നരേന്ദ്രമോദി ജപ്പാന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ടോക്കിയോ: രണ്ട് ദിവസത്തെ ജി20 ഉച്ചകോടിക്കായി ജപ്പാനിലെത്തിയ നരേന്ദ്രമോദി പ്രധാനമന്ത്രി ഷിന്‍സെ ആബെയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ എത്തിയ മോദി ആബെയുമായുമായുള്ള കൂടിക്കാഴ്ചയില്‍ ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള പത്തോളം ലോക നേതാക്കളുമായി മോദി ചര്‍ച്ച നടത്തും.
ജപ്പാന് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച ക്രിയാത്മകവും വിശദവുമായിരുന്നെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. ആഗോള സാമ്പത്തികശക്തിയാവുന്നത് കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ പ്രധാനമന്ത്രി ജപ്പാനിലെ ഇന്ത്യന്‍ പൗരന്മാരുയി സംവാദം നടത്തി. അടുത്ത അഞ്ച് വര്‍ഷത്തിനിടെ 50,000 സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുകയെന്നുള്ളതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം സംവാദത്തില്‍ പറഞ്ഞു.
ഇന്നും നാളെയുമായി നടക്കുന്ന ജി20 ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂനിയനും 19 രാജ്യങ്ങളുടെ പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. ഉച്ചകോടിയെ ലോകം വളരെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ഇറാന്-യു.എസ് സംഘര്‍ഷം, ഹോങ്കോങ് പ്രക്ഷോഭം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ കാര്യങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായേക്കും.
കൂടാതെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മില്‍ വ്യാപാര തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ട്രംപുമായി പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന് ചര്‍ച്ച നടത്തുമെന്ന് റഷ്യ അറിയിച്ചിരുന്നു. ഇറാന്, സിറിയ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."