനിര്‍ത്തേണ്ട പ്രബലമായ മറ്റൊരു തൂണാണല്ലോ ജുഡിഷ്യറി. ജുഡിഷ്യറി അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വകവച്ചു കൊടുത്തുവെന്ന് നമുക്കു പറയാം. അതേസമയം, ജാമ്യം നല്‍കുന്നതില്‍ രാജ്യത്തെ പരമോന്നത നീതിപീഠം കാണിച്ച തിടുക്കം വിമര്‍ശിക്കപ്പെടുന്നുണ്ട്. അര്‍ണബ് ഒരിക്കലും പൊലിസ് കസ്റ്റഡിയിലായിരുന്നില്ല. ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ബോംബെ ഹൈക്കോടതിയില്‍ അദ്ദേഹം സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി നിയമപ്രകാരം നിലനില്‍ക്കുമായിരുന്നില്ല എന്നാണ് വാദം. അതുകൊണ്ടാണ് നവംബര്‍ ഒന്‍പതിനു ഹൈക്കോടതി റിട്ട് തള്ളിയത്. പക്ഷേ സുപ്രിംകോടതിയില്‍ അര്‍ണബ് അതോടൊപ്പം തന്നെ മറ്റൊരു റിട്ട് നല്‍കുകയും കേസ് നവംബര്‍ 11ന് അടിയന്തിര പ്രാധാന്യത്തോടെ തന്നെ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അന്നുതന്നെ അദ്ദേഹം വിമോചിതനായി. പൗരത്വനിഷേധ നിയമത്തിനെതിരായുള ഹരജി, കശ്മിരില്‍ 370ാം വകുപ്പ് എടുത്തു കളഞ്ഞതിനെതിരായ ഹരജി തുടങ്ങിയ മര്‍മപ്രധാനമായ കേസുകള്‍ വിചാരണയ്‌ക്കെടുക്കാത്ത സമയത്താണ് അര്‍ണബിനു പിടിച്ച പിടിയാലെ ജാമ്യം കിട്ടിയത്. മഹാരാഷ്ട്ര സര്‍ക്കാരിനെ പാഠം പഠിപ്പിച്ചു എന്നാണ് അര്‍ണബിന്റെയും ബി.ജെ.പിയുടെയും വീരവാദം.
അതേസമയം മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ ജയില്‍വാസത്തിന്റെ കാര്യമോ ? സിദ്ദീഖ് കാപ്പന്‍ എന്ന മലയാളി മാധ്യമപ്രവര്‍ത്തകനെ യു.പി സര്‍ക്കാര്‍ ഹത്രാസിലേക്കുള്ള വഴിയില്‍വച്ച് അറസ്റ്റ് ചെയ്തത് ഒക്ടോബറിലാണ്. അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയക്കണമെന്ന ഹരജിയില്‍ സുപ്രിംകോടതി യാതൊരു നടപടിയുമെടുത്തിട്ടില്ല. യു.പി സര്‍ക്കാരിന്റെ അഭിപ്രായ പ്രകടനത്തിനു വേണ്ടി തിരിച്ചയച്ചിരിക്കുകയാണ് പരമോന്നത കോടതി. ഇപ്പോഴത്തെ നിലയില്‍ കേസ് നീണ്ടുപോവുകയാണ്. അര്‍ണബിനു ലഭിച്ച നീതി സിദ്ദീഖ് കാപ്പനു ലഭിക്കുന്നില്ലെന്ന് വരുമ്പോള്‍ ജുഡിഷ്യറിയെന്ന തൂണിനു തുരുമ്പ് കയറി എന്നല്ലേ പറയേണ്ടത്.

മാധ്യമപ്രവര്‍ത്തനമോ
സ്പര്‍ധയുടെ വിതരണമോ?


അര്‍ണബ് വിതച്ചത് കൊയ്യുകയായിരുന്നുവെന്ന് കരുതുന്ന നിരവധി പേരുണ്ട്. ഇന്ത്യയിലെ തീവ്രഹിന്ദുത്വം സൃഷ്ടിച്ച വിദ്വേഷ കലുഷിത മാധ്യമപ്രവര്‍ത്തനത്തിന്റെ തുറന്ന മുഖമാണ് അദ്ദേഹം. അദ്ദേഹം നിലകൊണ്ടത് അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനു വേണ്ടിയാണ്. രാഷ്ട്രത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള ധര്‍മയുദ്ധമാണ് തന്റെ മാധ്യമപ്രവര്‍ത്തനം എന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്തുതരം മാധ്യമപ്രവര്‍ത്തനം? തന്റെ സഹപ്രവര്‍ത്തകരായ ജേര്‍ണലിസ്റ്റുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം മിണ്ടിയില്ല. പലരുടെയും മേല്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടപ്പോള്‍ മിണ്ടിയില്ല. ആക്രമിക്കപ്പെടുകയും ചെയ്തപ്പോഴും മിണ്ടിയില്ല. പക്ഷേ, ചരിത്രത്തിലെ ചില ഐറണികള്‍ കാരണം താന്‍ വിതച്ച കാറ്റ് കൊടുങ്കാറ്റായി തന്റെ നേരെ വന്നപ്പോള്‍ അര്‍ണബ് മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞ് വിലപിക്കുന്നു. അര്‍ണബിനു ജാമ്യം കിട്ടുകയാണ് നിയമം. ജയില്‍ അപവാദമാണ്. സിദ്ദീഖിന്റെ കാര്യത്തില്‍ അതു തിരിച്ചിടപ്പെടുമ്പോള്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തേണ്ട തൂണുകള്‍ തുരുമ്പിക്കുന്നു എന്ന് തന്നെയല്ലേ കരുതേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  7 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  28 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  32 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  37 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago