മലബാറില്‍ കരള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു
കോഴിക്കോട്: മലബാറില്‍ കരള്‍ രോഗങ്ങള്‍ ഏറിവരുന്നതായി വിദഗ്ധര്‍. കരളുമായി ബന്ധപ്പെട്ട പ്രധാന രോഗമായ ഫാറ്റി ലിവര്‍ രോഗികളുടെ എണ്ണം ഭയാനകമാംവിധം വര്‍ധിക്കുകയാണ്. രക്തത്തിലെ കൊഴുപ്പിനെ ആഗിരണം ചെയ്യാനുള്ള കരളിന്റെ ശേഷി കുറയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. നേരത്തെ മദ്യപാനികളിലാണ് കരള്‍രോഗം ഏറെ കണ്ടു വന്നിരുന്നതെങ്കില്‍ ഇന്ന് സാധാരണക്കാരിലും രോഗം വ്യാപിക്കുന്നതായാണ് കണ്ടെത്തല്‍. ഇന്ന് ജീവിതശൈലികൊണ്ടാണ് ഭൂരിഭാഗം പേരും കരള്‍രോഗികളായി മാറുന്നത്.
ജങ്ക് ഫുഡില്‍ അടിഞ്ഞു കൂടിയിരിക്കുന്ന പൂരിത കൊഴുപ്പ് കരളില്‍ അടിഞ്ഞു കൂടാനും തന്മൂലം ഫാറ്റി ലിവര്‍ വരാനും കാരണമാവുകയാണ്. പരമ്പരാഗതമായ രീതിയില്‍ നിന്നു വ്യത്യസ്തമായി തെറ്റായ ഭക്ഷണശീലങ്ങള്‍, അശ്രദ്ധമായ ജീവിത ശൈലി, ജനിതക കാരണങ്ങള്‍ എന്നിവ മൂലവും കരള്‍ രോഗങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നു.
അന്നജം കൂടുതലടങ്ങിയ അരി ആഹാരം കഴിക്കുന്നവരാണ് മലബാറില്‍ കൂടുതല്‍ പേരും. നേരത്തെ കാര്‍ഷിക സംസ്‌കൃതിയിലൂന്നിയ ജീവിതമായതിനാല്‍ നന്നായി ആഹാരം കഴിച്ച് നന്നായി അധ്വാനിക്കുന്ന ശീലം മലയാളികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആഹാരംകഴിക്കുന്നതിന്റെ അളവില്‍ ഒരു കുറവുമില്ലാതിരിക്കുകയും അധ്വാനം വളരേ ചുരുക്കമാവുകയും ചെയ്യുന്നു. ഇത് കരള്‍ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൂടാനിടയാക്കുന്നതായി പ്രമുഖ കരള്‍ രോഗ വിദഗ്ധനായ ഡോ.ഹരികുമാര്‍ ആര്‍. നായര്‍ പറയുന്നു.
നേരത്തെ അമ്പതു വയസിനു മുകളിലുള്ളവരിലാണ് കരള്‍ രോഗങ്ങള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ മുപ്പത് വയസിനുമുകളിലുള്ളവരിലേക്ക് രോഗം വ്യാപകമായി കണ്ടുവരികയാണ്. ചെറുപ്പത്തിലേയുള്ള മദ്യപാനശീലം കരള്‍ രോഗങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. മദ്യപാനം നേരത്തെ സമൂഹം ഒരു അധാര്‍മിക പ്രവൃത്തിയായി കണ്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് സാര്‍വത്രികമായ ജീവിതശൈലിയായിരിക്കയാണ്.
ഏകദേശം ഒന്നര കിലോഗ്രാം മാത്രം ഭാരം വരുന്ന അവയവമായ കരളിന് നിരവധി ജോലികളാണുള്ളത്. ആഹാരത്തിലൂടെ അകത്തു കടക്കുന്ന വിഷം കലര്‍ന്ന പദാര്‍ഥങ്ങളെ നിരുപദ്രവകാരികളാക്കി മാറ്റുന്നത് കരളാണ്. പലപ്പോഴും കരള്‍ രോഗം തിരിച്ചറിയാന്‍ വൈകാറുണ്ട്. എന്നാല്‍ ശരീരം നല്‍കുന്ന ചില മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചാല്‍ പലപ്പോഴും രോഗം വേഗം തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തികച്ചും നിശ്ചലമായി പ്രവര്‍ത്തിക്കുന്ന അവയവമായ കരളിലൂടെ മിനിട്ടില്‍ ഒന്നേകാല്‍ ലിറ്റര്‍ രക്തം പ്രവഹിക്കുന്നുണ്ട്. ജീവന് ആവശ്യംവേണ്ട അഞ്ഞൂറിലധികം അതിസങ്കീര്‍ണ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കരള്‍ നടത്തുന്നു.
രക്തം ശുദ്ധീകരിക്കല്‍, അരിക്കല്‍, വിഷ പദാര്‍ഥങ്ങളുടെ വേര്‍തിരിക്കലും പുറന്തള്ളലും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കരളിന്റെ പ്രധാന ജോലിയാണ്. കരളിന്റെ 75 ശതമാനം നീക്കം ചെയ്യപ്പെട്ടാലും അത് വളര്‍ന്ന് പൂര്‍വസ്ഥിതി പ്രാപിക്കാനുള്ള അത്ഭുത സിദ്ധിയുണ്ട്. ആരോഗ്യ രംഗത്ത് ഏറെ മുന്നിലാണെന്ന് അഭിമാനിക്കുന്ന നമ്മുടെ നാട്ടിലെ യുവജനങ്ങള്‍ മുപ്പതു വയസ് കഴിയുമ്പോള്‍ തന്നെ കരള്‍ രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന അവസ്ഥയാണെന്നും ഇതിനായി ശക്തമായ ബോധവത്കരണങ്ങള്‍ ആവശ്യമാണെന്നും ചെന്നൈ ഗ്ലെനീഗല്‍സ് ഗ്ലോബല്‍ ഹെല്‍ത്ത്‌സിറ്റി ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യനും ഹെപ്പറ്റോളജിസ്റ്റുമായ ഡോ .ഹരികുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."