കൈയും കാലും കെട്ടി ഇംഗ്ലിഷ് ചാനല്‍ നീന്താനൊരുങ്ങി രതീഷ്
കരുനാഗപ്പള്ളി(കൊല്ലം): കൈയും കാലും കെട്ടി ഇംഗ്ലിഷ് ചാനല്‍ നീന്തുകയെന്ന ലക്ഷ്യത്തിനായുള്ള കഠിന ശ്രമത്തിനിടയില്‍ ചരിത്രം രചിക്കാനുള്ള രതീഷിന്റെ ഉദ്യമം പൂവണിഞ്ഞു. കൈകാലുകള്‍ ബന്ധിച്ച് പത്തുകിലോമീറ്റര്‍ ദൂരം നീന്തി ലോക റെക്കോര്‍ഡിനായുള്ള രതീഷിന്റെ പ്രകടനം വിജയിച്ചു. ഇന്നലെ രാവിലെ എട്ടിന് ആലപ്പാട് പണിക്കര്‍ കടവില്‍നിന്ന് അഴീക്കല്‍ പാലത്തിലേക്കുള്ള 10 കിലോമീറ്റര്‍ ദൂരമാണ് കൈകാലുകള്‍ ബന്ധിച്ച് ഡോള്‍ഫിന്‍ രതീഷ് എന്നറിയപ്പെടുന്ന രതീഷ് നീന്തിയത്.
തീരദേശ ഗ്രാമമായ ആലപ്പാട്ടെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച രതീഷ് ചെറിയ പ്രായത്തില്‍ തന്നെ നീന്തലില്‍ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. ആലപ്പാടിന്റെ പടിഞ്ഞാറ് അറബിക്കടലിലും കിഴക്ക് വശത്തെ ടി.എസ് കനാലിലുമാണ് നീന്തല്‍ പഠിച്ചത്. അറബിക്കടലില്‍ കൈയും കാലും കെട്ടി നീന്തി 2008ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയിരുന്നു. തുടര്‍ന്ന് രണ്ടാം വര്‍ഷം തന്റെ തന്നെ റെക്കോര്‍ഡ് മെച്ചപ്പെടുത്തുകയും ചെയ്തു.
പത്തുവര്‍ഷമായി കൊല്ലം ബീച്ചില്‍ ലൈഫ് ഗാര്‍ഡായി ജോലി ചെയ്തു വരികയാണ്. 2012ല്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബെസ്റ്റ് ലൈഫ് ഗാര്‍ഡ് അവാര്‍ഡ് ലഭിച്ചിരുന്നു. ദിവസേന 20 മുതല്‍ 30 കിലോമീറ്റര്‍ വരെയുള്ള നീന്തലും നിരന്തര പരിശീലനവും നടത്തുന്നുണ്ട്. 2002ല്‍ കൈകാലുകള്‍ ബന്ധിച്ച് 50 അടി ഉയരമുള്ള നീണ്ടകര പാലത്തില്‍നിന്ന് അഷ്ടമുടി അഴിമുഖത്തേക്ക് ചാടി 500 മീറ്റര്‍ ദൂരം നീന്തി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2003ല്‍ ശരീരം മുഴുവന്‍ പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മൂടി കെട്ടി വരിഞ്ഞ് അഷ്ടമുടിക്കായലില്‍ ഒരു കിലോമീറ്റര്‍ നീന്തിയിരുന്നു. 2004ല്‍ തെക്കുംഭാഗം പള്ളിക്കോടി മുതല്‍ നീണ്ടകര പാലം വരെ കൈയും കാലും ബന്ധിച്ച് ഒരു കിലോമീറ്റര്‍ നീന്തിയും ശ്രദ്ധ നേടി.
2004ലെ സുനാമി ദുരന്തത്തില്‍ മരിച്ചവരോടുള്ള ശ്രദ്ധാഞ്ജലിയായി 2005ല്‍ അഴീക്കല്‍ സുനാമി സ്മൃതി മണ്ഡപത്തില്‍നിന്ന് അഴീക്കല്‍ ബീച്ച് വരെ കടലില്‍ കൈയും കാലും ബന്ധിച്ച് നീന്തിയിരുന്നു. 2006 ഏപ്രില്‍ 30ന് ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍നിന്ന് അമ്പലക്കടവ് വരെ രണ്ടുകിലോമീറ്റര്‍ കൈയും കാലും ബന്ധിച്ച് നീന്തിയതും 2007ല്‍ കൈകാലുകള്‍ കെട്ടി എറണാകുളം പള്ളുരുത്തി റെയില്‍വേ ബ്രിഡ്ജില്‍നിന്ന് ചാടി കിലോമീറ്ററുകള്‍ നീന്തിയതും ശ്രദ്ധ നേടി. 2009ല്‍ കൈകാലുകള്‍ ബന്ധിച്ച് തങ്കശ്ശേരി കടലിടുക്കില്‍നിന്ന് കൊല്ലം ബീച്ചുവരെ നീന്തി 2010ലെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ രണ്ടാം തവണയും സ്ഥാനം നേടിയിരുന്നു. മൂന്നു വട്ടം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയ ഏക കേരളീയനാണ് ഡോള്‍ഫിന്‍ രതീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."