ലൈഫ് മിഷന്‍; ജില്ലാ പഞ്ചായത്ത് വിഹിതം കൈമാറി
മലപ്പുറം: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിര്‍മാണത്തിനായി ജില്ലാ പഞ്ചായത്ത് വിഹിതം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്ത് വിഹിതം പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ വിതരണം ചെയ്തു.
അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക പഞ്ചായത്ത് സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ ശുപാര്‍ശ ചെയ്ത് ലൈഫ് മിഷന്‍ പരിശോധിച്ച് ജില്ലാ പഞ്ചായത്ത് അംഗീകരിച്ച് നിര്‍വഹണ ഉദ്യോഗസ്ഥനായി പ്രൊജക്റ്റ് ഡയറക്ടറെ അധികാരപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിഹിതം കൈമാറിയത്. പൊതു വിഭാഗത്തില്‍ 10,43,57,200 രൂപയും എസ്.സി വിഭാഗത്തില്‍ 3,10,20,640 രൂപയും എസ്.ടി വിഭാഗത്തില്‍ 23,23,160 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
2018 ജുലൈ മാസം അവസാനം വരെ പൊതു വിഭാഗത്തില്‍ 5572 പേര്‍, എസ്.സി വിഭാഗത്തില്‍ 483 പേര്‍, എസ്.ടി വിഭാഗത്തില്‍ 44 പേര്‍ എന്നിങ്ങനെ ആകെ 6,095 പേരെയാണ് അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് വിഹിതം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ച പൊതുവിഭാഗത്തില്‍ 40 പഞ്ചായത്തുകള്‍ക്ക് 5,88,32,260 രൂപയും എസ്.സി വിഭാഗത്തില്‍ 28 പഞ്ചായത്തുകള്‍ക്ക് 2,21,17,039 രൂപയും എസ്.ടി വിഭാഗത്തില്‍ ഒന്‍പത് പഞ്ചായത്തുകള്‍ക്ക് 21,61,079 രൂപയുമടക്കം ആകെ 8,31,10,378 രൂപ അക്കൗണ്ടുകളിലേക്ക് തുക കൈമാറുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ തുക ലഭ്യമായിട്ടുള്ളത് പുലാമന്തോള്‍ പഞ്ചായത്തിനാണ് 65,51,230 രൂപ. വഴിക്കടവ് പഞ്ചായത്ത്(57,28,702), പാണ്ടിക്കാട്(52,92,319) എന്ന ക്രമത്തിലാണ്. ജില്ലാ പഞ്ചായത്ത് വിഹിതം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ മറ്റു പഞ്ചായത്തുകള്‍ക്ക് ഈ മാസം തന്നെ തുക കൈമാറും. 32 പഞ്ചായത്തുകള്‍ ഇനിയും അപേക്ഷ നല്‍കിയിട്ടില്ല.
30നുള്ളില്‍ അപേക്ഷിക്കുന്നവര്‍ക്ക് തുക കൈമാറുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ലൈഫ് പദ്ധതിയുടെ പുറമെ പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്‍പത് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി
4.57 കോടി രൂപയും കൈമാറി. യോഗത്തില്‍ വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, അംഗങ്ങളായ സലീം കുരുവമ്പലം, അഡ്വ. ടി.കെ റഷീദലി, എ.പി.ഒമാരായ ദേവകി, നിബു, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതിമേനോന്‍, ഫൈനാന്‍സ് ഓഫിസര്‍ എ.സി ഉബൈദുല്ല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."