റിമാന്‍ഡ് തടവുകാരന്റെ മരണം; ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു
തൊടുപുഴ: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം വാഗമണ്‍ കോലാഹലമേട്ടിലെ പ്രതിയുടെ വീട്ടിലെത്തി തെളിവെടുത്തു. തുടര്‍ന്ന് പീരുമേട് സബ് ജയിലിലും നെടുങ്കണ്ടം പൊലിസ് സ്റ്റേഷനിലുമെത്തി വിശദമായ വിവരങ്ങള്‍ ശേഖരിച്ചു.
കൊച്ചി റെയ്ഞ്ച് ഐ.ജി ഗോപേഷ് കുമാര്‍ അഗര്‍വാള്‍, ക്രൈംബ്രാഞ്ച് കോട്ടയം എസ്.പി കെ.എം സാബു മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകള്‍ ശേഖരിച്ചത്. വീട്ടിലെത്തി രാജ്കുമാറിന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റി അന്വേഷിച്ചു. രാജ്കുമാറിനെ ഏതെല്ലാം ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു, ആരെല്ലാം മര്‍ദനത്തിന് നേതൃത്വം കൊടുത്തു തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചുവരികയാണെന്നും കേസില്‍ ഇന്നുമുതല്‍ ശാസ്ത്രീയ പരിശോധന ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, നെടുങ്കണ്ടം സ്റ്റേഷനിലെത്തിയ എ.ഡി.ജി.പി ഗോപേഷ് അഗര്‍വാള്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. റിപ്പോര്‍ട്ട് സംസ്ഥാന ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറി. രാജ്കുമാറിന്റെ മരണവും ഹരിത ഫിനാന്‍സിന്റെ മൂന്ന് കോടിയിലധികം വരുന്ന വായ്പ തട്ടിപ്പുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
കേസന്വേഷണത്തിന് കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഏഴംഗ സംഘത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫ് ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. ഡിവൈ.എസ്.പി കെ.എസ് സാബു, ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ സജു വര്‍ഗീസ്, എസ്. ജയകുമാര്‍, എ.എസ്.ഐമാരായ പി.കെ അനിരുദ്ധന്‍, വി.കെ അശോകന്‍ എന്നിവരും സംഘത്തിലുണ്ട്.
ക്രൈംബ്രാഞ്ച് കൊച്ചി റെയ്ഞ്ച് ഐ.ജിയുടെ നിയന്ത്രണത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."