അത്താണി- മാഞ്ഞാലി റോഡിലെ പുത്തന്‍തോട് വളവില്‍ വീണ്ടും അപകടം
നെടുമ്പാശ്ശേരി: അത്താണി- മാഞ്ഞാലി റോഡിലെ പുത്തന്‍തോട് വളവില്‍ വീണ്ടും അപകടം. അത്താണിയില്‍ നിന്നും ചെങ്ങമനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് വെള്ളിയാഴ്ച്ച രാത്രി ഇവിടെ അപകടത്തില്‍പ്പെട്ട് മറിഞ്ഞത്.എതിര്‍ദിശയില്‍ നിന്ന് അമിത വേഗതയിലെത്തിയ വാഹനത്തിന്റെ ഹെഡ് ലൈറ്റ് മുഖത്തടിച്ചതോടെയാണ് പെട്ടെന്ന് വളവ് തിരിയുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചത്. അപകട സമയത്ത് റോഡില്‍ മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
ഈ ഭാഗത്ത് അപകടം നിത്യസംഭവമായതോടെ നാട്ടുകാര്‍ ജനകീയ സമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഒരാഴ്ച മുമ്പ് ചാലാക്കല്‍ മെഡിക്കല്‍ കോളജില്‍ നിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സ് ഇവിടെ സ്വകാര്യ ബസിടിച്ച് മരണപ്പെട്ടിരുന്നു. ഇടുങ്ങിയ റോഡിന്റെ വശങ്ങളില്‍ സ്വകാര്യവ്യക്തികളുടെ മതില്‍ റോഡിലേക്ക് ഉന്തി നില്‍ക്കുന്നതും ഈ ഭാഗത്തെ കുത്തനെയുള്ള വളവുമാണ് അപകടത്തിന് വഴിയൊരുക്കുന്നത്.
അപകടങ്ങള്‍ പതിവായതോടെ വളവ് നിവര്‍ത്തി റോഡ് വീതികൂട്ടി വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായതോടെ പുറമ്പോക്ക് കണ്ടത്തെുന്നതിന് എം.എല്‍.എയുടെയും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്തെങ്കിലും നാളിതുവരെ നടപടിയുണ്ടാകാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പുറമ്പോക്ക് കണ്ടത്താന്‍ സാധിക്കാത്തതെന്നാണ് ആരോപണം. അത്താണി- ചെങ്ങമനാട് റോഡില്‍ പുത്തന്‍തോട് ഭാഗത്തെ രണ്ട് വളവുകളിലും ഇറിഗേഷന്‍ പമ്പ് ഹൗസിന് സമീപത്തെ കലുങ്കുകളിലുമാണ് കുടുതലായും അപകടങ്ങളുണ്ടാകുന്നത്. എയര്‍പോര്‍ട്ടില്‍ വന്ന് പോകുന്ന നിരവധി വാഹനങ്ങലടക്കം ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
ഇത്ര തിരക്കേറിയ റോഡായിരുന്നിട്ടും ഒരേ സമയം രണ്ട് വലിയ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്.പമ്പ്ഹൗസിന് സമീപത്തെ കലുങ്ക് വാഹനങ്ങളിടിച്ച് തകരുന്നത് നിത്യസംഭവമായതോടെ ഇതുവഴി കടന്നുവരുന്ന വാഹനങ്ങള്‍ കുഴിയിലേക്ക് പോകാതിരിക്കാന്‍ 'ടാര്‍ വീപ്പ' സ്ഥാപിച്ച് നാട്ടുകാര്‍ അപകട മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പുത്തന്‍തോട് വളവിലെ ഇറിഗേഷന്‍ കനാലിന് മുകളില്‍ സ്‌ലാബുകള്‍ സ്ഥാപിക്കാത്തതും അപകട ഭീഷണി ഉയര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."